ഇന്റർനെറ്റ് ഇല്ലെങ്കിലും ഭയക്കേണ്ട; പ്രളയബാധിതരെ കണ്ടെത്താമെന്ന് ഗൂഗിൾ

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ഗൂഗിൾ മാപ്പിലെ പുതിയ ടെക്നോളജി ഉപയോഗപ്പെടുത്താമെന്ന് ഗൂഗിൾ അറിയിച്ചു. സ്മാർട് ഫോൺ ഓഫ്‌ലൈൻ ആണെങ്കിലും മാപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ ലൊക്കേഷനിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന കോഡ് നമ്പറുകൾ എസ്എംഎസ് അല്ലെങ്കിൽ വോയ്സ് മെസേജായി സുരക്ഷാ വിഭാഗത്തിനു കൈമാറാണ് ഗൂഗിൾ ആവശ്യപ്പെടുന്നത്.

ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട് ഫോണുകൾ, ടാബുകൾ എന്നിവ വഴി ലൊക്കേഷൻ രേഖപ്പെടുത്തി എസ്എംഎസ് ആയി ബന്ധപ്പെട്ടവരെ അറിയിക്കാം. ആറു മുതൽ ഏഴു അക്ഷരങ്ങളും അക്കങ്ങളും ചേർന്നതായിരിക്കും ഗൂഗിൾ മാപ്പ് ലൊക്കേഷൻ കോഡ്.

പ്രളയത്തിൽ കുടുങ്ങി ഒറ്റപ്പെട്ട് കിടക്കുന്നവർ ഗൂഗിള്‍ മാപ്പ് വഴി സ്ഥലം കൃത്യമായി കാണിച്ചാൽ രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയും. മിക്കയിടത്തും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനാൽ തന്നെ എത്രയും പെട്ടെന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് ദുരന്ത നിവാരണ സംഘത്തെ അറിയിക്കുക.

മൊബൈലിൽ 'ലൊക്കേഷൻ' ഓൺ ചെയ്തശേഷം ഗൂഗിൾ മാപ്പ് തുറന്ന് നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ആ മാപ്പിൽ തന്നെ വിരൽ വച്ചാൽ ഒരു ചുവപ്പ് ഫ്ലാഗ് വരും, കൂടെ മുകളിൽ കുറച്ച് അക്കങ്ങളും. അതാണ്‌ നിങ്ങൾ ഉള്ള സ്ഥലത്തിന്റെ യഥാർഥ അടയാളം ( coordinates ). ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുക. പ്രളയത്തിൽ അഡ്രസിനേക്കാളും ഇതാവും ഉപയോഗപ്രദം. ട്രാക്ക് ചെയ്തു കിട്ടുന്ന അക്കങ്ങൾ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവർക്ക് മെസേജ് അയക്കുക (ഉദാഹരണത്തിന്: 9.330692, 76.610598 )