അതിവേഗ റെയിൽ‌വെ ടിക്കറ്റ് ബുക്കിങ്ങിന് പുത്തൻ ആപ്പ് പുറത്തിറക്കി!

ഡിജിറ്റൽ ഇടപാടുകൾ സജീവമാക്കുന്നതിന്റെ ഭാഗമായി റെയിൽ‌വെ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ആപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം റെയിൽ‌വെ മന്ത്രി സുരേഷ് പ്രഭുവാണ് ഐആർസിടിസി റെയിൽ കണക്റ്റ് ആപ്പ് പുറത്തിറക്കിയത്. നിലവിലെ ആപ്ലിക്കേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ ആപ്പ് അതിവേഗമുള്ളതും ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദവുമാണെന്നാണ് റയില്‍വേ മന്ത്രാലയം അറിയിച്ചത്. ആപ്പ് വഴി കൂടുതല്‍ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. നിലവിൽ ദിവസവും 10 ലക്ഷം പേരാണ് ഇ–ടിക്കറ്റിങ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റിങ് ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ ഫീച്ചറുകള്‍ അനിവാര്യമാണ്. ഇപ്പോഴുള്ള ആപ്പ് പലപ്പോഴും വേഗതയും ശേഷിയും താരതമ്യേന കുറവായിരുന്നു. ഇതോടെയാണ് പുതിയ സാങ്കേതിക വിദ്യകളും സംവിധാനവും ഉൾപ്പെടുത്തി പുതിയ ആൻഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ചെടുത്തത്.

ടിക്കറ്റിങ് വെബ്‌സൈറ്റുകളുമായും ഇത് ബന്ധിപ്പിക്കുന്നുണ്ട്. നിലവില്‍ അങ്ങനെയൊരു സംവിധാനമില്ല. പഴയ ആപ്പില്‍ ഉണ്ടായിരുന്ന പോലെത്തന്നെ ട്രെയിനുകള്‍ തിരയാനും നിലവിലുള്ള റിസര്‍വേഷന്‍ നോക്കാനും വേണമെങ്കില്‍ അവ കാന്‍സല്‍ ചെയ്യാനും അടുത്ത യാത്രയുടെ അലര്‍ട്ടുകള്‍ക്കുമെല്ലാം ഇതിലും സൗകര്യമുണ്ട്.

നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ വിവരങ്ങള്‍ ഇതില്‍ സൂക്ഷിക്കും. ഇതിനാല്‍ ഓരോ തവണയും യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കി ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല. പുതിയ രജിസ്ട്രേഷനും ആക്ടിവേഷവും ആപ്പ് വഴി സാധിക്കും. പുതിയ ആപ്പ് ഐആർടിസിയുടെ ഇ–വോലെറ്റുമായും ബന്ധിപ്പിച്ചിട്ടുണ്ട്.