എല്ലാ ചോദ്യങ്ങൾക്കും ഗൂഗിൾ മറുപടി നൽകും!

ഗൂഗിൾ വോയിസ് ബെയ്സ്ഡ് അസിസ്റ്റന്റ് സംവിധാനം അതിന്റെ എതിരാളികളെ പിന്നിലാക്കി ഒരു ചുവട് കൂടി മുന്നേറുകയാണ്. ഇനി മുതൽ നിങ്ങളുടെ സങ്കീർണ്ണമായ ചോദ്യങ്ങളുടെ മറുപടിയും ഗൂഗിളിന്റെ വോയിസ് സേർച്ച്‌ നല്കും. നിലവിൽ ഗൂഗിളിന്റെ വോയിസ് സേർച്ച്‌, ആപ്പിളിന്റെ സീറി, മൈക്രോസോഫ്റ്റിന്റെ കോർട്ടാന എന്നിവ തമ്മിൽ പൊരിഞ്ഞ മത്സരമാണ് നടക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യം മനസ്സിലാക്കി കൃത്യമായി പ്രതികരിക്കുന്നതിൽ നിലവിൽ തന്നെ പേര് കേട്ട ഗൂഗിളിന്റെ വോയിസ് സേർച്ച്‌ പുതിയ മാറ്റത്തോടെ കൂടുതൽ കാര്യക്ഷാമമാകും. ഉപയോക്താക്കളുടെ ചോദ്യത്തിന് പിന്നിലുള്ള അർത്ഥതലങ്ങൾ കൃത്യമായി ഇനി മുതൽ ഗൂഗിൾ വോയിസ് സെർച്ച് മനസ്സിലാക്കും. സ്വാഭാവികമായ ഭാഷാരീതികളും സങ്കീർണ്ണമായ ചോദ്യങ്ങളും ഇനി ഗൂഗിളിനു ഒരു പ്രശ്നമേയല്ല.

2008 ലാണ് ഗൂഗിൾ അവരുടെ വോയിസ് സേർച്ച്‌ ആരംഭിച്ചത്. പിന്നീടത്‌ 2012 ൽ വ്യക്തികൾ, സ്ഥലങ്ങൾ എന്നിവയെ സംബന്ധിച്ച വസ്തുനിഷ്ഠമായ സെർച്ച് ഫലങ്ങൾ നല്കാനായി ഈ സംവിധാനത്തെ Knowledge Graph മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യം കീ വേഡുകൾ (ഉദാ:Barack Obama) ഉച്ചാരിച്ചാൽ അത് മനസ്സിലാക്കി പ്രതികരിച്ചിരുന്ന സേവനം പിന്നീട് "How old is Stan Lee?" എന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി തുടങ്ങി. ഏറ്റവും ഒടുവിൽ ഈ സേവനവും കൂടുതൽ പരിഷ്കരണങ്ങൾക്ക് വിധേയമാവുകയാണ്.

വിവിധ സന്ദർഭങ്ങൾ മനസ്സിലാക്കി ഓരോ വാക്കുകളുടെയും അർത്ഥം മനസ്സിലാക്കി അതിനോട് പ്രതികരിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം. "What ingredients were in a screwdriver? ( കോക്ക്ടെയിൽ)" എന്ന് ചോദിച്ചാൽ, നിങ്ങൾ ചോദിച്ചത് ഒരു പാനീയത്തെക്കുറിച്ചാണ് എന്നും മറിച്ച് ടൂൾ അല്ലെന്നും ഗൂഗിൾ മനസ്സിലാക്കും. സങ്കീർണ്ണമായ ചോദ്യങ്ങളും ഇനി മുതൽ ചോദിക്കാം. നീണ്ട ചോദ്യങ്ങൾ ആണെങ്കിൽ അതിനെ പലതായി മുറിച്ച് ആയിരിക്കും ഗൂഗിൾ ഇത് പരിശോധിക്കുക.

ഉദാഹരണത്തിന് "Who was the US President when the Angles won the World Series?" എന്ന് ചോദിച്ചാൽ ജോർജ് ബുഷ്‌ എന്ന മറുപടി അടുത്ത നിമിഷം നമ്മുക്ക് ലഭിക്കും. മനുഷ്യർക്ക്‌ ഇത്തരം ചോദ്യങ്ങൾക്ക് എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിയുമെങ്കിലും ഒരു മെഷീന് ഇത് നന്നേ പ്രയാസമാണ്. ആദ്യമായി സിസ്റ്റത്തിന് 'Angles' എന്നത് ഒരു ബെയ്സ്ബോൾ ടീം ആണെന്ന് മനസ്സിലാക്കുകയും പിന്നീട് അവർ വേൾഡ് സീരീസ് ജയിച്ച വർഷം കണ്ടെത്തുകയും,ആ വർഷത്തെ യുഎസ് പ്രസിഡന്റിനെ തിരയുകയും വേണം.

"ടെക്സാസിലെ വലിയ നഗരങ്ങൾ ഏതൊക്കെ?" ,"ടെയ്ലർ സ്വിഫ്റ്റ് 2014 പാടിയ ഗാനങ്ങൾ ഏതൊക്കെ?" എന്ന മട്ടിലുള്ള ചോദ്യങ്ങൾക്കും ഗൂഗിൾ ഇനി മറുപടി നല്കും. പ്രത്യേക സമയം അടിസ്ഥാനമാക്കിയുള്ള സെർച്ചുകൾ ഇനി എളുപ്പമാകും. ഏറ്റവും വലുത്, നീളം കൂടിയത്, എന്നിങ്ങനെയുള്ള തരംതിരിവുകളും സാധ്യമാകും.

ഈ സാങ്കേതികവിദ്യ ഇനിയും പൂർണ്ണമായിട്ടില്ല, അതിനാൽ തുടക്കത്തിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നല്കാൻ കഴിഞ്ഞെന്നു വരില്ലെന്ന് ഗൂഗിൾ തന്നെ പറയുന്നു. വോയിസ് സേർച്ച്‌ കൂടുതൽ കൃത്യത ഉള്ളതാവുന്നതോടെ ഗൂഗിൾ വലിയ മുന്നേറ്റം മൊബൈൽ സാങ്കേതിക വിദ്യയിൽ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.