Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3661.75 കോടിയുടെ ഈ ടൈറ്റാനിക് മുങ്ങില്ല, ആദ്യയാത്ര ദുബായ്–ന്യൂയോർക്ക്

titanic-2

ഒരിക്കലും മുങ്ങാത്ത കപ്പല്‍ അങ്ങനെയായിരുന്നു അന്ന് ടൈറ്റാനിക് വിശേഷിപ്പിക്കപ്പെട്ടത്. ആദ്യയാത്രയിൽ തന്നെ ഭീമാകാരമായ മഞ്ഞുകട്ടയിലിടിച്ച് അത് ചരിത്രത്തിലേക്ക് മുങ്ങിപ്പോകുമ്പോള്‍ പതിമൂന്നു പോലുള്ള സംഖ്യകളെ ദുര്‍ന്നിമിത്തങ്ങളുമായി ബന്ധപ്പെടുത്തുന്ന മനുഷ്യമനസ്സിലെ വിശ്വാസങ്ങളുടെ പട്ടികയില്‍ ആ കപ്പലിന്റെ നാമവും കയറിക്കൂടി.

പക്ഷേ, അന്ന് മുങ്ങിയ ടൈറ്റാനിക്, ലോകത്തിന്റെ മനസ്സില്‍ ഒരിക്കലും മരിച്ചില്ല എന്നുള്ളതായിരുന്നു വാസ്തവം. അനേകം കഥകളിലൂടെ അവയില്‍ സത്യങ്ങളും പൊടിപ്പും തൊങ്ങലും ഒക്കെയുണ്ടായിരുന്നു, ലേഖനങ്ങളിലൂടെ, സിനിമയില്‍, ടെലിവിഷന്‍ പരിപാടികളില്‍, ചര്‍ച്ചകളില്‍ എല്ലാം ടൈറ്റാനിക് ജീവിച്ചു. എങ്കിലും, പിന്നെയൊരിക്കലും മറ്റൊരു കപ്പലിന് ആ പേര് നല്‍കാന്‍ ഷിപ്പിങ് രംഗത്തെ വമ്പന്മാര്‍ക്കൊന്നും മനസ്സുവന്നില്ല, അതിനു ഭയമായിരുന്നു. എന്നാൽ അതേപരിൽ, അതിലും വലിയ ടൈറ്റാനിക്ക് വരുന്നു, അതും ഹൈടെക്.

ടൈറ്റാനിക് ഒരിക്കലും മനുഷ്യമനസ്സുകളില്‍ മരിക്കാതെ ഇരുന്നതിനാലായിരുന്നു, അതിന്റെ കഥ ഒരു സിനിമയായി മാറിയത്. അതാകട്ടെ, ലോകം ഇന്നോളം കാണാത്ത ഒരു പ്രണയകാവ്യമായി മാറുകയും ചെയ്തു. ലോകം മുഴുവന്‍ അതിനെ സ്വീകരിച്ചു. ടൈറ്റാനിക്കിന് ദുരന്തപ്രതീകത്തില്‍നിന്നും പ്രണയപ്രതീകമെന്ന സുകുമാര സൗന്ദര്യം കൈവന്നു. മുങ്ങിപ്പോയ യഥാര്‍ഥ ടൈറ്റാനിക് ഒരുപക്ഷേ, ഉണ്ടാക്കുമായിരുന്നതിനേക്കാള്‍ വലിയ ബിസിനസ് ടൈറ്റാനിക് കഥകളും സിനിമയും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിക്കാണണം. ഇതെല്ലാം ആയിരിക്കുമല്ലോ, വിശ്വാസങ്ങളുടെ ഭീതിയില്‍നിന്നും ടൈറ്റാനിക്കിനെ പുറത്തുകൊണ്ടുവന്ന് രണ്ടാം ടൈറ്റാനിക് നിര്‍മിക്കാന്‍ ഓസ്‌ട്രേലിയിലെ വന്‍ ബിസിനസ്സുകാരനായ ക്ലൈവ് പാമറെ പ്രേരിപ്പിച്ചത്.

ലഭ്യമായ റിപ്പോർട്ട് പ്രകാരം 2022 ലാണ് ടൈറ്റാനിക് രണ്ട് നീറ്റിലിറക്കാന്‍ പോകുന്നത്‍. 2018 ൽ യാത്ര തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സാമ്പത്തിക, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന പദ്ധതി വൈകി. 2022 ൽ ദുബായിൽ നിന്ന് ന്യൂയോര്‍ക്കിലേക്കാണ് ആദ്യ യാത്ര സംഘടിപ്പിക്കുന്നത്. 

ക്ലൈവ് പാമറുടെ കമ്പനിയായ ബ്ലൂ സ്റ്റാര്‍ ലൈന്‍ ആണ് ടൈറ്റാനിക് രണ്ടിനെ ഏഴു കടലോടിച്ച് ലോകം ചുറ്റിക്കാന്‍ പോകുന്നത്. പഴയ ടൈറ്റാനിക്കിന്റെ ഒരു ശരിപ്പകര്‍പ്പാണ് പുതിയ ടൈറ്റാനിക് എന്ന് പറഞ്ഞാല്‍ അതില്‍ വലിയ തെറ്റില്ല. അല്‍പ്പം വലുപ്പം കൂട്ടിയിട്ടുണ്ട് പുതിയ ടൈറ്റാനിക്കില്‍. അതായത് വീതി പതിമൂന്നടി വര്‍ധിപ്പിച്ചു. പിന്നെ, ഏറ്റവും പ്രധാനകാര്യമായി പറയപ്പെടുന്നത് ഹൈടെക്ക് സംവിധാനങ്ങളാണ്. ഇന്നു വിപണിയിൽ ലഭ്യമായ എല്ലാ ഷിപ്പിങ് സാങ്കേതിക സംവിധാനങ്ങളും ടൈറ്റാനിക്ക് രണ്ടിലുണ്ടാകും. എല്ലാ യാത്രകാര്‍ക്കുമായി ലൈഫ് ബോട്ടുകള്‍ ഉണ്ടാകും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഹള്‍ എന്ന് വിളിക്കപ്പെടുന്ന കപ്പലിന്റെ പള്ള ഭാഗം കൂട്ടി വിളക്കി നിര്‍മിക്കുന്നതിനു പകരം ഉരുക്കിച്ചേര്‍ക്കുകയാണ് പുതിയ ടൈറ്റാനിക്കില്‍. ദുരന്തങ്ങളെ നേരിടാൻ ശക്തിയുള്ളതാണ് ഇത്. ഇനിയൊരു മഞ്ഞുകട്ട വഴിയില്‍ വന്നാലും അതിനെ അതിജീവിക്കാനുള്ള ശേഷി കപ്പലിന് ഉണ്ടായല്ലേ പറ്റൂ! മാത്രവുമല്ല, അപകടമുണ്ടായാല്‍ സുരക്ഷിതമായി യാത്രക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഏറ്റവും ആധുനികമായ മാര്‍ഗങ്ങളും ആഡംഭര കപ്പലില്‍ ഉണ്ടാകും. ഉപഗ്രഹനിയന്ത്രണം, ഡിജിറ്റല്‍ നാവിഗേഷന്‍, റഡാറുകള്‍ തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു കപ്പലിന് യോജിക്കുന്ന എല്ലാ സാങ്കേതികതകളും ഇവിടെയുണ്ടാകും.

ഒന്‍പത് കപ്പല്‍ത്തളങ്ങളോടു കൂടിയ പുതിയ ടൈറ്റാനിക് എണ്ണൂറ്റിയെണ്‍പത്തഞ്ചടി നീളമുള്ളതായിരിക്കും. ഡെക്കുകളുടെ എണ്ണം പഴയതില്‍ നിന്നും രണ്ടെണ്ണം അധികം. ഉയരം നൂറ്റിയെഴുപത്തിനാലടി. ഉള്‍ക്കൊള്ളാന്‍ പോകുന്ന യാത്രക്കാരുടെ എണ്ണം 2400. ഇക്കാര്യത്തിലും പഴയ ടൈറ്റാനിനേക്കാള്‍ മുന്നില്‍ത്തന്നെയാണ് പുതിയ ടൈറ്റാനിക്. പഴയതിനേക്കാള്‍ നൂറ്റിയെഴുപത്തേഴുപേരെ പുതിയതില്‍ അധികം ഉൾക്കൊള്ളാൻ കഴിയും.

യാത്രക്കാര്‍ക്കുള്ള ക്ലാസുകള്‍ പഴയപോലെതന്നെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫസ്റ്റ് ക്ലാസ് തൊട്ട് സാധാരണക്കാര്‍വരെ പല സൗകര്യമുള്ള വിഭാഗങ്ങളില്‍ സഞ്ചരിക്കും.

മുങ്ങിപ്പോയ പഴയ ടൈറ്റാനിക് നിര്‍മിച്ചത് വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ ആയിരുന്നു. പക്ഷേ, പുതിയ ടൈറ്റാനിക് ചൈനാക്കാരാണ് നിർമിക്കുന്നത്. അതായത്, ചൈനയിലെ ജിയാങ്ങ്‌സുവിലുള്ള സിഎസ്സി ജിന്‍ലിങ്ങ് ഷിപ്‌യാര്‍ഡ് ലിമിറ്റഡ് ആണ് പുതിയ ടൈറ്റാനിക്കിന്റെ നിര്‍മാണം. അവിടെ ഇപ്പോള്‍ അതിന്റെ നിര്‍മിതി പുരോഗമിക്കുകയാണ്. പഴയ ടൈറ്റാനിക് സതാംപ്റ്റണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കായിരുന്നു ആദ്യയാത്ര എങ്കില്‍, പുതിയ കപ്പല്‍ സഞ്ചാരികളുമായുള്ള കന്നിയാത്ര ആരംഭിക്കുന്നത് ചൈനയില്‍ നിന്ന് ദുബായിലേക്കും അവിടെ നിന്ന് യാത്രക്കാരുമായി ന്യൂയോർക്കിലേക്കും തിരിക്കും.

അതേസമയം, 1912ലെ ടൈറ്റാനിക് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ പലരുടെയും ബന്ധുക്കള്‍ പുതിയ ടൈറ്റാനിക് ഉണ്ടാക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നുണ്ട്. പക്ഷേ, 2022ല്‍ യാത്ര ആരംഭിക്കാന്‍പോകുന്ന ടൈറ്റാനിക്കില്‍ ടിക്കറ്റ് കിട്ടാന്‍തന്നെ പിടിവലിയാകുന്ന ലക്ഷണമാണ് കാണുന്നത്. ആദ്യയാത്രയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഉള്ള വ്യഗ്രതയില്‍ നിരവധിപേരാണ് പാമറുടെ കമ്പനിയെ സമീപിക്കുന്നത്. ഒരു ടിക്കറ്റിന് തന്നെ ഏകദേശം ഒരാൾക്ക് ഒരു ലക്ഷം ഡോളർ നൽകേണ്ടിവരും.

നിരവധി ആധുനിക സൗകര്യങ്ങളും ഒരുക്കിത്തന്നെയാണ് പുതിയ കപ്പല്‍ വരാന്‍പോകുന്നത്. എങ്കിലും, പഴയ ടൈറ്റാനിക്കുമായുള്ള സാമ്യങ്ങള്‍ കഴിയുന്നത്ര നിലനിര്‍ത്തിയാണ് നിര്‍മാതാക്കള്‍ പുതിയത് നിര്‍മിക്കുന്നത്. ഒരു കാലത്ത് ലോകത്തിന് അനുഭവിക്കാന്‍ കഴിയാതെപോയ ടൈറ്റാനിക് മാസ്മരികത പുതിയ ടൈറ്റാനിക് നല്‍കട്ടെ എന്ന് പാമറും കൂട്ടരും ചിന്തിക്കുന്നുണ്ടാകാം. 500 ദശലക്ഷം ഡോളർ (ഏകദേശം 3661.75 കോടി രൂപ) ചിലവിട്ടാണ് രണ്ടാം ടൈറ്റാനിക് നിര്‍മിക്കുന്നത്.

titanic-body

ഏതായാലും പുതിയ ടൈറ്റാനിക് , അത് മറ്റൊരു ടൈറ്റാനിക് ആണെന്ന കാരണം കൊണ്ടുതന്നെ ലോകശ്രദ്ധയാകര്‍ഷിക്കുകയും ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്യും. അതിന്റെ കടല്‍വഴികളില്‍ ദുരന്തത്തിന്റെ മഞ്ഞുമലകള്‍ കയറി വരാതെയിരിക്കട്ടെ.