ജിയോ വീണ്ടും അദ്ഭുതപ്പെടുത്തി, വെൽകം ഓഫർ തുടരും, പുതിയ പദ്ധതികൾ ഉടൻ

റിലയന്‍സ് ജിയോ ഫ്രീ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു വെല്‍ക്കം ഓഫറിന്റെ കാലാവധി.

ജിയോ ഹാപ്പി ന്യൂ ഇയര്‍ എന്ന പേരിലാണ് ഓഫർ നീട്ടിയിരിക്കുന്നത്. ലോകത്തില്‍ അതിവേഗം വളരുന്ന കമ്പനിയായി റിലയന്‍സ് ജിയോ മാറി, ഫെയ്‌സ്ബുക്കിനേക്കാളും എത്രയോ വേഗതയിലാണ് ജിയോ കുതിക്കുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു. കേവലം അഞ്ചു മിനുറ്റുകള്‍ക്കുള്ളിലാണ് ജിയോ സിം ആക്റ്റിവേറ്റ് ചെയ്യുന്നത്. ലോകത്തില്‍ തന്നെ ഇത്രയും വേഗതയില്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന മൊബൈൽ സിം ഇല്ലെന്നും മുകേഷ് അംബാനി പറഞ്ഞു.

ഇതിനിടെ റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണം അഞ്ചു കോടി കടന്നു. കേവലം 83 ദിവസത്തിനിടെയാണ് ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് കുറഞ്ഞ നിരക്കിൽ അതിവേഗ 4ജി സേവനം ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യം.

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഓരോ മിനിറ്റിലും ആയിരം പുതിയ വരിക്കാരാണ് ജിയോയ്ക്കൊപ്പം ചേരുന്നത്. ദിവസം ഏകദേശം ആറു ലക്ഷം വരിക്കാരും ചേരുന്നു. ലോകത്തിലെ തന്നെ റെക്കോർഡ് നേട്ടമാണിതെന്നാണ് റിപ്പോർട്ട്.

നിലവിൽ വിപണിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന എയർടെൽ 5 കോടി വരിക്കാരെ സ്വന്തമാക്കാൻ 12 വർഷം കാത്തിരിക്കേണ്ടിവന്നു. വൊഡാഫോൺ, ഐഡിയ കമ്പനികൾ ഈ നേട്ടം കൈവരിച്ചത് 13 വർഷം കൊണ്ടാണ്. പത്തു കോടി വരിക്കാരെയാണ് ജിയോ പ്രതീക്ഷിക്കുന്നത്.

ഒക്ടോബറിലെ കണക്കുകൾ പ്രകാരം ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 262.67 ദശലക്ഷമായിരുന്നു. വൊഡാഫോൺ വരിക്കാർ 201.90 ദശലക്ഷവും ഐഡിയ വരിക്കാര്‍ 180.25 ദശലക്ഷവുമാണ്. അതേസമയം, ഡിസംബർ 28 നു ജിയോയുടെ വലിയ പ്രഖ്യാപനം കാത്തിരിക്കുകയാണ് വരിക്കാർ. വെൽകം ഓഫർ മാർച്ച് വരെ നീട്ടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

മുകേഷ് അംബാനിയുടെ വാക്കുകൾ

∙ ജിയോ തുടങ്ങി ആദ്യ മൂന്നു മാസത്തിനിടെ ഫെയ്സ്ബുക്ക്, വാട്സാപ്പ്, സ്കൈപ് എന്നിവയെ പിന്നിലാക്കി
∙ ജിയോയ്ക്ക് അഞ്ചു കോടി വരിക്കാർ
∙ ജിയോ അതിവേഗം കുതിക്കുന്ന ടെക് കമ്പനി
∙ 80 ശതമാനം ജിയോ വരിക്കാരും ദിവസം ഒരു ജിബിക്കു താഴെ ഡേറ്റ ഉപയോഗിക്കുന്നു.
∙ എല്ലായിടത്തും അതിവേഗ നെറ്റ്‌വർക്കുകൾ ലഭ്യമാക്കും
∙ നോട്ടു നിരോധനം: ജനങ്ങളെ സഹായിക്കാൻ പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരും
∙ ജിയോ മണി ആപ്പ് വഴി ഡിസംബർ 5 മുതൽ ഇടപാടുകൾ നടത്താം
∙ ജിയോയെ തകർക്കാൻ മൂന്നു കമ്പനികൾ ശ്രമിക്കുന്നു
∙ ഡിസംബർ 31 നുള്ളിൽ 10 കോടി വരിക്കാർ ലക്ഷ്യം