തിരുവനന്തപുരം എയർപോർട്ടിൽ ‘ദൃഷ്ടി’; ലാൻഡിങ്ങിന് പുതു ടെക്നോളജി

തിരുവനന്തപുരം∙ പൈലറ്റുമാർക്ക് റൺവേ വ്യക്തമായി കാണുന്നതിനും കാലാവസ്ഥയെക്കുറിച്ചുളള ശരിയായ വിവരം ലഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തിൽ ദൃഷ്ടിയെന്ന ട്രാൻസ്മിസോമീറ്റർ ഉപകരണം സ്ഥാപിക്കുന്നു. ഏതു കാലാവസ്ഥയിലും സുഗമമായി വിമാനമിറക്കാൻ ഇതോടെ കഴിയും.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പും നാഷണൽ എയറോനോട്ടിക് ലാബും സംയുക്തമായാണ് ദൃഷ്ടി നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുളള ഓട്ടോമേറ്റഡ് വെതർ സംവിധാനത്തോടൊപ്പമാണ് (ആവോസ്) ഇതു സ്ഥാപിക്കുന്നത്. വിമാനത്താവളങ്ങളിലെ കാലാവസ്ഥ ഉപകരണങ്ങളുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തിൽ ലേസർ സീലോമീറ്ററും സ്ഥാപിക്കും. മഴ മേഘങ്ങൾ റൺവേയുടെ കാഴ്ചമറയ്ക്കുന്നത് ഒഴിവാക്കാന്‍ ലേസർ സീലോമീറ്ററിന് കഴിയും.

വിമാനത്താവളങ്ങളിലുള്ള കാലാവസ്ഥ ഉപകരണങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡമനുസരിച്ച് ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനം ഉളള വിമാനത്താവളങ്ങളിലാണ് ഈ സംവിധാനം ഏർപ്പെടുത്തുക. വിമാനമിറങ്ങുന്ന വളളക്കടവ് ഭാഗത്തെ റൺവേ 32 എന്ന ഭാഗത്ത് 1.8 ലക്ഷം ചെലവാക്കിയാണ് ദൃഷ്ടി യാഥർഥ്യമാക്കുന്നത്. പൈലറ്റുമാർക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ 800 മീറ്റർ ദൂരെ വച്ച് കണ്ണുകള്‍ കൊണ്ട് റൺവേ കൃത്യമായി കാണാന്‍ കഴിയണം. ഇതിന് ദൃഷ്ടിയോടൊപ്പമുള്ള റൺവേ വിഷ്വൽ റെയ്ഞ്ച് വ്യക്തമായ ചിത്രം നൽകും. റൺവേയിൽ നിന്ന് 120 മീറ്റർമാറി വിമാനം വന്നിറങ്ങുന്ന ടച്ച് ടൗൺ സോണിൽ 300 മീറ്റർ ഉളളിലാണ് ഈ ഉപകരണം സ്ഥാപിക്കുന്നത്.

പുതുതായി സ്ഥാപിക്കുന്ന ഉപകരണത്തിൽ വിമാനങ്ങൾക്ക് സുരക്ഷിതമായി പറന്നിറങ്ങുന്നതിനും ഉയരുന്നതിനുമുളള അളവുകോലുകളായ അന്തരീക്ഷ മർദ്ദം, കാറ്റിന്റെ ഗതി,വിസിബിലിറ്റി, താപം, ഹുമിഡിറ്റി എന്നിവയെക്കുറിച്ചുളള വിവരങ്ങൾ നൽകും. ഇതനുസരിച്ചാണ് വിമാനങ്ങൾ പുറപ്പെടുകയും ഇറങ്ങുകയും ചെയ്യുക. സെപ്റ്റംബർ അവസാനത്തോടെ ഉപകരണം സ്ഥാപിക്കാനുളള ജോലികളാരംഭിക്കും.