പുതിയ ഐഫോണിൽ ഇ–സിം: സർവീസുമായി ജിയോയും എയർടെലും

ഫോണുകൾ അടിമുടി സ്മാർട് ആയിട്ടും സ്മാർട്ടാവാതെ പിടിച്ചുനിന്ന സിം കാർഡുകളും മാറ്റത്തിനു വിധേയമായി. മൈ‌ക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സിം കാർഡിന്റെ ശ്രമങ്ങൾക്ക് ഇ–സിം വന്നതോടെ അന്ത്യമായി. ആപ്പിളിന്റെ പുതിയ മോഡൽ ഐഫോണിലും വാച്ചുകളിലും ഇ–സിം ഉപയോഗിക്കാൻ സാധിക്കും. ഇന്ത്യയിൽ ഇ–സർവീസ് നൽകുന്നത് റിലയൻസ് ജിയോയും ഭാർതി എയർടെലുമാണ്. മറ്റു ടെലികോം സേവനദാതാക്കളും ഇ–സിം സര്‍വീസ് വൈകാതെ തുടങ്ങുമെന്നാണ് അറിയുന്നത്.

സിം കാർഡ് എന്ന സങ്കൽപത്തെ തുടച്ചുനീക്കുന്നതാണ് പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം. ഒാരോ കണക്‌ഷനും പുതിയ സിം കാർഡ് എന്ന സംവിധാനം അവസാനിപ്പിച്ച് ഒാരോ ഫോണിനും ഒരു സിം കാർഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിം വന്നതോടെ പ്രധാനമായും സംഭവിച്ചത്. ഫോണിൽ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്‌ഷൻ എടുക്കുമ്പോൾ ആ കണക്‌ഷന്റെ െഎഡിഇ-സിമ്മിൽ നൽകിക്കൊണ്ട് ഉപയോഗിക്കാം. ഫോണിനുള്ളിലെ ഒരു ചെറിയ ചിപ്പ് ആണ് ഇ–സിം. ഫോണിനുള്ളിലെ എൻഎഫ്സി ചിപ്പിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. ഇ-സിം വ്യാപകമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന കമ്പനികളാണ് ആപ്പിളും സാംസങ്ങും.

മൊബൈൽ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിം കാർഡുകൾ നിലവിൽ വന്നത് 28 വർഷം മുൻപാണ്. 1991ലാണ് ജർമൻ സ്മാർട് കാർഡ് നിർമാതാക്കളായ ജീസെക്ക് ആൻഡ് ഡെറിയെന്റ് ഫിന്നിഷ് സേവനദാതാക്കളായ റേഡിയോലിഞ്ഞയ്ക്കു വേണ്ടി ആദ്യത്തെ 300സിം കാർഡുകൾ അവതരിപ്പിച്ചത്. മൊബൈൽ ഫോൺ രംഗത്ത് ഒട്ടേറെ വിപ്ലവങ്ങൾ വന്നെങ്കിലും സിം കാർഡിൽ ഈ കാലത്തിനുള്ളിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ഇ-സിം വന്നതോടെ സിംകാ‍ർഡ് എന്ന സങ്കൽപം തന്നെ മാറിമറിഞ്ഞു. ഇ–സിം വന്നതോടെ ഫോണിന്റെ സർക്യൂട്ട് ബോർഡിൽതന്നെ സിം കാർഡ് സ്ഥാനവും പിടിച്ചു.

ഐഫോണിലുള്ള സിം കാർഡ് ഉപയോഗിച്ച് ഇ-സിമ്മായി പ്രവർത്തിക്കുന്ന ഐവാച്ച് വഴി കോൾ ചെയ്യാനും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുവാനും സ്വീകരിക്കാനും കഴിയും. ഐഫോൺ തൊട്ടടുത്ത് ഉണ്ടാകണമെന്ന ബുദ്ധിമുട്ടും സീരിസ്-4 മോഡലിന് ഇല്ലെന്നതാണ് പ്രത്യേകത. സെല്ല്യുലാർ വാച്ച് ഉപയോഗിക്കുന്നവർക്ക് തടസ്സമില്ലാതെ ആന്റിന, എൽടിഇ കണക്ടിവിറ്റി വഴി സേവനം ലഭിക്കുന്നതിനായി തികച്ചും സൗജന്യമായി ജിയോ എവെരിവെയർ കണക്ട് സംവിധാനവും ജിയോ ഒരുക്കിയിട്ടുണ്ട്.

ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് അധിക ചാർജ് നൽകാതെ തന്നെ നിലവിലുള്ള ഏതു പ്ലാൻ പ്രകാരവും ഐഫോണിലും സെല്ല്യുലാർ വാച്ചിലുമായി ഇരട്ട സേവനം ലഭ്യമാകും. ആപ്പിൾ ഐഫോൺ 6 മുതൽ മുകളിലേക്കുള്ള ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവർ അവരുടെ ഐഫോണിലെ ജിയോ ഫോൺ ഐക്കൺ ഉപയോഗിച്ച് സെല്ലുലാർ വാച്ചുമായി പെയർ ചെയ്താൽ മാത്രം മതിയാകും.