Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിപ്പിക്കും ഈ കണ്ടെത്തൽ, നിങ്ങളുടെ പണവും തട്ടും എടിഎം വഴി (വിഡിയോ)

atm

ഒന്നരമാസം മുൻപാണ്. കൃത്യമായിപ്പറഞ്ഞാൽ ഇക്കഴിഞ്ഞ ജൂൺ 24ന്. ഓസ്ട്രിയയിൽ നിന്നുള്ള ഒരു വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. ടെക്നോ വിദഗ്ധനായ ബെഞ്ചമിൻ ടെഡിസ്കോയുടെ ചാനലിലായിരുന്നു വിയന്നയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിനടുത്തുള്ള എടിഎമ്മില്‍ നിന്നുള്ള വിഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടത്. എടിഎം കാർഡ് ഇൻസെർട്ട് ചെയ്യുന്ന ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന സ്കിമ്മറിനെപ്പറ്റിയായിരുന്നു രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ആ വിഡിയോ. കുടുംബവുമൊത്ത് അമേരിക്കയിൽ നിന്ന് അവധിയാഘോഷത്തിനെത്തിയതായിരുന്നു ടെ‍ഡിസ്കോ. ഏത് എടിഎമ്മിൽ കയറിയാലും മൊത്തം പരിശോധിക്കുന്ന സ്വഭാവമുള്ളതിനാൽ ഇത്തവണയും മൊത്തത്തിലൊന്നു നോക്കി.

മെട്രോ സ്റ്റേഷനു തൊട്ടടുത്ത്, വഴിയരികിൽത്തന്നെയുള്ള എടിഎമ്മാണ്. എന്തെങ്കിലും കൃത്രിമം ആരെങ്കിലും നടത്തിയാൽത്തന്നെ ഒട്ടേറെപ്പേരുടെ ശ്രദ്ധയിൽപ്പെടാവുന്ന ഇടം. പക്ഷേ ടെഡിസ്കോ എടിഎം കാർഡ് സ്വൈപ് ചെയ്യുന്ന പച്ച നിറമുള്ള ഭാഗത്ത് വെറുതെ പിടിച്ചൊന്നു വലിച്ചു. അതങ്ങ് കയ്യോടെ ഇളക്കിപ്പോന്നു. എടിഎം കാർഡിലെ മാഗ്നറ്റിക് സ്ട്രിപ്പിലുള്ള വിവരം മുഴുവനും റീഡ് ചെയ്തെടുക്കാനുള്ള സ്കിമ്മർ ആയിരുന്നു ഇളകിപ്പോന്നത്. തൊട്ടപ്പുറത്തു തന്നെയുള്ള എടിഎം പരിശോധിച്ചെങ്കിലും അതിനു കുഴപ്പമൊന്നുമില്ലായിരുന്നു. എന്തായാലും വിയന്ന പൊലീസിനെ ടെഡിസ്കോ വിവരമറിയിച്ചു. ഈ കാഴ്ച ഷൂട്ട് ചെയ്ത് യൂട്യൂബിലുമിട്ടു. പ്രതികളെ ആരെയും പിടികൂടിയില്ലെങ്കിലും ഇതുവരെ അരക്കോടിയിലേറെപ്പേർ ആ വിഡിയോ കണ്ടുകഴിഞ്ഞു. വിഡിയോ പരിശോധിച്ച മറ്റൊരു ടെക് വിദഗ്ധൻ ഒരു കാര്യം കൂടി കണ്ടെത്തി. എടിഎം കാർഡിന്റെ പിൻനമ്പർ ടൈപ്പ് ചെയ്യുന്ന ഭാഗത്തിന്റെ തൊട്ടുമുകളിലായിത്തന്നെ പൊട്ടുപോലെ എന്തോ ഉണ്ട്. മറ്റൊന്നുമല്ല, പിൻ നമ്പർ ടൈപ്പ് ചെയ്യുന്നത് റെക്കോർഡ് ചെയ്തെടുക്കുന്ന ക്യാമറ തന്നെ.

പാശ്ചാത്യമാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തെങ്കിലും കേരളത്തിലത് കാര്യമായി പ്രചരിക്കപ്പെട്ടില്ല. ‘ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന നിസ്സംഗതയായിരുന്നു എല്ലാവർക്കും. പക്ഷേ തിരുവനന്തപുരത്ത് ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച നടന്ന സംഭവത്തോടെ ഒരു കാര്യം ഉറപ്പായി. വിദേശരാജ്യങ്ങളിൽ മാത്രം നടന്നിരുന്നുവെന്നു നാം കരുതിയിരുന്ന എടിഎം സൈബർ തട്ടിപ്പ് നമ്മുടെ നാട്ടിലുമെത്തിയിരിക്കുന്നു. അതും പാശ്ചാത്യരെയും വെല്ലുന്ന വിധത്തിൽ. എടിഎം മെഷീനു മുകളിലെ സ്മോക് ഡിറ്റക്റ്ററിനുള്ളിൽ ക്യാമറ സ്ഥാപിക്കുകയും അതുവഴി പിൻ ടൈപ്പ് ചെയ്യുന്നതിന്റെ വിഡിയോ പകർത്തുകയും ആ വിഡിയോ മെമ്മറി കാർഡിൽ സൂക്ഷിക്കുകയും പിന്നീട് സിം കാർഡ് വഴി ഫോണിലൂടെ സ്വീകരിക്കുകയും ചെയ്യുന്ന ടെക്നോ തന്ത്രമാണ് തിരുവനന്തപുരത്തു കണ്ടത്. ഈ ക്യാമറ-ബാറ്ററി-മെമ്മറി കാർഡ്-സിം കാർഡ് ‘കൂട്ടിനെ’ എടിഎം മുറിയിൽ സ്ഥാപിച്ചു കഴിഞ്ഞാൽ ബാക്കിയെല്ലാം എവിടെയിരുന്നു വേണമെങ്കിലും നിയന്ത്രിക്കാമെന്നു ചുരുക്കം.

എടിഎമ്മിൽ സ്ഥാപിച്ചിരിക്കുന്ന സ്കിമ്മർ സൗകര്യം പോലെ എപ്പോഴെങ്കിലും എടുത്തുകൊണ്ടു പോയാൽ മതി. അതിനകത്ത് ഓരോ എടിഎം കാർഡിലെയും മാഗ്നറ്റിക് സ്ട്രിപ്പിൽ നിന്നെടുത്ത വിവരങ്ങളുണ്ടാകും. അതുപയോഗിച്ച് വ്യാജ കാർഡുകളുണ്ടാക്കാം. ഓരോ കാർഡിന്റെയും പിൻ നമ്പർ കൂടി കൈയ്യിലാകുന്നതോടെ രാജ്യത്തെ ഏത് എടിഎമ്മിൽ നിന്നു വേണമെങ്കിലും ‘നിയമാനുസൃത’മായെന്ന പോലെ പണം പിൻവലിക്കാമെന്നാകും. ഒരൊറ്റ ദിവസം കൊണ്ട് 16 ഇടപാടുകാരിൽ നിന്ന് ഇത്തരത്തിൽ തിരുവനന്തപുരത്തു നിന്നു മാത്രം തട്ടിയെടുത്തത് രണ്ടരലക്ഷം രൂപയാണ്. ജൂൺ അവസാനവാരം വെള്ളയമ്പലത്തെ ഒരു എടിഎമ്മിൽ നിന്ന് ഇടപാടുകൾ നടത്തിയവരുടെ പണമാണു നഷ്ടമായത്. ആ ഒരാഴ്ചക്കാലത്താകണം എടിഎമ്മിൽ സ്കിമ്മർ ഉണ്ടായിരുന്നിട്ടുണ്ടാകുക.

വലിയ ചെലവൊന്നുമില്ലാതെ നിർമിക്കാനാകുമെന്നതിനാൽ ക്യാമറ ഉപേക്ഷിച്ചിട്ടുമുണ്ടാകും. സ്കിമ്മറാകട്ടെ ഇപ്പോഴും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തെ മറ്റൊരു എടിഎമ്മിൽ തട്ടിപ്പിനു തയാറായി ഘടിപ്പിക്കപ്പെട്ടിട്ടുമുണ്ടാകും. ട്രാക്ക് ചെയ്ത് കണ്ടെടുക്കാൻ പോലും പറ്റില്ല. സൈബർ സുരക്ഷയിലുള്ള കേരളത്തിന്റെ വിമുഖതയ്ക്കു കിട്ടിയ തിരിച്ചടി കൂടിയാണ് വെള്ളയമ്പലത്തെ തട്ടിപ്പ്. എടിഎമ്മിൽ സ്കിമ്മറും ക്യാമറയും ഘടിപ്പിച്ചുള്ള തട്ടിപ്പിന്റെ കഥ പറഞ്ഞ ഒരു മലയാള ചിത്രം ഏഴു വർഷം മുൻപ് പുറത്തിറങ്ങിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ‘റോബിൻഹുഡ്’ എന്ന ആ ചിത്രത്തിലെ എടിഎം തട്ടിപ്പിനു സമാനമാണ് ഇപ്പോൾ നടന്നിരിക്കുന്നതും. 

Your Rating: