ലോക കോടീശ്വരൻ ഇലോൺ മസ്കിന് ഗംഭീര ആശയം കൊടുത്തത് അഞ്ചാം ക്ലാസുകാരി!

ടെസ്‌ല സ്ഥാപകൻ എലൻ മസ്കിന്റെ ഭ്രാന്തൻ ഐഡിയകൾ പ്രശസ്തമാണ്. ടെസ്‌ല കാർ മുതൽ ഹൈപ്പർലൂപ്പ് വരെയുള്ള ഐഡിയകൾ നടപ്പാക്കാൻ മസ്ക് കഴിഞ്ഞേ മറ്റാരുമുള്ള. എന്നാൽ സാക്ഷാൽ മസ്കിന് മറ്റൊരാൾ ഐഡിയ കൊടുത്താൽ എങ്ങനെയുണ്ടാകും? ബ്രിയ ലൗഡേ എന്ന അഞ്ചാം ക്ലാസുകാരിയാണ് ടെസ്‌ലയ്ക്കായി ഒരു ഗംഭീരൻ ആശയം നൽകിയത്. ബ്രിയയുടെ ഐഡിയ നടപ്പാക്കുമെന്നും ഇലോൺ ബ്രിയയ്ക്ക് ഉറപ്പ് നൽകി.

ബ്രിയയുടെ കത്ത് ഇങ്ങനെയായിരുന്നു "ടെസ്‌ല വളരെ കുറച്ച് മാത്രമേ പരസ്യം ചെയ്യാറുള്ളു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ നിങ്ങളുടെ പല ഉപഭോക്താക്കളും അവരുടെ വീടുകളിൽ‌ നിന്ന് ടെസ്‌ലെയെക്കുറിച്ച് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ട്. അതിൽ പലതും മികച്ചതുമാണ്. ഇത്തരം വീഡിയോ നിർമിക്കുന്നവർക്കായി ഒരു മത്സരം സംഘടിപ്പിച്ചാൽ നന്നായിരിക്കും. മികച്ച വീഡിയോകൾ ടെസ്‌ലയ്ക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യാം. സ്വന്തം നിലയിൽ പരസ്യം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ പണവും സമയവും ലാഭം."

ഓട്ടോമൊബൈൽ എൻജിനിയറായി അച്ഛൻ സ്റ്റീവനാണ് കുഞ്ഞ് ബ്രിയയുടെ കത്ത് തന്റെ ട്വിറ്റർ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തത്. ട്വീറ്റ് കണ്ട മസ്ക് ബ്രിയയുടെ ആശയം ഉടൻ നടപ്പാക്കുമെന്നും ഉറപ്പ് നൽകി. തങ്ങളുടെ ഉൽപ്പന്നങ്ങൾക്കു പരസ്യം നൽകുന്നതിൽ തീരെ താൽപര്യമില്ലാത്ത കമ്പനിയാണ് ടെസ്‌ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് ആഡംബരം കാർ ബ്രാൻഡുകൾ പരസ്യങ്ങൾക്കായി കോടികൾ പൊടിക്കുമ്പോൾ ടെസ്‌ല തികച്ചും വ്യത്യസ്തമാകുന്നത് ബിസിനസ് വിദഗ്ധരെ പോലും അമ്പരിപ്പിച്ചിട്ടുണ്ട്.

ഗ്ലോബൽ ഇക്വിറ്റീസ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം ടെസ്‌ല ഉത്പാദിപ്പിക്കുന്ന ഒരു കാറിനു പരസ്യ ഇനത്തിൽ വെറും ആറ് ഡോളർ മാത്രമാണ് ചെലവഴിക്കുന്നത്. അതേസമയം ജാഗ്വർ ഒരു കാറിന് പരസ്യഇനത്തിൽ മുടക്കുന്നത് 3,325 ഡോളറാണ്! എന്തായാലും ബ്രിയ നിർദ്ദേശിച്ച മത്സരം നടപ്പാക്കുമെന്ന പ്രതീക്ഷയിൽ ക്യാമറയുമായി ഒരുങ്ങിയിരിക്കുകയാണ് ലോകമെങ്ങുമുള്ള ടെസ്‌ല ആരാധകർ.