കേവലം 85 സെക്കൻഡ് വിറ്റഴിക്കൽ, ആലിബാബ നേടിയത് 7200 കോടി രൂപ!

രാജ്യാന്തര ഓൺലൈൻ ഇ–കൊമേഴ്സ് കമ്പനിയായ ആലിബാബയ്ക്ക് റെക്കോർഡ് നേട്ടം. ചൈനീസ് കമ്പനിയായ ആലിബാബ കേവലം 85 സെക്കൻഡ് കച്ചവടത്തിലൂടെ സ്വന്തമാക്കിയത് 100 കോടി ഡോളറാണ് (ഏകദേശം 7200 കോടി രൂപ). ഒരു ദിവസം തന്നെ ഇത്രയും വരുമാനം നേടുന്നത് ഇ–കൊമേഴ്സ് കമ്പനികളുടെ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്.

ആലിബാബയുടെ വാര്‍ഷിക ഷോപ്പിങ് ദിവസമായ ഞായറാഴ്ച പ്രത്യേക ഓഫര്‍ വിൽപ്പനയാണ് നടന്നത്. അന്നത്തെ ദിവസം ഒരു മണിക്കൂർ നേരത്തെ ഓഫര്‍ വില്‍പ്പനയിൽ ആലിബാബ നേടിയത് 1000 കോടി ഡോളറാണ്. ആപ്പിൾ, ഷവോമി ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് പ്രധാനമായും വിറ്റഴിച്ചത്.

ചൈനക്ക് പുറത്തു നിന്ന് ലോസ് ആഞ്ചൽസ്, ടോക്യേ, ഫ്രാങ്കഫർട്ട് തുടങ്ങി നഗരങ്ങളിൽ നിന്നു പോലും വലിയതോതിൽ ഓർഡറുകൾ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേദിവസം 2500 കോടി ഡോളറിന്റെ റെക്കോർഡ് വിൽപ്പനയും ആലിബാബയുടെ പേരിലാണ്.

ബ്ലാക്ക് ഫ്രൈഡെ, സൈബര്‍ മൺഡെ കച്ചവചടങ്ങളേക്കാളും മികച്ച നേട്ടമാണ് ചൈനീസ് ആലിബാബ സ്വന്തമാക്കിയത്. ചൈനയുടെ ആഗോള വിപണിയിലെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു സൺഡെ വിൽപ്പന. അമേരിക്കൻ ഇ–കൊമേഴ്സ് കമ്പനികളെ വെല്ലുവിളിക്കുന്ന പ്രകടമാണ് ആലിബാബ നടത്തിയത്.