ടെക്കി എണീറ്റാൽ ലൈറ്റ് അണയും; ഇരുന്നാൽ കത്തും

തിരുവനന്തപുരം∙ ‘പോകുമ്പോൾ ആ ലൈറ്റൊന്ന് അണച്ചിട്ടു പോ എന്നു മേലുദ്യോഗസ്ഥരെക്കൊണ്ടു പറയിക്കാതിരിക്കാൻ മാത്രമല്ല ഇൻഫോസിസിലെ ഇൗ പുതിയ സംവിധാനം. നാട്ടുകാർക്കു കിട്ടേണ്ട വൈദ്യുതി ഒരു കമ്പനി ഒറ്റയ്ക്കു വിഴുങ്ങിത്തീർക്കാതിരിക്കാൻ കൂടിയാണ്.

ഇൻഫോസിസ് തിരുവനന്തപുരം ക്യാംപസിൽ ഇനി ജോലി കഴിഞ്ഞു ടെക്കികൾ എഴുന്നേറ്റു സ്ഥലം വിടുമ്പോൾ മുറിയിലെ ലൈറ്റ് അണയും. ടെക്കി തിരികെ മുറിയിൽ കയറുമ്പോൾ ലൈറ്റു തെളിയും. സെൻസറുകളുള്ള ബൾബുകളാണ് ഇൗ പരിസ്ഥിതി സൗഹൃദ ലൈറ്റിങ്ങിനു പിന്നിൽ. ക്യാംപസിൽ നേരത്തേ ഉണ്ടായിരുന്ന ടി5 ബൾബുകളെല്ലാം മാറ്റി പകരം സെൻസറുകൾ ഉള്ള എൽഇഡി ബൾബുകൾ സ്ഥാപിച്ചു കഴിഞ്ഞു.

കസേരയിൽ ആളില്ലെങ്കിൽ അതു സെൻസർ കണ്ടെത്തുകയും ലൈറ്റ് ഓഫ് ആകുകയും ചെയ്യും. ആവശ്യത്തിനു സൂര്യപ്രകാശം മുറിക്കുള്ളിലുണ്ടെങ്കിൽ അതിനനുസരിച്ച് പാസീവ് ഇൻഫ്രാറെഡ് ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ബൾബുകൾ പ്രകാശം ക്രമീകരിക്കും. സംവിധാനം നടപ്പാക്കിയതോടെ വൈദ്യുതി ഉപയോഗത്തിൽ 40% കുറവുണ്ടായെന്നു ഇൻഫോസിസ് അധികൃതർ പറഞ്ഞു. ഭക്ഷണാവശിഷ്ടങ്ങൾ ബയോഗ്യാസായി മാറ്റുന്നതിനുള്ള സംവിധാനവും ഇൻഫോസിസിൽ ഒരുക്കിയിട്ടുണ്ട്.