ക്രോമില്‍ വൻ സുരക്ഷാ വീഴ്ച; പാസ്‌വേർഡ്, വെബ് ക്യാമറ ചോർത്താം

ഹാക്കര്‍മാര്‍ക്ക് ലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന ഗൂഗിള്‍ ക്രോമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി. ലോകമാകെ മൂന്ന് കോടിയിലേറെ പേരാണ് ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് ബ്രൗസറില്‍ സേവ് ചെയ്ത പാസ്‌വേഡുകള്‍ മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചിരുന്നു. എല്ലാം സുരക്ഷിതമായിരിക്കുന്നുവെന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്. എന്നാല്‍ സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. 

വൈഫൈ ഇന്റര്‍നെറ്റ് കണക്‌ഷനില്‍ അഡ്മിനായി കയറുന്നവര്‍ ക്രോമില്‍ സേവ് ചെയ്യുന്ന പാസ്‌വേഡുകളാണ് സുരക്ഷിതമല്ലാത്തത്. ബ്രൗസറില്‍ ഇത്തരത്തില്‍ പാസ്‌വേഡുകള്‍ സേവ് ചെയ്യുമ്പോള്‍ ഒരു യുആര്‍എല്‍ നിര്‍മിക്കപ്പെടാറുണ്ട്. ഈ യുആര്‍എല്ലാണ് ഹാക്കര്‍മാര്‍ക്കുള്ള വഴിയായി പിന്നീട് മാറുന്നത്. ഇതുവഴി പാസ്‌വേഡ് അടിച്ചുമാറ്റാന്‍ മാത്രമല്ല മാൽവെയറുകൾ നിക്ഷേപിക്കാനും സാധിക്കുമെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

ഇത്തരം ആക്രമണത്തിന്റെ സമയത്ത് ഒരു പോപ് അപ്പ് വിന്‍ഡോ ഉയര്‍ന്നുവരിക മാത്രമാണ് ചെയ്യുക. ഇതാകട്ടെ വൈഫൈ കണക്‌ഷന്റെ സ്വാഭാവിക വിന്‍ഡോ പോലായതിനാല്‍ ആരും ശ്രദ്ധിക്കുക പോലുമില്ല. ഇതുവഴി കടക്കുന്ന ഹാക്കര്‍ക്ക് വൈഫൈ നെറ്റ്‌വര്‍ക്കില്‍ നുഴഞ്ഞു കയറാനും ഷെയര്‍ ചെയ്യുന്ന ഫയലുകള്‍ കാണാനുമാകും. അതിനൊപ്പം പ്രാദേശിക നെറ്റ്‌വര്‍ക്കിന്റെയോ ഇന്റര്‍നെറ്റിന്റേയോ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറാനും ഹാക്കര്‍ക്കാകും. ഈ കണക്‌ഷനില്‍ ആരൊക്കെ എന്തെല്ലാം വെബ്‌സൈറ്റുകള്‍ നോക്കുന്നുണ്ടെന്ന് മനസിലാക്കാനും വെബ് കാം തുറക്കാനും ഇതുവഴി ഹാക്കര്‍ക്ക് സാധിക്കും. 

സുരക്ഷാ വീഴ്ച കണ്ടെത്തിയ റൗട്ടറിന്റെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് കണക്‌ഷനുകള്‍ ലോകത്തുണ്ട്. എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ ക്രോമില്‍ സൂക്ഷിച്ചിട്ടുള്ള പാസ്‌വേഡുകള്‍ മായ്ച്ചുകളഞ്ഞ് ഓട്ടോമാറ്റിക് റീ കണക്‌ഷന്‍ ഓഫാക്കുകയെന്നതാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.