Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവകാരുണ്യത്തിന് കോടികൾ നൽകി; നിക്ഷേപം വര്‍ധിച്ചത് 1,20,00,000 %

jackie-mike-bezos

മക്കളുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാതാപിതാക്കള്‍ ഏതൊരാളുടേയും സ്വപ്‌നമാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയായിരിക്കും പലപ്പോഴും മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി പലതും ചെയ്യുക. എന്നാല്‍ തന്റെ സ്വപ്‌നത്തിന് പണം നല്‍കിയ മാതാപിതാക്കള്‍ക്ക് ഊഹങ്ങള്‍ക്കപ്പുറം പണം തിരിച്ചു നല്‍കിയ കഥയാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റേത്. ജെഫ് ബെസോസിന്റെ മാതാപിതാക്കളായ ജാക്കി- മൈക്ക് ബെസോസ് ജീവകാരുണ്യത്തിനും വൻ സംഭാവന നൽകുന്നവർ കൂടിയാണ്.

1995ലാണ് ജെഫ് ബെസോസിന്റെ ഇകൊമേഴ്‌സ് സ്വപ്‌ന സ്ഥാപനമായ ആമസോണിലേക്ക് ജാക്കി- മൈക്ക് ബെസോസ് ദമ്പതികള്‍ പണം നിക്ഷേപിച്ചത്. അവരുടെ സമ്പാദ്യത്തില്‍ നിന്നും 2,45,573 ഡോളറായിരുന്നു ആമസോണ്‍ സ്റ്റാര്‍ട്ടപ്പിനായി മുടക്കിയത്. തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ച ഈ മൂലധനം ആമസോണിന്റെ വളര്‍ച്ചയില്‍ അതിനിര്‍ണായകമാവുകയും ചെയ്തു.

ഏതെങ്കിലും കമ്പനിയില്‍ ആരെങ്കിലും നടത്തിയ ഏറ്റവും ലാഭകരമായ നിക്ഷേപമായി അത് മാറി. 1999ല്‍ മാത്രമായിരുന്നു ആമസോണ്‍ സ്ഥാപകന്‍ മാതാപിതാക്കളുടെ കമ്പനിയിലെ നിക്ഷേപവിവരം പരസ്യമാക്കിയത്. ജെഫ് ബെസോസിന്റെ മാതാപിതാക്കള്‍ അവരുടെ നിക്ഷേപം ഇളക്കം തട്ടാതെ വെച്ചിരുന്നെങ്കില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം അത് 3000 കോടി അമേരിക്കന്‍ ഡോളറായി ഉയരുമായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലനേക്കാള്‍ സമ്പന്നരായി ഇവര്‍ മാറിയേനേ.

എന്നാല്‍ ബെസോസ് ദമ്പതികള്‍ തങ്ങളുടെ ആമസോണിലെ ഓഹരിയുടെ നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു. എന്നിട്ട് പോലും അവരുടെ നിക്ഷേപം വര്‍ധിച്ചത് 1,20,00,000 ശതമാനമായിരുന്നു. ആപ്പിളിന് പിന്നില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായ ആമസോണിന്റെ ഏറ്റവും വലിയ ഓഹരിപങ്കാളികളാണ് ഇപ്പോഴും ജെഫ് ബെസോസിന്റെ മാതാപിതാക്കൾ‍.