ടോയ്‌ലറ്റ് പേപ്പറിനും ഹൃദയമിടിപ്പ്, കണ്ടെത്തിയത് ഷവോമി ബാന്‍ഡ് 3

ജിജ്ഞാസുക്കളായ വെയ്‌ബോ (Weibo) ഉപയോക്താളാണ് ഇക്കാര്യം ചര്‍ച്ചയാക്കിയത്, ഷവോമി ഇറക്കിയ എംഐ ബാന്‍ഡ് 3 (Xiaomi Mi Band 3) ഒരു റോള്‍ ടോയ്‌ലറ്റ് പേപ്പറിനുമേല്‍ ചുറ്റി വയ്ക്കുമ്പോള്‍ അതിനും ഹൃദയമിടിപ്പു കണ്ടെത്തുന്നു! പിന്നീട് പലരും ഇത് പരീക്ഷിച്ചു നോക്കി. സംഭവം ശരിതന്നെ! പിന്നെ, അവര്‍ അതൊരു ഏത്തപ്പഴത്തില്‍ കെട്ടി നോക്കി. അതിനും ഹൃദയമിടിപ്പു കണ്ടെത്തി. ഇതെന്താണ് സംഭവിക്കുന്നത് എന്നായി പിന്നെ അന്വേഷണം. ജീവനില്ലാത്ത വസ്തുക്കള്‍ക്കും ഹാര്‍ട്ട്ബീറ്റ് ഉണ്ടെന്നു പറയുന്ന ഉപകരണത്തിനു പ്രശ്നമുണ്ടോ? കണ്ടെത്തലുകള്‍ രസകരമാണ്.

ഇതൊരു ബഗ് അല്ല. ബാന്‍ഡിനു തകരാറില്ല. എംഐ ബാന്‍ഡ് 3യുടെ നിരവധി ഇരട്ടി വിലയുള്ള ആപ്പിള്‍ വാച്ചും ടോയ്‌ലറ്റ് പേപ്പര്‍ റോളില്‍ കെട്ടിയാല്‍ 'ഹൃദയമിടപ്പു' പിടിച്ചെടുക്കും.

ടോയ്‌ലറ്റ് പേപ്പറിനും ഒരു ഹൃദയമുണ്ടാവില്ലെ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുൻപ് എംഐ ബാന്‍ഡും ആപ്പിള്‍ വാച്ചും പോലെയുള്ള ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു നോക്കാം. ഇത്തരം ഉപകരണങ്ങള്‍ ഒരു പച്ച വെളിച്ചം ത്വക്കിലേക്ക് അയയ്ക്കും. നമ്മുടെ രക്തത്തിന് ചുവപ്പു നിറമായതു കൊണ്ട് അത് പച്ച വെളിച്ചത്തെ വലിച്ചെടുത്ത ശേഷം കുറച്ചു വെളിച്ചം പ്രതിഫലിപ്പിക്കും. ഇത് ഇത്തരം ഉപകരണങ്ങളുടെ സെന്‍സറുകള്‍ പിടിച്ചെടുക്കും. ഇതിനെയാണ് ഫോട്ടോപ്ലെതിസ്‌മോഗ്രാഫി (photoplethysmography) എന്നു പറയുന്നത്. ഇതില്‍ നിന്നാണ് ഹൃദയമിടിപ്പിന്റെ കണക്ക് തിട്ടപ്പെടുത്തുന്നത്.

കുറച്ചു കൂടി വിശദീകരിച്ചു പറഞ്ഞാല്‍, ഹൃദയമിടിപ്പു കൂടുമ്പോള്‍ രക്തയോട്ടവും കൂടും. അപ്പോള്‍ രക്തം കൂടുതല്‍ പച്ചവെളിച്ചം ആഗീരണം ചെയ്യും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രക്തം വലിച്ചെടുക്കുന്ന പച്ച വെളിച്ചത്തിന്റെ തോതു മനസിലാക്കിയാണ് ഹൃദയമിടിപ്പു നിര്‍ണ്ണയിക്കുന്നത്.

ടോയ്‌ലറ്റ് പേപ്പര്‍ പ്രശ്‌നം എടുത്തിട്ടപ്പോള്‍ ഷവോമി പറഞ്ഞത് നിങ്ങള്‍ വാച്ച് കൈയ്യിലാണോ കെട്ടിയിരിക്കുന്നത്, മരക്കൊമ്പിലാണോ എന്ന് വാച്ചിനറിയാനാവില്ല എന്നാണ്. പക്ഷേ, കയ്യില്‍ കെട്ടിയാല്‍ അതിന്റെ സോഫ്റ്റ്‌വെയര്‍ കൃത്യമായി പ്രവര്‍ത്തിക്കുയും നിങ്ങളുടെ ഹദയമിടിപ്പു പറഞ്ഞു തരികയും ചെയ്യുമെന്നാണ് അവര്‍ നല്‍കിയ വിശദീകരണം. സംശയമുന്നയച്ചവരില്‍ ഒരാള്‍ പറഞ്ഞത് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് ഒരു പക്ഷേ, ടോയ്‌ലറ്റ് പേപ്പര്‍ പോലും അത്ര ഹൃദയശൂന്യമായ ഒന്നല്ല എന്നാണ്.