ഫോർസ്റ്റാർ ഹോട്ടലില്‍ താമസിച്ചിരുന്നവരെ ഹാക്കർമാർ മുറിക്കുള്ളില്‍ പൂട്ടിയിട്ടു!

ഒരേയൊരു ലാപ്‌ടോപും ഇന്റര്‍നെറ്റ് കണക്ഷനും കൊണ്ട് ലോകം മുഴുവന്‍ കീഴടക്കുന്ന ഭീകര ഹാക്കര്‍മാരെ ഹോളിവുഡ് സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചാലോ? ആലോചിച്ചു നോക്കുമ്പോള്‍ കഥയെന്നു തോന്നുമെങ്കിലും സംഗതി സത്യമാണ്. ഓസ്ട്രിയയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചിരുന്നവര്‍ക്ക് ശരിക്കും ഇങ്ങനൊരു പണി കിട്ടി!

ആൽപൈൻ തറാച്ചർ ഹോഹി പാസ്സിലെ തടാകക്കരയിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഹോട്ടലിന്റെ മുഴുവന്‍ സംവിധാനങ്ങളും ഇലക്ട്രോണിക് കീ മാനേജ്‌മെന്റ് വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ടെക് സംവിധാനമാണ് ഹാക്കര്‍മാർ തകർത്തത്.

പുറത്തു പോയി വന്നവർ തങ്ങളുടെ റൂമിന്റെ നമ്പര്‍ ലോക്ക് തുറക്കാന്‍ നോക്കിയപ്പോള്‍ 'ഇന്‍വാലിഡ്' എന്നായിരുന്നു കാണിച്ചത്. അകത്തുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനുമായില്ല. എന്തിന്, ഹോട്ടലിലെ കംപ്യൂട്ടര്‍ പേയ്‌മെന്റ് സിസ്റ്റം വരെ ഹാക്കര്‍മാര്‍ തട്ടിയെടുത്തു. എത്ര ശ്രമിച്ചിട്ടും ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇത് നേരെയാക്കാന്‍ സാധിച്ചതുമില്ല.

ഇതിനിടെ 1,500 യൂറോ (ഏകദേശം 1,10,000 രൂപ) തന്നാല്‍ ഈ സിസ്റ്റം എല്ലാം ശരിയാക്കി തിരിച്ചു നല്‍കാമെന്നു ഹാക്കര്‍മാരുടെ അറിയിപ്പു വന്നു. അത് സ്വീകരിക്കുകയല്ലാതെ ഹോട്ടലിനു മറ്റു വഴികള്‍ ഇല്ലായിരുന്നു. അധികം പണം ചോദിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ ചോദിച്ച തുക കൊടുത്ത് അവര്‍ സിസ്റ്റം പുനഃസ്ഥാപിച്ചു.

പൊലീസിനു ഇക്കാര്യത്തില്‍ സഹായിക്കാന്‍ സാധിച്ചില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനിയാവട്ടെ ഇതുമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നൽകാനും തയാറായില്ല. മൂന്നാമത്തെ തവണയാണത്രേ ഹോട്ടല്‍ ഇതുപോലെ ഹാക്ക് ചെയ്യപ്പെടുന്നത്. പേയ്‌മെന്റ് കിട്ടിക്കഴിഞ്ഞ ശേഷം വീണ്ടും ഹാക്ക് ചെയ്യാന്‍ അതേ ടീം തന്നെ ശ്രമിച്ചുവെന്നും ഹോട്ടലധികൃതര്‍ ആരോപിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും കൂടുതല്‍ മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചതിനാല്‍ ഹാക്ക് ചെയ്യപ്പെട്ടില്ല.

111 വര്‍ഷം പഴക്കമുള്ള ഹോട്ടലാണിത്. എന്നാൽ ഹക്കിങ് ഭയന്ന് ഇലക്ട്രോണിക് കീകള്‍ക്ക് പകരം നേരത്തെ ഉണ്ടായിരുന്ന സാധാരണ ലോക്കുകളും കീകളും ഉപയോഗിക്കാന്‍ പോവുകയാണെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചു.