ലൈംഗികാരോപണം: ഫ്‌ളിപ്കാര്‍ട് സ്ഥാപകാംഗം ബിന്നി ബന്‍സാല്‍ രാജിവച്ചു

ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകാംഗങ്ങളിലൊരാളും കമ്പനിയുടെ ഇപ്പോഴത്തെ മേധാവിയുമായ ബിന്നി ബന്‍സാല്‍ സ്ഥാനം രാജിവച്ചു. ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്ത അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ട് അധികൃതർ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ പെരുമാറ്റദൂഷ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് ലൈംഗികാരോപണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ മറ്റൊരു സ്ഥാപകാംഗമായ സച്ചിന്‍ ബന്‍സാല്‍ നേരത്തെ രാജിവെച്ചിരുന്നു. മിടുക്കനായ ബിസിനസുകാരനെന്നു പേരെടുത്ത ബിന്നിയുടെ രാജി കമ്പനിയുടെ ഭാവിയെ ബാധിച്ചേക്കാമെന്നാണ് പറയുന്നത്.

ആമസോണിനെതിരെയുള്ള വാണിജ്യ യുദ്ധത്തില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത് 37 കാരനായ ബിന്നിയായിരുന്നു. ഫ്‌ളിപ്കാര്‍ട്ടിലെ ജോലിക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ ബിന്നി പറയുന്നത് തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും തെളിഞ്ഞിട്ടില്ലെന്നും അവ കെട്ടിച്ചമച്ചവായാണെന്നുമാണ്. പക്ഷേ, എന്താണ് ആരോപണങ്ങളെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഈ ആരോപണങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ തനിക്കെതിരെ കമ്പനിക്കുള്ളില്‍ നടത്തിയ അന്വേഷണത്തില്‍ ചെറിയ തെറ്റുകള്‍ കണ്ടെത്തിയിട്ടുള്ളതായി ബന്‍സാല്‍ പറയുന്നുമുണ്ട്. താന്‍ പ്രതികരിച്ച രീതിക്കാണ് പിഴവെന്നും അദ്ദേഹം പറയുന്നു. 

ബന്‍സാലോ അദ്ദേഹത്തിന്റെ സംഘമോ മാധ്യമങ്ങളോട് എന്താണു നടന്നതെന്നതിനെപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചു. ആരോപണങ്ങള്‍ എന്താണെന്നു പറയാനും തയാറായില്ല. ബിന്നിയുടെ രാജി സ്വീകരിച്ചതായി വാള്‍മാര്‍ട്ട് പറഞ്ഞു. എന്നാല്‍ സാഹചര്യങ്ങളെക്കുറിച്ച് അറിയാമെന്ന രീതിയില്‍ ഒരു ജോലിക്കാരന്‍ പ്രതികരിച്ചത് കഴിഞ്ഞ ജൂലൈ മാസത്തില്‍ ബിന്നിക്കെതിരെ ഉയര്‍ന്നത് ലൈംഗികാരോപണമായിരുന്നുവെന്നാണ്. ഈ ആരോപണം അന്വേഷണസംഘത്തിന് തെളിയിക്കാന്‍ കഴിഞ്ഞില്ല. ബിന്നിയുടെ പ്രതികരണം സുതാര്യമായിരുന്നില്ലെന്ന കാര്യമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. വാള്‍മാര്‍ട്ട് 16 ബില്ല്യന്‍ ഡോളറിന് ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങിയിരുന്നു. കല്ല്യാണ്‍ കൃഷ്ണമൂര്‍ത്തിയായിരിക്കും ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ചുമതലയുള്ള വ്യക്തി.