സിനിമയിലെ കഥ യാഥാർഥ്യമാകാൻ പോകുന്നു, ആദ്യ പരീക്ഷണം വിജയം

ചന്ദ്രനിൽ കാലുകുത്തി വിജയകരമായി തിരിച്ചെത്തിയ മനുഷ്യൻ ചൊവ്വയെയും കീഴടക്കുമോ എന്നാണ് ശാസ്ത്രലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ചൊവ്വയിൽ മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിയുടെ തുടക്കമെന്നോണം പുതിയ റോക്കറ്റ് എ‌ൻജിൻ കഴിഞ്ഞ ദിവസം നാസ വിജയകരമായി പരീക്ഷിച്ചു. ആർ എസ് 25 റോക്കറ്റാണ് പരീക്ഷിച്ചത്.

വർഷങ്ങളായുള്ള ഗവേഷകരുടെ സ്വപ്നങ്ങൾ മൂന്നു വർഷത്തിനകം ലക്ഷ്യം കാണുമെന്ന് നാസ നേരത്തെ തന്നെ അറിയിച്ചിരുന്നു. ‘ദ് മാർഷ്യൻ’ എന്ന ഹോളിവുഡ് സിനിമയിലെ കഥ യാഥാർഥ്യമായി കാണാൻ ഇനി ഏറെ കാലം കത്തിരിക്കേണ്ടി വരില്ലെന്ന് ചുരുക്കം.

ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിയുടെ രൂപരേഖകൾ നാസ ഏകദേശം തയാറാക്കി കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ചൊവ്വയിലേക്കുള്ള പേടകത്തിന്റെയും വഹിക്കാനുള്ള ഭീമൻ റോക്കറ്റിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്. ലോകത്തെ ഏറ്റവും വലിയ റോക്കറ്റാണ് മനുഷ്യനെ ചൊവ്വയിലെത്തിക്കാനായി നാസയിലെ ഗവേഷകർ നിർമിച്ചിരിക്കുന്നത്.

പദ്ധതി 2018-ഓടെ പൂർത്തിയാകുമെന്നാണ് നാസയിലെ മുതിർന്ന ഗവേഷകർ അവകാശപ്പെടുന്നത്. സ്‌പേസ് ലോഞ്ചിങ് സിസ്റ്റം (എസ്.എൽ.എസ്) റോക്കറ്റ് നിർമ്മാണത്തിന്റെ പണി പൂർത്തിയായായതായി നാസ വക്താവ് അറിയിച്ചു. സാറ്റേൺ അഞ്ചിനു ശേഷം ഇതുആദ്യമായാണ് എക്‌സ്‌പ്ലൊറേഷൻ റോക്കറ്റിന്റെ സേവനം നാസ തേടുന്നത്. ലോകത്തെ ബഹിരാകാശ ഏജൻസികൾക്കൊന്നും ഇന്നേവരെ നിർമിക്കാൻ സാധിച്ചിട്ടില്ലാത്ത കരുത്തുറ്റ റോക്കറ്റാണ് ചൊവ്വയിലേക്ക് തിരിക്കുന്നത്. എസ്.എൽ.എസിനു കരുത്തുപകരുന്ന എൻജിന്റെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത്.

98 മീറ്റർ ഉയരവും (322 അടി) 2500 ടൺ ഭാരവുമുള്ള റോക്കറ്റാണ് നിർമ്മിക്കുന്നത്. 70 മെട്രിക് ടൺ (154,000 പൗണ്ട്) പേലോഡ് വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. റോക്കറ്റിന്റെ ഡിസൈൻ പൂർത്തിയായി. പ്രഥമ യാത്രയ്ക്കുള്ള അവശ്യവസ്തുക്കളെല്ലാം ഗവേഷകർ സ്വരൂപിച്ചുക്കൊണ്ടിരിക്കുകയാണ്.

അതേസമയം, നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കാൻ പോകുന്നതെന്ന് നാസയുടെ എക്‌സ്‌പ്ലൊറേഷൻ സിസ്റ്റംസ് ഡെവലപ്‌മെന്റ് ഡിവിഷൻ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിസിട്രേറ്റർ ബിൽ ഹിൽ പറഞ്ഞു. നിലവിലെ കാര്യങ്ങളെല്ലാം ശരിയായ വഴിക്കാണ് പോകുന്നത്. 2017 ൽ നടക്കുന്ന പരിശോധനയിൽ പദ്ധതി രൂപരേഖയ്ക്ക് അംഗീകാരം കിട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.