ഭീകരാക്രമണം: ഗൂഗിൾ മാപ് ഇന്ത്യയ്ക്ക് ഭീഷണി?

പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിനു നേരെ ആക്രമണം നടത്താൻ ഭീകരരെ സഹായിച്ചത് ഗൂഗിൾ മാപ്പും ജിപിഎസ് സംവിധാനവുമാണെന്ന് റിപ്പോർട്ട്. രാജ്യത്തെത്തുന്ന ഭീകരർ കൃത്യമായ സ്ഥലം കണ്ടെത്താൻ ഉപയോഗിക്കുന്നത് ഗൂഗിൾ മാപ്പാണെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതു തന്ത്രപ്രധാന കേന്ദ്രങ്ങളിലും വ്യക്തമായ ധാരണയോടെ ആക്രമണം നടത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം മാത്രം മതി. അതിർത്തി കടന്നെത്തുന്ന ഭീകരർ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് എത്തുന്നത്.

നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങളുടെ സ്ഥാനം വരെ ഗൂഗിൾ മാപ്പിൽ നിന്ന് മനസ്സിലാക്കാനാകും. മാസങ്ങളോളം ഒളിഞ്ഞിരിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്താനും അവിടെ ബുദ്ധിമുട്ടില്ലാതെ എത്താനും ഭീകരർക്ക് വഴിക്കാട്ടി ഗൂഗിൾ മാപ്പ് തന്നെ.

ഭീകരർ സാറ്റലൈറ്റ് ഫോണുകൾ, ജിപിഎസ് എന്നിവ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗൂഗിൾ മാപ്പ് ഭീകരർ ഉപയോഗിച്ചേക്കാമെന്ന് അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം 2005ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ഗൂഗിൾ മാപ്പിൽ നിന്നു നീക്കണമെന്ന് ഗൂഗിളിനോടു ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഇപ്പോഴും പൂർണമായി നടപ്പിലായിട്ടില്ല. രാജ്യത്തെ ആയുധ കേന്ദ്രങ്ങളുടെ വ്യക്തമായ രേഖപ്പെടുത്തലുകൾ ഗൂഗിൾ മാപ്പിൽ ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറമെ ചൈനയും ഇതേ പരാതിയുമായി രംഗത്തുവന്നിരുന്നു. എന്നാൽ അമേരിക്കയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം ഗൂഗിൾ മാപ്പിൽ നിന്നു നീക്കിയിട്ടുണ്ട്.