നോട്ടുകള്‍ നിരോധിച്ചത് മോദിയുടെ ധീരമായ നീക്കം, ഇ–കൊമേഴ്‌സ് പുഷ്ടിപ്പെടും!

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ നിരോധനം സ്വാഗതം ചെയ്തു കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (സിഇഎഎംഎ). ഡിജിറ്റല്‍ ഇന്ത്യ വിഷന്‍ അനുസരിച്ചു മുന്നോട്ടു പോവുമ്പോള്‍ ഇത്തരമൊരു നിരോധനം ഏറെ പ്രധാനപ്പെട്ട ഒന്നാണെന്ന് സിഇഎഎംഎ പ്രസിഡന്റ് മനീഷ് ശര്‍മ പറഞ്ഞു.

ബാങ്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലാത്ത ഇടങ്ങളില്‍ പണമിടപാടുകള്‍ നടത്തുന്ന ചെറുകിട ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇതുകാരണം ഒരുപാടു ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദ്രവ്യരഹിത സാമ്പത്തിക വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ എൻപിഎ, ഇ–പെയ്മന്റുകൾ എന്നിവയെ പരിപോഷിപ്പിക്കും. വരും കാലങ്ങളില്‍ ബാങ്കുകളുടെ പ്രാധാന്യം ഒന്നുകൂടി കൂടാന്‍ ഇത് കാരണമാവും. അസംഘടിത സാമ്പത്തിക മേഖലകള്‍ ഇതിലൂടെ സംഘടിതമായി മാറും.

ഇ–കൊമേഴ്‌സ് രംഗം രാജ്യത്ത് പുഷ്ടിപ്പെടും. ഉപഭോക്താക്കള്‍ വിവിധ പണമിടപാടുകള്‍ക്കായി യുപിഐയുടെ ഡിജിറ്റല്‍ കറന്‍സിയും ഓണ്‍ലൈന്‍ പേയ്‌മെന്റ് സിസ്റ്റവും ഉപയോഗിക്കുമ്പോള്‍ വാലറ്റുകളും കാര്‍ഡുകളും വ്യാപകമാവും. രാജ്യാന്തര തലത്തില്‍ അഴിമതി രഹിതവും സുതാര്യവുമായ സാമ്പത്തിക വ്യവസ്ഥ ഇതിലൂടെ ഉറപ്പു വരുത്താനാവും. മൂലധനത്തിന്‍റെ ഒഴുക്ക് കൂടും. അതുകൊണ്ടുതന്നെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് സിഇഎഎംഎ അറിയിച്ചു.