ലൈംഗികാതിക്രമം സഹിക്കാനാകാതെ രാജിവെച്ചെന്ന് മുന്‍ യൂബർ ജീവനക്കാരി

ലൈംഗിക അതിക്രമങ്ങളും അധികാര പ്രയോഗവുമാണ് യൂബര്‍ വിടാന്‍ കാരണമെന്ന് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. സൂസന്‍ ഫോള്‍വറാന്‍ തന്റെ ബ്ലോഗിലൂടെ യൂബറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് യാതൊരുതരത്തിലും തുടരാനാവാത്ത സാഹചര്യത്തില്‍ യൂബര്‍ വിടേണ്ടി വന്നതെന്നും സൂസന്‍ പറയുന്നു.

ജോലിക്ക് ചേര്‍ന്ന് ആദ്യ ദിവസം മുതല്‍ തന്നെ താന്‍ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. യൂബറില്‍ ചേര്‍ന്ന ആദ്യ ദിനം തന്നെ മാനേജര്‍ തന്റെ ചാറ്റിലേക്ക് അത്ര സുഖകരമല്ലാത്ത സന്ദേശങ്ങള്‍ അയച്ചുവെന്നാണ് സൂസന്‍ വ്യക്തമാക്കുന്നത്. തന്റെ പങ്കാളിയുമായി തുറന്ന ബന്ധമാണ് തുടരുന്നതെന്നും പുതിയ പങ്കാളികളെ തങ്ങള്‍ ഇരുവരും തേടുന്നുവെന്നുമൊക്കെ പറഞ്ഞ മാനേജര്‍ തന്നെ പുതിയൊരു ബന്ധത്തിന് ക്ഷണിക്കുകയായിരുന്നുവെന്നും സൂസന്‍ തന്റെ ബ്ലോഗില്‍ പറയുന്നു.

ആദ്യ ദിനംതന്നെ മാനേജരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം തന്നെ ഞെട്ടിച്ചെന്നും ഇക്കാര്യം എച്ച്ആര്‍ വിഭാഗത്തെ അറിയിച്ചെന്നും സൂസന്‍ പറയുന്നു. എന്നാല്‍ അത്ര സുഖകരമല്ലാത്ത മറുപടിയാണ് എച്ച് ആറില്‍ നിന്നും ലഭിച്ചത്. ഈ മാനേജര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല ഇത്തരത്തില്‍ എച്ച് ആറിലേക്ക് പരാതി സന്ദേശങ്ങള്‍ ഇ മെയില്‍ വഴി അയക്കുന്നത് നല്ല കീഴ് വഴക്കമല്ലെന്നു കൂടി പറഞ്ഞു.

മാനേജരെ മാറ്റിയില്ലെന്ന് മാത്രമല്ല താന്‍ പരാതിപ്പെട്ട അതേയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു. തുടര്‍ന്നുള്ള സംഭവങ്ങളെ തുടര്‍ന്ന് തനിക്ക് ജോലി രാജിവെക്കേണ്ടി വന്നെന്നും സൂസന്‍ പറയുന്നു. രാജിവെച്ച തനിക്ക് ഇതേ മാനേജര്‍ മോശം സര്‍ട്ടിഫിക്കറ്റാണ് തന്നതെന്നും സൂസന്‍ കൂട്ടിച്ചേര്‍ക്കുന്നു. സൂസന്റെ ബ്ലോഗ് വിവാദമായതോടെ പ്രതികരണവുമായി യൂബര്‍ സിഇഒ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

സൂസന്‍ ഫ്‌ളോവറിന്റെ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നതെല്ലാം കമ്പനിയുടെ നിലവാരത്തിന് ചേര്‍ന്ന പ്രവൃത്തികളല്ല. ആദ്യമായാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുന്നതെന്നും വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എച്ച്ആര്‍ വകുപ്പില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യൂബര്‍ സിഇഒ ട്രാവിസ് കലാനിക് പറയുന്നു. സൂസന്റെ ആരോപണങ്ങള്‍ സത്യമെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും ട്രാവിസ് വ്യക്തമാക്കി.