ആമസോൺ ‘വിറ്റഴിക്കൽ’ തുടങ്ങി; ഐഫോണുകൾക്ക് വൻ ഓഫർ

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് ഇന്നു ഉച്ചയ്ക്ക് തുടക്കമാകും. ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ഇന്ന് വിൽപ്പന. ഉച്ചയ്ക്ക് 12 ന് തുടങ്ങുന്ന വിറ്റഴിക്കൽ 12 മണിക്കൂർ നീണ്ടുനിൽക്കും. രാത്രി 12 മണിക്ക് ശേഷമാണ് മറ്റു ഉപഭോക്താക്കള്‍ക്കുള്ള വിൽപ്പന തുടങ്ങുക.

സ്മാർട് ഫോണുകൾക്ക് തന്നെയാണ് ഏറ്റവും കൂടുതൽ വിൽപ്പന പ്രതീക്ഷിക്കുന്നത്. മുൻനിര സ്മാർട് ഫോൺ ബ്രാൻഡുകളെല്ലാം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനുണ്ട്. ക്യാഷ്ബാക്ക്, മറ്റു ഇളവുകൾ, ടെലികോം കമ്പനികളുടെ ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ ഇളവുകൾ എല്ലാം നൽകുന്നുണ്ട്.

91,900 രൂപ വിലയുള്ള ഐഫോൺ X (64ജിബി) വിൽക്കുന്നത് 69,999 രൂപയ്ക്കാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോണിന് ഇത്രയും ഇളവ് നൽകുന്നത് ഇതാദ്യമായാണ്. ഐഫോൺ Xന് നോ കോസ്റ്റ് ഇഎംഐ പ്രകാരം മാസം 7,777 രൂപ നൽകിയാൽ മതി. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഐഫോൺ 6എസ്, ഐഫോൺ 6 തുടങ്ങി മോഡലുകൾക്കും വൻ ഓഫറുകളാണ് നല്‍കുന്നത്.

അവതരിപ്പിക്കുമ്പോൾ 34,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസ് 6 ആമസോണിൽ വില്‍ക്കുന്നത് 29,999 രൂപയ്ക്കാണ്. 6ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് നോ കോസ്റ്റ് ഇംഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. 62,500 രൂപ വിലയുള്ള ഗ്യാലക്സി എസ്9 (64 ജിബി) വില്‍ക്കുന്നത് 42,990 രൂപയ്ക്കാണ്. 13,499 രൂപയുടെ റെഡ്മി വൈ2 10,999 രൂപയ്ക്കും 19,990 രൂപ വിലയുളള വിവോ വി9 പ്രോ 17,990 രൂപയ്ക്കുമാണ് വിൽക്കുക. സ്റ്റേറ്റ് ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 6000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് 10 ശതമാനം ഇളവ് ലഭിക്കും.