എണ്‍പത്തിയൊന്നാം വയസില്‍ ഐഫോണ്‍ ആപ് നിര്‍മ്മിച്ച ജപ്പാന്‍കാരി

എണ്‍പത്തിയൊന്നാം വയസില്‍ ആദ്യത്തെ ഐഫോണ്‍ ആപ് നിര്‍മിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ജപ്പാന്‍കാരിയായ മസാകോ വകാമിയ. പ്രായം കുറഞ്ഞവര്‍ക്കും പുതു തലമുറക്കാര്‍ക്കും മാത്രം വഴങ്ങുന്നതാണ് ആപ്ലിക്കേഷനുകളും കംപ്യൂട്ടര്‍ പ്രോഗാമുകളുമെന്ന അബദ്ധധാരണയെ തിരുത്തുകയാണ് അറുപതാം വയസില്‍ ആദ്യമായി കംപ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങിയ വകാമിയ.

ജപ്പാനിലെ പ്രമുഖ ബാങ്കില്‍ 43 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വകാമിയ കംപ്യൂട്ടറിന്റെയും പ്രോഗ്രാമിംങിന്റേയും ലോകത്തേക്കെത്തുന്നത്. ജപ്പാനിലെ സുപ്രസിദ്ധമായ പാവകളുടെ ഉത്സവമായ ഹിനമത്സുരിയുടെ ഭാഗമായാണ് വകാമിയ ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. എങ്ങനെ പരമ്പരാഗതരീതിയില്‍ ഹിനമത്സുരിക്കായി പാവകളെ നിരത്താമെന്നാണ് ആപ് കാണിച്ചുതരുന്നത്.

ഹിനഡാന്‍ (Hinadan) എന്ന ആപ്ലിക്കേന്റെ പേര് രണ്ട് വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് ലഭിച്ചിരിക്കുന്നത്. ഹിന എന്നാല്‍ പാവ എന്നാണ് ജാപ്പനീസ് ഭാഷയില്‍ അര്‍ഥം. ഡാന്‍ എന്നാല്‍ തട്ടുകളെന്നും. തട്ടുകളില്‍ എങ്ങനെ ശരിയായ രീതിയില്‍ പാവകളെ വെക്കാമെന്നാണ് ഹിനഡാന്‍ പഠിപ്പിക്കുന്നത്. നാല് തട്ടുകളിലായി 12 പാവകളെയാണ് ആപ്ലിക്കേഷനില്‍ നിരത്തിവെക്കേണ്ടത്. പാവകളെ കൃത്യമായി അതാതിന്റെ സ്ഥാനത്ത് അണിനിരത്തുകയാണ് ലക്ഷ്യം.

വകാമിയക്ക് ജാപ്പനീസിലും ഇംഗ്ലീഷിലും അപ്‌ഡേഷനുള്ള ബ്ലോഗും സ്വന്തമായുണ്ട്. യാത്രകളും അനുഭവങ്ങളും ചിന്തകളുമൊക്കെയാണ് ബ്ലോഗിലെ വിഷയങ്ങള്‍. വകാമിയയുടെ ടെഡ് എക്‌സ് പ്രസംഗവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.