തുച്ഛ വിലയ്ക്ക് ഇന്റർനെറ്റ്; എയർടെല്ലിനെ കീഴടക്കി ജിയോ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ദിവസവും പുതിയ നേട്ടങ്ങളുമായി കുതിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇന്റർനെറ്റ് സർവീസ് കമ്പനികളുടെ പട്ടികയിൽ ജിയോ ഒന്നാമതെത്തി. എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികളെ പിന്നിലാക്കിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്.

ട്രായിയുടെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 49.4 കോടിയാണ്. ഇതിൽ ജിയോയുടെ പങ്കാളിത്തം 37.7 ശതമാനമാണ്. 2016 സെപ്റ്റംബറിൽ തുടങ്ങിയ ജിയോയ്ക്ക് ഇപ്പോൾ 20 കോടിയോളം വരിക്കാരുണ്ട്.

എയർടെല്ലിന്റെ ഇന്റർനെറ്റ് വരിക്കാരുടെ പങ്കാളിത്തം 23.5 ശതമാനമാണ്. എയർടെല്ലിന്റെ ഇന്റർനെറ്റ് വരിക്കാർ 11.6 കോടിയാണ്. എന്നാൽ വോഡഫോണും ഐഡിയയും ഒന്നിക്കുന്നതോടെ പങ്കാളിത്ത ശതമാന പട്ടികയിൽ അവർ കൂടുതൽ മുകളിലേക്കെത്തും. വോഡഫോണിന്റെ പങ്കാളിത്തം 15.4 ശതമാനവും ഐഡിയയുടെത് 9.5 ശതമാനവുമാണ്. ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് വരിക്കാർ 31.4 ദശലക്ഷമാണ്.

ഏറ്റവും കുറഞ്ഞ നിരക്കും ശരാശരി വേഗമുള്ള 4ജി നെറ്റ്‍വര്‍ക്കുമാണ് ജിയോയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ജിയോഫോണിൽ പോലും ഇന്റർനെറ്റ് ലഭ്യമാക്കിയതാണ് ജിയോയുടെ നേട്ടം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് 4ജി ഹാൻഡ്സെറ്റുകളോടൊപ്പമാണ് ജിയോ സിമ്മുകളും നൽകുന്നത്. അതേസമയം, മിക്ക ഫോണുകളിലും രണ്ടാം സിമ്മായി ഉപയോഗിക്കുന്നത് ജിയോ ആണ്.