ഇന്ത്യയിൽ ജിയോ മാത്രമാകുമോ കളിക്കളത്തിൽ, മുകേഷ് അംബാനിയുടെ തന്ത്രമെന്ത്?

മുകേഷ് അംബാനി

ടൈക്കൂൺ എന്ന വാക്ക് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയത് മുകേഷ് അംബാനിയാണ്. ജിയോ എന്ന പേരിൽ ചീറിയടിച്ച ചുഴലി കാറ്റിൽ ടെലകോം ചെറുമരങ്ങൾ കടപുഴക്കിയെറിയപ്പെട്ടു. തമ്മില്‍ ലയിച്ചും ചാര്‍ജുകള്‍ വെട്ടിക്കുറച്ചും പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് മറ്റ് സേവനദാതാക്കൾ. സെപ്റ്റംബർ ഒന്നിനാണ് വെൽകം ഓഫറുമായി ജിയോ വിപണിയിലേക്ക് എത്തിയത്. ഡിസംബർ 31ന് ഹാപ്പി ന്യൂ ഇയർ ഓഫറായി അതു മാറി. മാർച്ച് 31ന് അടുത്ത പ്രൈം മെമ്പർഷിപ്പെന്ന പണം ഈടാക്കൽ പരിപാടിയിലേക്ക് കമ്പനി കടക്കും. ഒരു തവണ 99 രൂപ അടയ്ക്കുകയും മാസം 303 രൂപയ്ക്ക് ചാർജ് ചെയ്യുകയും ചെയ്താൽ മാത്രമേ നിലവിലെ സേവനം തുടർന്നും ലഭിക്കൂ.

മറ്റുള്ള സേവനദാതാക്കളെ അപേക്ഷിച്ചു നോക്കിയാൽ ജിബിക്ക് പത്തുരൂപയടുത്ത് നിരക്കാണ് എന്നത് ആകർഷകമാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഏതായാലും ജിയോയെ അടുത്ത് നിരീക്ഷിക്കുകയാണ് വിപണി. കാരണം വിപണിയിലെത്തി 170 ദിവസത്തിനകം ഏകദേശം 10 കോടി ഉപഭോക്താക്കളാണ് ജിയോ നേടിയത്. എയർടെൽ, വോ‍ഡഫോൺ, ഐഡിയ എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനത്താണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ‌ ജിയോയുടെ സ്ഥാനം. ദിവസവും ഓരോ സെക്കന്‍ഡിലും ഏഴിനടുത്ത് ഉപഭോക്താക്കൾ ജിയോയ്ക്ക് ഉണ്ടാകുന്നുവെന്ന കണക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 100 കോടി ജിബി ഡാറ്റയാണ് ജിയോയിലൂടെ രാജ്യത്ത് ഉപയോഗിക്കപ്പെട്ടതെന്ന് മനസിലാവുമ്പോഴാണ് മറ്റ് ടെലകോം കമ്പനികൾ ഞെട്ടുന്നത്.

ജിയോ ശരിക്കും ഒരു സ്റ്റാർട്ടപ്പല്ല

പെട്ടെന്ന് പൊട്ടിമുളച്ച ഒരു പ്രസ്ഥാനമല്ല ജിയോ. ഒരു കുടുംബ പ്രശ്നത്തിൽ നിന്നുയർന്ന കമ്പനിയെന്ന ചരിത്രവും ജിയോയ്ക്കുണ്ട് 2002ൽ ധീരുഭായ് അംബാനിയുടെ നിര്യാണത്തോടെ അംബാനി സഹോദരൻമാർ തമ്മിൽ അധികാരതർക്കം നടക്കുകയും അവസാനം മാതാവ് കോകില ബെന്നിന്റെ ആശിർവാദത്തോടെ കമ്പനി രണ്ടായി മാറുകയും ചെയ്തു. അനിൽ അംബാനിക്ക് ടെലകോം, ഊർജ്ജം വിനോദം, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ ചുമതലയും മുകേഷ് അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഐപിസിഎല്ലിന്റെയും ചുമതല ലഭിച്ചു.

യഥാർഥത്തിൽ റിലയൻസ് മൊബൈലുകളുടെ 2000ലുണ്ടായ വിപ്ലവത്തിന്റെ പിന്നിലുണ്ടായിരുന്നത് മുകേഷ് അംബാന ിയായിരുന്നു. സാധാരണക്കാരുടെ കൈയ്യിൽ മൊബൈലെത്തിച്ചത് റിലയൻസിന്റെ ആ 500 രൂപ മൊബൈൽ വിപ്ലവമായിരുന്നു. ഡയറക്ടർ ബോർഡിൽ പോലുമില്ലാതിരുന്ന അനിൽ അംബാനിയുടെ കൈവശം ടെലകോം എത്തിയതോടെ മുകേഷ് അംബാനി ആ രംഗം ഉപേക്ഷിച്ചു (ഇത്തരമൊരു ഒത്തുതീർപ്പ് വ്യവസ്ഥ ഉണ്ടായിരുന്നത്രെ). 2010ൽ ആ വ്യവസ്ഥയുടെ കാലപരിധി അവസാനിച്ചു. ഇൻഫോടെല്ലിന്റെ 95 ശതമാനം നിയന്ത്രണം മുകേഷ് അംബാനി ഏറ്റെടുത്തു. 4800 കോടിരൂപയ്ക്ക് 4 ജി സ്പെക്ട്രം ലേലം അംബാനി നേടി. ജിയോ എന്ന നാമകരണം ചെയ്തപ്പെട്ട പദ്ധതിക്കായി ഫൈബർ ഒപ്ടിക് നെറ്റ്​വർക്കുകൾ രാജ്യമൊട്ടാകെ വിരിഞ്ഞു.

ചൈനയ്ക്കുശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് നമ്മുടേത്. മൊബൈൽ ടെക്നോളജിയുടെ വളർച്ച മനസിലാക്കി. വിത്തുപാകിയതിന്റെ ഫലമായി രൂപം കൊണ്ട ഒരു വൻ വൃക്ഷമാണ്. ബ്രിട്ടീഷ് ടെലകോം, ‍ഡച്ച് ടെലകോം, മിലികോം, എംടിഎസ്, ഓറഞ്ച്, റോഗേഴള്സ്, ടെലിയസോനെര, ടിം എന്നീ കമ്പനികളാണ് ജിയോയ്ക്ക് ഒപ്പമുള്ളത്. 80 ഓളം രാജ്യങ്ങളിൽ ഏകദേശം ഒരു ബില്യൺ ഉപഭോക്താക്കളുണ്ട് ഈ സഖ്യത്തിന്.

1,50,000 കോടി രൂപയാണ് ജിയോയ്ക്കായുള്ള ഇൻവെസ്റ്റ്മെന്റ്. രാജ്യത്തെ 22 ടെലകോം സർക്കിളുകളിലും 90,000 എകോ ഫ്രണ്ട്​ലി ടവറുകളും ഏകദേശം 250000 കിലോമീറ്റർ ഫൈബർ ഒപ്ടിക്സ് കേബിളുമെന്ന അടിത്തറയിലാണ് ജിയോയുടെ നിൽപ്പ്. നിലവിലെ 2ജി, 3ജി നെറ്റ്​വർക്കുകളിൽ നിന്നാണ് മറ്റുള്ള സേവനദാതാക്കൾ 4ജി ലഭ്യമാക്കുന്നതെന്നതും നിലവിലെ കേബിളുകൾ 5 ജിയിലേക്കാൻ കോടികൾ ചിലവഴിക്കേണ്ടി വരുമെന്നതും 5 ജിയിലേക്കുള്ള ജിയോയുടെ വഴി സുഗമമാക്കുന്നു.

ഏതായാലും പെട്ടെന്നുള്ള വരുമാനം മുകേഷ് അംബാനിയെ ബാധിക്കുന്നതേയില്ല. ഭാവിയിലേക്കുള്ള അംബാനിയുടെ പന്തയത്തുക മാത്രമാണ് 1,50,000 കോടി രൂപ. 2021 ആകുമ്പോൾ ഡിജിറ്റലാകാൻ നിർബന്ധിതരാകുന്ന ജനതയെ മുന്നിൽ കണ്ടാണ് ജിയോയുടെ കാശിറക്കലെന്ന് സാരം. മൊബൈൽ ഇന്റർനെറ്റ് മാത്രമല്ല, ലൈഫ് സ്മാർട്ഫോണുകളും ജിയോ ആപ്പുകളും ഡ‍ിജിറ്റൽ വാലറ്റുകളുമെല്ലാം ധനാഗമന മാർഗങ്ങളായി മാറും.

ഭാവി എന്താകും

സർവീസുകൾക്ക് ചാർജ് ഈടാക്കി തുടങ്ങുമ്പോൾ എന്താവും ജിയോയ്ക്ക് സംഭവിക്കുകയെന്നാണ് നിരീക്ഷകർ കാത്തിരിക്കുന്നത്. പകുതിയോളം ശതമാനം ആളുകൾ ജിയോയെ തള്ളിപ്പറഞ്ഞേക്കാം എന്ന് നിരീക്ഷകരിൽ ചിലർ പറയുന്നു. എന്നാൽ താരിഫുകളിലൂടെ വരിക്കാരെ പിടിച്ചു നിർത്താന്‍ ജിയോയ്ക്കാവുമെന്ന് മറ്റു ചിലർക്ക് അഭിപ്രായമുണ്ട്. എയർടെല്ലിന്റെയും, ഒന്നു ചേർന്നപ്പോൾ ശക്തിമാനായ ഐഡിയ– വോഡഫോണിനോടുമുള്ള കടുത്ത മത്സരം ജിയോയ്ക്ക് നേരിടേണ്ടി വരും.

മാത്രമല്ല ഫോൺ കോൾ ഗുണമേന്മയിലെ പരാതിയുമുണ്ട്, സേവനം സൗജന്യമായപ്പോൾ ഇതൊക്കെ അൽപ്പം സഹിച്ചെങ്കിലും നിരക്ക് ഈടാക്കിത്തുടങ്ങിയാൽ സേവനത്തിന്റെ ഗുണനിലവാരവും ചർച്ച ചെയ്യപ്പെടും. ഇന്റർനെറ്റ് സ്പീഡിലും എതിരാളികൾ പലയിടത്തും മുൻനിരയിലാണെന്നതും വസ്തുതയാണ്. നടപ്പ് സാമ്പത്തിക വർഷത്തെ ഒക്ടോബർ മുതൽ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തിൽ എയർടെല്ലിന്റെ അറ്റാദായം 54 ശതമാനം ഇടിഞ്ഞിരുന്നു. 503.7 കോടി രൂപയാണ് നഷ്ടം.

ജിയോയുടെ വരവ് മറ്റു കമ്പനികളുടെയും വരുമാനത്തെ ഗണ്യമായി ബാധിച്ചു. എന്നാല്‍ വിപണിയിലെ മറ്റേതു സര്‍വീസ് പ്രൊവൈഡര്‍മാരെക്കാളും 20 ശതമാനം കൂടുതല്‍ ഡേറ്റ എപ്പോഴും തങ്ങള്‍ നൽകുമെന്ന വാഗ്ദാനം പാലിക്കുകയും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് കോളുകള്‍ റൂട്ട് ചെയ്യാനുള്ള ഇന്റര്‍കണക്റ്റ് പോയിന്റുകള്‍ വേണ്ടവിധത്തിൽ ഉപയോഗിക്കാനുമായാൽ ജിയോയുടെ അധീശത്വം തുടരുക തന്നെ ചെയ്യും.