ജിഷ വധം, നടിയെ ആക്രമിക്കൽ, മിഷേൽ... എല്ലാ കേസും തെളിയിക്കാൻ ഈ ഫോണുകൾ മതി

അടുത്തകാലത്തായി, ഏതു ക്രിമിനൽ കേസ് എടുത്താലും ഏതെങ്കിലും പക്ഷത്ത് മൊബൈൽ ഫോണുണ്ട്. പലപ്പോഴും പ്രതികൾക്കൊപ്പം, ചിലപ്പോൾ ഇരയ്ക്കൊപ്പം, മറ്റു ചിലപ്പോൾ സാക്ഷിക്കൊപ്പം. കേസ് എന്തുതന്നെയായാലും കുറ്റപത്രം സമർപ്പിച്ചു വിചാരണ തുടങ്ങുമ്പോൾ ഈ മൊബൈൽ ഫോൺ കൂറുമാറി പൊലീസിന്റെ പക്ഷത്താവും. അത്രയധികം തെളിവുകളാണു മൊബൈൽ ഫോണുകൾ അന്വേഷണ ഘട്ടത്തിൽ പൊലീസിനു കൈമാറുന്നത്. അടുത്ത കാലത്ത് ഒരു ന്യായാധിപൻ ചോദിച്ചു: ‘‘മൊബൈൽ ഫോണില്ലെങ്കിൽ പൊലീസിനു കേസുകൾ തെളിയിക്കാൻ കഴിയില്ലേ...?’’

മൊബൈൽ ഫോണില്ലാത്ത കാലത്തു കുറ്റകൃത്യങ്ങൾ എത്ര വിദഗ്ധമായാണു പൊലീസ് തെളിയിച്ചിരുന്നത്. പക്ഷേ, കുറ്റവാളിയുടെ ആയുധംതന്നെ സൈബർ ഉപകരണങ്ങളാവുമ്പോൾ കുറ്റാന്വേഷണരീതികളിലും മാറ്റമുണ്ടാവും. ഓരോ കേസിലും ഇന്ത്യൻ തെളിവു നിയമപ്രകാരം പൊലീസിന് ഏറ്റവും വിശ്വസിക്കാവുന്ന തെളിവുകളാണു മൊബൈൽ ഫോൺ രേഖകൾ പ്രോസിക്യൂഷനു നൽകുന്നത്. മൊബൈൽ ഫോണുകളെ ഒഴിവാക്കി വിചാരണ ഇന്നു സാധ്യമെന്നു തോന്നുന്നില്ല. ഇന്ത്യൻ വിവര സാങ്കേതിക നിയമം (ഐടി ആക്റ്റ് 2000) അതിന്റെ ശക്തി കാട്ടുന്ന കേസുകളാണ് ഓരോ ദിവസവും കോടതികളിൽ വിചാരണ ചെയ്യപ്പെടുന്നത്. 2008–ലെ നിയമ ഭേദഗതിയോടെ ഇരട്ടി ശക്തി നേടിയ ഐടി ആക്ട്, ഒറ്റനോട്ടത്തിൽ ചെറുതെന്നു തോന്നുന്ന പ്രവൃത്തികൾക്കുപോലും കടുത്ത ശിക്ഷ ഉറപ്പാക്കി.

∙ പെരുമ്പാവൂർ കുറുപ്പംപടി കേസിൽ കൊല്ലപ്പെട്ട ജിഷ ഉപയോഗിച്ചിരുന്ന ഫോൺ, കണ്ടെടുത്ത പെൻ ക്യാമറ.
∙ ഇതേ കേസിലെ പ്രതി അമീറുൽ ഇസ്‌ലാം ഉപയോഗിച്ചിരുന്ന ഫോൺ.
∙ ജിഷ കൊല്ലപ്പെട്ട ദിവസം കുറുപ്പംപടി ഭാഗത്തെ മൊബൈൽ ഫോൺ ടവറുകൾ വഴി നടന്ന 22 ലക്ഷം ടെലിഫോൺ സംഭാഷണ ശകലങ്ങൾ.
∙ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ.
∙ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിറവം സ്വദേശിയായ സിഎ വിദ്യാർഥിനി മിഷേലിനെ കാണാതായ ദിവസം ഫോണിലേക്ക് എത്തിയ എസ്എംഎസ് സന്ദേശങ്ങളുടെ ഉള്ളടക്കം.

പൊതുജനങ്ങൾ ശ്രദ്ധിച്ച ഇത്തരം കേസുകളിൽ മാത്രമല്ല, ജില്ലയിൽ ഒരു ദിവസം റജിസ്റ്റർ ചെയ്യുന്ന 80% കേസുകളിൽ മൊബൈൽ ഫോൺ സംബന്ധമായ ഒരു നിർണായക പരാമർശമെങ്കിലും കടന്നുവരുന്നുണ്ട്.

സൈബർ ഫൊറൻസിക് എന്ന വഴികാട്ടി ഇതേക്കുറിച്ചു വിദഗ്ധർ പറയുന്നത്: ‘‘നിങ്ങളുടെ തലയിലെഴുത്തു മനസ്സുവച്ചാൽ മാറ്റാം, പക്ഷേ, സൈബർ അടയാളങ്ങൾ മായ്ക്കാമെന്നു കരുതരുത്.’’ ഇന്റർനെറ്റ് ഉപയോഗിച്ചു സ്വന്തം സ്വകാര്യതയിൽ സ്വന്തം മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്നു കരുതേണ്ട; അത് എസ്എംഎസായാലും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റായാലും ഭീകരപ്രവർത്തകർ ഉപയോഗിക്കുന്നതെന്ന പേരുദോഷം കേട്ട ‘ടെലിഗ്രാം മെസഞ്ചർ’ ആയാലും. സൈബർ ലോകത്ത് എന്തെങ്കിലും രേഖപ്പെട്ടാൽ അതു മായാതെ കിടക്കും എന്നു ചുരുക്കം. എസ്എംഎസ്, സോഷ്യൽ മീഡിയ പോസ്റ്റ്, ടെലിഫോൺ വിളികൾ, മൊബൈൽ ഫോണുകൾ, ടാബുകൾ, പഴ്സനൽ കംപ്യൂട്ടറുകൾ എല്ലാം എണ്ണിപ്പെറുക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകൾ സൈബർ ഫൊറൻസിക് വിദഗ്ധരുടെ പക്കലുണ്ട്. സ്വകാര്യതയെന്ന വാക്കിന് അർഥമില്ലാത്ത ഇടമാണു സൈബർ ലോകം.

തെളിവുകൾ സ്വയം നഷ്ടപ്പെടുത്തുന്ന പൊലീസ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തൊണ്ടിയായി പിടികൂടിയാൽ അതു പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറോ ഉദ്യോഗസ്ഥരുടെ സ്വകാര്യ കംപ്യൂട്ടറോ ഉപയോഗിച്ചു പരിശോധിച്ചു തെളിവ് അതിലുണ്ടെന്ന് ഉറപ്പാക്കുന്ന രീതി പൊലീസിനുണ്ട്. സിഡികൾ, പെൻഡ്രൈവ്, മെമ്മറി കാർഡ്, സ്മാർട്ട്ഫോൺ, ലാപ് ടോപ്പ്, ടാബ് എന്നിവയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ തുറന്നു പരിശോധിക്കുക. സൈബർ രംഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണു പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. ചില ഫയലുകൾ ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്തു കാണാൻ കഴിയുന്നതായിരിക്കും.

മറ്റു ചിലതു തുറന്നാൽ, അതിൽ രേഖപ്പെടുത്തിയ സമയക്രമത്തിൽ മാറ്റംവരും. പലപ്പോഴും കേസ് വിചാരണയ്ക്കെത്തുമ്പോൾ പൊലീസിന്റെ ഇത്തരം പ്രവൃത്തികൾ പ്രോസിക്യൂഷനു തിരിച്ചടിയാവും. അടുത്തകാലത്തു നടി ആക്രമിക്കപ്പെട്ട കേസിലാണു പൊലീസ് ബുദ്ധിപരമായി നീങ്ങിയത്. കേസുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, പെൻഡ്രൈവ് തുടങ്ങി 15 ഉപകരണങ്ങളിൽ ഒന്നുപോലും പൊലീസ് തുറന്നുനോക്കി പരിശോധിച്ചില്ല. എല്ലാം മുദ്രവച്ചു കോടതിയിൽ സമർപ്പിച്ചു. ഇതു മാതൃകയാക്കിയാൽ സൈബർ കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ കൂടുതൽ കരുത്തു നേടും.

കുറ്റവും ശിക്ഷയും 1. സൈബർ മാധ്യമങ്ങൾ ഉപയോഗിച്ചു രാജ്യത്തിനെതിരെ പോരാടുക, ദേശവിരുദ്ധ പ്രചാരണം നടത്തുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക തുടങ്ങിയ കുറ്റങ്ങൾക്കു ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന വിവിധ ശിക്ഷകൾക്കു പുറമേ, ഐടി നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്ക്കു വകുപ്പുണ്ട്.

2. ഒരു വ്യക്തിയെയൊ സ്ഥാപനത്തേയൊ വഞ്ചിക്കാൻ സൈബർ വിവരങ്ങൾ, ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ തടവു ശിക്ഷ മൂന്നു വർഷം വരെ ലഭിക്കും. കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താം.

3. ഒരാളുടെ വിലപ്പെട്ട വിവരങ്ങൾ, രേഖകൾ എന്നിവ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അയാളുടെ കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ് എന്നിവ നശിപ്പിച്ചാൽ കോടതിക്ക് ഒരുകോടി രൂപവരെ പിഴ ചുമത്താൻ പുതുക്കിയ ഐടി നിയമത്തിൽ വകുപ്പുണ്ട്.

4. അധികാരികളെ അറിയിക്കാതെ ഔദ്യോഗിക രേഖകൾ സൈബർ മാർഗത്തിലൂടെ ചോർത്തുന്നതിനുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയുമാണ്.

5. മോഷ്ടിച്ചെടുത്ത മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവർക്കും മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാം (ഇത്തരം ഉപകരണങ്ങൾ അറിയാതെ ഉപയോഗിക്കുന്നവരും കേസിൽ കുടുങ്ങുമെന്ന ബലഹീനത ഈ നിയമത്തിനുണ്ട്).

6. ഇ–മെയിൽ, സോഷ്യൽ മീഡിയ, ഡോക്കുമെന്റ് എന്നിവയുടെ പാസ്‌വേ‍‍ഡുകൾ ചോർത്തി ദുരുപയോഗിക്കുന്നവർക്കുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ്.

7. മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി അതു പ്രചരിപ്പിക്കുന്നവർക്കു മൂന്നു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ചുമത്താം.

8. പരിധിവിട്ട അശ്ലീലം വാക്കുകളായോ ചിത്രങ്ങളായോ പ്രചരിപ്പിച്ചാലും കടുത്ത ശിക്ഷ ലഭിക്കും. അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും. ഇതേ കുറ്റത്തിന് ഇരയാവുന്നതു കുട്ടികളാണെങ്കിൽ തടവുശിക്ഷ ഏഴു വർഷം വരെ വർധിക്കും.

9. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആൾമാറാട്ടം നടത്തിയാലും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

10. ഒരാളുടെ സമ്മതമില്ലാതെ അയാളുടെ ചിത്രം, ഫോൺ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ മറ്റൊരാൾക്കു സൈബർ മാധ്യമങ്ങളിലൂടെ കൈമാറുന്നതു പോലും പുതിയ വിവരസാങ്കേതിക നിയമത്തിന്റെ പരിധിയിൽ കുറ്റകൃത്യമാണ്.

വേണ്ടതു രാജ്യാന്തര സ്വീകാര്യതയുള്ള സൈബർ നിയമങ്ങൾ രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ചു കുറ്റകൃത്യം ചെയ്യാൻ എളുപ്പമാണു സൈബർ ലോകത്ത്. ശ്രീലങ്കക്കാരനായ വിക്ടർ ഡിസിൽവ ചെന്നൈയിലെ ശ്രീവത്സന്റെ ലാപ്ടോപ്പ് ഉപയോഗിച്ചു ജർമൻകാരനായ മത്യാസ് യൂദായുടെ വ്യാജ പ്രൊഫൈലുണ്ടാക്കി ബ്രിട്ടിഷുകാരിയായ മേരി ആനെ കബളിപ്പിച്ചു പണം തട്ടിയെടുത്താൽ അന്വേഷണ ഉദ്യോഗസ്ഥർ കുടുങ്ങിപ്പോവും. മേരിയുടെ പരാതിയിൽ ഏതു രാജ്യത്തെ പൊലീസ് കേസ് അന്വേഷിക്കും? ഏതു കോടതിയിൽ കുറ്റപത്രം സമർപ്പിക്കും? ഇതിനിടയിൽ പാക്കിസ്ഥാനിലേക്കു കടന്ന വിക്ടർ ഡിസിൽവയെ എങ്ങനെ അറസ്റ്റ് ചെയ്യും? സത്യത്തിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ് ഇത്തരം സൈബർ കേസുകൾ സൃഷ്ടിക്കുന്നത്. രണ്ടാമത്തെ വെല്ലുവിളി സോഷ്യൽ മീഡിയാ സ്ഥാപനങ്ങളും സെൽഫോൺ കമ്പനികളും അവരുടെ പക്കലുള്ള അന്വേഷണ വിവരങ്ങൾ പൊലീസിനു കൈമാറാൻ കാണിക്കുന്ന അമാന്തമാണ്.