Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജത ജൂബിലിയുടെ നിറവിൽ ടെക്നോപാർക്ക്

technopark

കാര്യവട്ടത്തെ കേരളാ യൂണിവേഴ്സിറ്റി കാമ്പസിലെ വൈദ്യൻകുന്നെന്ന അൻപതേക്കർ കുറ്റിക്കാട്ടിൽ നിന്നും മുളച്ചുപൊങ്ങി ലോക ഐടി ഭൂപടത്തിൽ സ്ഥാനംപിടിച്ച് രാജ്യത്തിനാകെ മാതൃകയായ തിരുവനന്തപുരം ടെക്നോപാർക്കിനു 25 വയസ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കെന്ന ബഹുമതിയും ഇന്ന് ഈ ഐടി അനുബന്ധ വ്യവസായ സമുച്ചയത്തിനു സ്വന്തം. അയ്യായിരം പ്രത്യക്ഷത്തിലുളള തൊഴിലവസരങ്ങളും അന്‍പതിനായിരം പരോക്ഷമായ തൊഴിലവസരങ്ങളും 1989ല്‍ ടെക്നോപാര്‍ക്ക് വിഭാവനം ചെയ്തപ്പോൾ കണക്കുകൂട്ടിയിരുന്ന സ്ഥലത്ത് ഇന്ന് അന്‍പതിനായിരം ടെക്കികളാണ് ജോലിചെയ്യുന്നത്.

പ്രഖ്യാപിത തൊഴിലവസരങ്ങളും സോഫ്ട്വെയർ രംഗത്തെ വിദേശ വിപണന പ്രതീക്ഷകളും കണക്കുകൂട്ടലുകൾക്കപ്പുറം കടന്നപ്പോൾ രാജ്യത്തെ അഭ്യസ്ത വിദ്യരുടെയും കേരളത്ത്തിന്റെയാകെയും പ്രത്യേകിച്ച് തിരുവനന്തപുരം നഗരത്തിന്റെ പ്രതീക്ഷകളുയർത്തി ടെക്നോപാർക്ക്‌ അഭിമാന പാതയിൽ മുന്നേറുകയാണ്. പരോക്ഷമായി മൂന്ന് ലക്ഷം പേർക്ക് തൊഴിൽ നൽകി വികസനത്തിന്റെ കൊടിപിടിക്കുന്ന ഇവിടം കേരളത്തിനുള്ളിൽ മലയാളിയുടെ പുതിയ തൊഴിൽ സംസ്കാരത്തിന് നിർവചനമേകിയ സംരഭം കൂടിയാണ്.

ആരംഭ ഘട്ടത്തിൽ നില നിന്നിരുന്ന കടുത്ത വിമർശനങ്ങളെ സധൈര്യം നേരിട്ടാണ് അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരുടേയും വ്യവസായ മന്ത്രിയായിരുന്ന ഗൗരിയമ്മയുടെയും മികച്ച പിന്തുണയിൽ ക്രാന്ത ദർശിയായിരുന്ന കെ.പി.പി.നമ്പ്യാരെന്ന വ്യവസായ ഉപദേഷ്ടാവിന്റെ സ്വപ്‌നങ്ങൾക്ക് ചിറകു മുളച്ചത്. കേരള സർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ടെക്നോപാർക്കിന്റെ ആദ്യ സി ഇ ഒ വിജയരാഘവന്‍ അടക്കമുള്ള കെൽട്രോണിലെ പന്ത്രണ്ടോളം ജീവനക്കാർ തുടക്കമിട്ട ഈ സ്ഥാപനം വിദേശങ്ങളിൽ നിന്നുള്ളവർക്കും തൊഴിൽ നൽകാൻ മുൻപന്തിയിലുള്ള കേരളത്തിലെ മികച്ച സംരംഭമായി ഇതിനകം മാറിക്കഴിഞ്ഞു.

1990 ജൂലൈ മാസത്തിൽ ഇ. കെ. നായനാർ മന്ത്രിസഭയുടെ കാലഘട്ടത്തിൽ രൂപപ്പെട്ട ടെക്നോപാർക്ക് എന്ന ആശയം വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായ കേരള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്കിന്റെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചത്. 1991 ജൂലൈ 31 ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ, ടെക്നോപാർക്കിലെ ആദ്യത്തെ കെട്ടിടത്തിന്റെ തറക്കല്ലിടുകയും 1995 നവംബർ മാസത്തിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു ടെക്നോപാർക്കിനെ രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു.

ഗൗരിയമ്മയ്ക്ക് ശേഷമെത്തിയ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ടെക്നോപാർക്കിന്റെ വികസനത്തിനു വൻ കുതിപ്പേകി; ഇക്കാലത്ത് കെട്ടിട സമുച്ചയങ്ങൾ ഉൾപ്പടെ നിരവധി സംവിധാനങ്ങൾ പാർക്കിനുള്ളിൽ ആധുനിക സൗകര്യമൊരുക്കി നിലവിൽ വന്നു. ആദ്യ കാലത്ത് പാർക്ക് സെന്റർ, പമ്പ, പെരിയാർ എന്നീ കെട്ടിടങ്ങളായിരുന്നു ടെക്നോപാർക്കിൽ ഉണ്ടായിരുന്നത്. പിന്നീട്, നിള, ഗായത്രി, ഭവാനി, തേജസ്വിനി എന്നീ കെട്ടിടങ്ങളും ടെക്നോപാർക്കിനുള്ളിൽ ഉണ്ടായി.ഏഴര ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ടെക്നോപാർക്കിൽ ഇന്ന് 342 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന നിർമ്മാണ-വികസന പ്രവർത്തനങ്ങളിലെ ആദ്യ പടിയായ ഫേസ് -ഒന്നിൽ തേജസ്വിനി,ഭവാനി എന്നീ കെട്ടിടങ്ങൾക്ക് നടുവിലായി എട്ടേമുക്കാല്‍ ലക്ഷം ചതുരശ്രയടിയുള്ള പുതിയ കെട്ടിടം ഉടൻ നിർമ്മിക്കപ്പെടുമെന്നുള്ളത് ഈ ഐടി പാർക്കിന്റെ വളർച്ചയുടെ ആക്കം സൂചിപ്പിക്കുന്നു . 2006-ൽ അധികാരത്തിലേറിയ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എളമരം കരീം വികസനത്തുടർച്ചയുടെ ചുക്കാൻ ഏറ്റെടുക്കുകയും വീണ്ടുംകുഞ്ഞാലിക്കുട്ടിയുടെ കൈകളിലേക്ക് ആ കർത്തവ്യം തിരികെയെത്തിയപ്പോഴുമെല്ലാം കൊടിയുടെ നിറം നോക്കാതെ വികസനം ലക്‌ഷ്യം വച്ച ജനതയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു ടെക്നോപാർക്ക്.

ടെക്‌നോപാര്‍ക്കിന്റെ തുടക്കമുണ്ടായിരുന്ന ചിപ്പിനെ അടിസ്ഥാനമാക്കിയ ലോഗോ 2002-ല്‍ മാറ്റുകയുണ്ടായി എന്നാൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ വീണ്ടും മാറ്റി പുനര്‍ബ്രാന്‍ഡിങ് നടത്താനാണ് തീരുമാനം. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന ടെക്‌നോപാര്‍ക്ക് രജത ജൂബിലി ആഘോഷങ്ങളുടെ ചടങ്ങിൽ മുഖ്യമന്ത്രി പുതിയ ലോഗോയുടെ പ്രകാശനം നിർവഹിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.