വിമാന വേഗമുള്ള ട്രെയിൻ, ചെന്നൈ–ബെംഗളൂരു 30 മിനിറ്റ്, പട്ടികയിൽ തിരുവനന്തപുരവും

വിമാന വേഗമുള്ള ട്രെയിന്‍ ആദ്യമായി ഏതൊക്കെ നഗരങ്ങളില്‍ വരുമെന്ന വിവരങ്ങള്‍ അമേരിക്കൻ കമ്പനി ഹൈപ്പർലൂപ് വൺ ട്വീറ്റ് ചെയ്തു. അമേരിക്കൻ സ്റ്റാര്‍ട്ടപ്പ് കമ്പനി ഹൈപ്പര്‍ലൂപ്പ് വണ്‍ പുറത്തു വിട്ട പട്ടികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉൾപ്പെടും. വടക്കെ അമേരിക്ക, യൂറോപ്പ്, ഏഷ്യ, തെക്കെ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിലെ നഗരങ്ങളുടെ പട്ടികയാണ് കമ്പനി പുറത്തുവിട്ടത്.

ഇന്ത്യയിൽ നിന്നുള്ള പട്ടികയിൽ ബെംഗളൂരു– തിരുവനന്തപുരം, ചെന്നൈ – ബെംഗളൂരു, മുംബൈ– ചെന്നൈ, മുംബൈ–ഡൽഹി എന്നീ റൂട്ടുകളാണ് സ്ഥാനം പിടിച്ചത്. ഇതിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള പാത മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്നതാണ്.

പദ്ധതി നടപ്പിലായാൽ ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്ക് കേവലം 30 മിനിറ്റിനകം എത്താനാകും. ഈ പട്ടികയിൽ ചെന്നൈയ്ക്ക് തന്നെയാണ് മുഖ്യസ്ഥാനം. മണിക്കൂറിൽ 1,200 കിലോമീറ്റർ വേഗതയിലാണ് ഹൈപ്പര്‍ലൂപ്പ് ട്രെയിനുകൾ ഓടുക. പദ്ധതി നടപ്പിലാക്കാൻ താൽപര്യപ്പെട്ട് ഹൈപ്പർലൂപ്പ് വൺ കേന്ദ്ര മന്ത്രാലയത്തിനു ഇ–മെയിൽ വഴി കത്തയച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ചൈനയും ജപ്പാനും രംഗത്തുണ്ട്.

ബസിന്റെ ടിക്കറ്റ് നിരക്കിനു അതിവേഗ ട്രെയിനിൽ യാത്ര ചെയ്യാനാകുമെന്നാണ് ഹൈപ്പർലൂപ് അവകാശപ്പെടുന്നത്. 2015 മേയ് മാസത്തില്‍ ആരംഭിച്ച ഹൈപ്പര്‍ലൂപ്പ് വണ്‍ ഗ്രാന്‍ഡ് ചലഞ്ചില്‍ 2,600 പ്രദേശങ്ങള്‍ പരീക്ഷണ ഓട്ടത്തിനായി അപേക്ഷിച്ചിരുന്നു. ഇതില്‍ 35 എണ്ണം ആണ് ഇപ്പോള്‍ അവസാന റൗണ്ടിലുണ്ട്. സർക്കാർ ഏജന്‍സികള്‍ വഴിയാണ് ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. റെയില്‍ സംവിധാനത്തിനു വേണ്ട ഫണ്ടിംഗും നിയന്ത്രണ സംവിധാനങ്ങളും എല്ലാം ഇതിനു കീഴില്‍ തന്നെയായിരിക്കും വരിക.

സിഡ്‌നി-മെല്‍ബണ്‍, ഷാങ്‌ങ്കായ്- ഹാങ്ഷു, മുംബൈ-ഡല്‍ഹി, ലണ്ടന്‍-എഡിന്‍ബറോ തുടങ്ങിയ റൂട്ടുകളിലാണ് ഈ സൂപ്പര്‍സോണിക് ട്രെയിന്‍ ആദ്യം ഓടുക. പട്ടികയിൽ പതിനൊന്നു അമേരിക്കൻ റൂട്ടുകളുമുണ്ട്‍. അമേരിക്കയിലെ റെയില്‍ ക്രമീകരണങ്ങള്‍ എല്ലാം ഇതിനായി പുതുക്കിക്കൊണ്ടിരിക്കുകയാണെന്ന് ഹൈപ്പർലൂപ്പ് വൺ സഹസ്ഥാപകനും എൻജിനീയറിങ് വിഭാഗം പ്രസിഡന്റുമായ ജോഷ് ജീഗൽ പറഞ്ഞു.

ദുബായില്‍ നിന്നും അബുദബിയിലേയ്ക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ എത്രത്തോളം മികച്ചതാണ് ഇതെന്ന് മനസിലാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ദുബായ്.

ഇന്റര്‍നെറ്റ് പോലെ

ലാസ് വേഗാസിന്റെ പ്രാന്തപ്രദേശങ്ങളിലെ മരുഭൂമിയില്‍ ഇത്തരത്തിലുള്ള ട്രെയിന്‍ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഹൈപ്പര്‍ലൂപ്പ് കമ്പനി. ഇതിന്റെ എൻജിന്റെ (മുന്നോട്ടു തള്ളാനുള്ള സംവിധാം) വിജയകരമായ പരീക്ഷണത്തിനു ശേഷം 2016 അവസാനത്തോടെ സൂപ്പര്‍സോണിക് ട്രെയിന്‍ സംവിധാനത്തിന്റെ പൂര്‍ണപ്രദര്‍ശനം നടത്തുമെന്ന് ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനി മുന്‍പേ വാഗ്ദാനം നല്‍കിയിരുന്നു. പ്രവര്‍ത്തനക്ഷമത മാത്രമല്ല, എങ്ങനെ ചെലവു ചുരുക്കി ഓടിക്കാമെന്നും നിര്‍മ്മാണ സമയം എങ്ങനെ കുറയ്ക്കാമെന്നും കൂടിയുള്ള ആലോചനയിലാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് റോബ് ലോയ്ഡ് പറഞ്ഞു.

ഇതിന്റെ കൂടെത്തന്നെ ഡ്രൈവര്‍ ഇല്ലാതെ സ്വയം നിയന്ത്രിക്കുന്ന തരം ടെക്‌നോളജിയും ഹൈപ്പര്‍ലൂപ്പ് സിസ്റ്റത്തില്‍ കൂട്ടിച്ചേര്‍ക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദൂരയാത്രകള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഹൈപ്പർലൂപ്പ് വൺ സീനിയർ വൈസ് പ്രസിഡന്റ് നിക്ക് പറയുന്നു. ഉദാഹരണത്തിന് ഹൈപ്പര്‍ലൂപ്പ് സിസ്റ്റത്തില്‍ ഓടുന്ന യൂബര്‍ കാറുകളില്‍ ഈ സംവിധാനം കൂട്ടിച്ചേര്‍ത്താല്‍ ഒരു സ്ഥലത്ത് നിന്ന് യാത്രക്കാരനെയും കൂട്ടി കാര്‍ സ്വയം ഡ്രൈവ് ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഇന്റര്‍നെറ്റ് വഴി ഡാറ്റ പാക്കറ്റുകള്‍ മോഡത്തില്‍ നിന്നും ഡിവൈസിലേയ്ക്ക് എത്തുന്ന അത്രയും ലളിതമായിരിക്കും ഇത്.

ഇലക്ട്രിക് കാർ കമ്പനി ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനായ എലോണ്‍ മസ്‌കിന്റെ ഭാവനയില്‍ വിരിഞ്ഞതാണ് ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയും. ഇതിനിടെ 160 ദശലക്ഷം ഡോളർ കമ്പനി സമാഹരിച്ചു കഴിഞ്ഞു. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ ട്രെയിനുകളുടെ സഞ്ചാരം. ജെറ്റ് വിമാനങ്ങളെക്കാളും വേഗത കൂടുതലായിരിക്കും ഇവയ്‌ക്കെന്നു ഹൈപ്പര്‍ലൂപ്പ് കമ്പനി പറയുന്നു.