വാട്ട്സാപ്പിലെ പുതിയ ഫീച്ചർ മികച്ചത്, ഉപകാരപ്രദം

ജനപ്രിയ മെസേജിങ് നെറ്റ്‌വർക്കായ വാട്ട്സാപ്പിൽ ചാറ്റിനു മറുപടി അയയ്ക്കൽ ഇനി കൂടുതൽ എളുപ്പം. ഇതിനായി മെസേജ് ക്വോട്ട് ഫീച്ചർ എന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഈ പുതിയ ഫീച്ചറുപയോഗിച്ചു റിപ്ലേ ചെയ്യുമ്പോൾ മെസേജുകൾ ക്വോട്ട് ചെയ്ത് അയയ്ക്കാനാകും. അടുത്തിടെ ബേറ്റ വേർഷനിൽ നിയന്ത്രിത ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇപ്പോൾ എല്ലാ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമാണ്. പുതിയ വേർഷൻ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും നിന്നു ഡൗൺലോഡ് ചെയ്യാനാകും.

മറുപടി നൽകേണ്ട സന്ദേശത്തിൽ ‌ലോങ് പ്രസ് ചെയ്താൽ പോപ് അപ് ആയി റിപ്ലേ ഓപ്ഷൻ പ്രത്യക്ഷപ്പെടും. റിപ്ലേ ഓപ്ഷനു പുറമെ സ്റ്റാർ, ഡിലീറ്റ്, ഫോർവേഡ്, കോപി എന്നീ ഓപ്ഷനുകളും പോപ് അപിൽ ലഭ്യമാണ്. റിപ്ലേ ബട്ടണിൽ ടാപ് ചെയ്യുമ്പോൾ ആദ്യ സന്ദേശം ക്വോട്ട് ആയി മാറും. അതേ സമയം സന്ദേശം അയച്ചയാൾക്ക് ഇത്തരത്തിൽ ലഭിക്കുന്ന ക്വോട്ടഡ് റിപ്ലേകൾ പ്രത്യേക നിറത്തിലുള്ള ബോക്സിലായാണു കാണുക. സ്വകാര്യ ചാറ്റിങ്ങിലും ഗ്രൂപ്പ് ചാറ്റിങ്ങിലും ഒരുപോലെ ഉപകാരപ്രദമാണ് ഈ പുതിയ ഫീച്ചർ.

അടുത്തിടെ ആൻഡ്രോയ്ഡ് വേർഷനിൽ വിഡിയോ കോളിങ് സേവനം പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ കമ്പനി ഉടൻ തന്നെ ഈ സേവനം പിൻവലിച്ചിരുന്നു. ജിഫ് ഇമേജ് ഷെയർ ചെയ്യാനുള്ള ഓപ്ഷനാണു മറ്റൊരു അപ്ഡേറ്റ്. ഈ ഫീച്ചർ ഐഒഎസ് ഉപയോക്താക്കൾക്കു മാത്രമാണു ലഭ്യമാക്കിയിരിക്കുന്നത്. ഈ വർഷം ആദ്യം പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യൺ കവിഞ്ഞതായി വാട്ട്സാപ് വെളിപ്പെടുത്തിയിരുന്നു. ഫയൽ ഷെയറിങ് സേവനം നൽകിത്തുടങ്ങിയ വാട്ട്സാപ്പ് തങ്ങളുടെ വെബ് വേർഷന്റെ വിന്‍ഡോസ്, ഓഎസ് എക്സ് വേർഷനുകൾക്കായി ഡെസ്ക്ടോപ് വേർഷനും നേരത്തെ പുറത്തിറക്കിയിരുന്നു.