മൊബൈലുകൾക്കും മുൻപേ ലോകത്ത് ഇമോജിയുണ്ടായിരുന്നു!

ഒന്നും രണ്ടുമല്ല, അറുനൂറ് കോടി! ലോകത്ത് സ്നേഹമായും സന്തോഷമായും കരച്ചിലായും പ്രണയമായും മൊബൈൽ-ടാബ്‌ലറ്റ്-ഡെസ്ക്ടോപ് ഇത്യാദികളിലൂടെ ഒരൊറ്റ ദിവസം കൊണ്ട് പരസ്പരം കൈമാറുന്ന ഇമോജികളുടെ എണ്ണമാണ് ഈ പറഞ്ഞത്. പക്ഷേ ഈ ടെക്നോകാലത്തിനും ഏറെ മുൻപേ തന്നെ ഇമോജികൾ ലോകത്തുണ്ടായിരുന്നു എന്നതാണ് പുതിയ വിശേഷം. മൊബൈലിനെക്കുറിച്ച് ലോകം ചിന്തിക്കുന്നതിനെക്കാളും മുൻപേതന്നെ പലരും ഇമോജിയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നു മാത്രമല്ല അത് വരച്ചിടുകയും ചെയ്തു.

1635ലെ ഒരു മുനിസിപ്പൽ രേഖയിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇമോജി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്ലൊവാക്യയിലെ സ്ട്രേസോവ് മലനിരകൾക്കു സമീപത്തെ ഒരു ഗ്രാമത്തിൽ നിന്നു ലഭിച്ച രേഖകളായിരുന്നു ആർക്കിയോളജി വിദഗ്ധർ പരിശോധിച്ചത്. മുനിസിപ്പൽ രേഖകളിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും മുന്നോട്ടുപോകാമെന്നും ഒരു വക്കീൽ ഒപ്പിട്ട് അംഗീകാരം നൽകുന്നതായിരുന്നു അത്. ഒപ്പിനൊപ്പം ഒരു വൃത്തത്തിനകത്ത് മൂന്ന് ‘ഡോട്ടുകൾ’ ചേർന്ന ‘സംതൃപ്തി’ ചിഹ്നവും ചേർത്തു അദ്ദേഹം. ഒറ്റക്കാഴ്ചയിൽ സാധാരണ ഒരു മുഖമാണെന്നേ കരുതുകയുള്ളൂ.പക്ഷേ ഒപ്പിനപ്പുറം രേഖകളിലും അതിൽ കാണിച്ചിരിക്കുന്ന കണക്കുകളിലും താൻ സംതൃപ്തനാണെന്നു കാണിച്ചുള്ള വിവരണവും ജേൻ ലാഡിസ്‌ലെയ്ഡ്സ് എന്ന അഭിഭാഷകൻ നൽകിയിട്ടുണ്ട്. അതിൽ നിന്നാണ് വികാരപ്രകടനത്തിന്റെ അടയാളമാണ് ആ ഇമോജിയെന്ന് ഗവേഷകർ ഉറപ്പിച്ചത്.

ഇതിനു മുൻപുള്ളവയിൽ ഏറ്റവും പഴക്കം ചെന്ന ഇമോജി 1648ൽ കണ്ടെത്തിയതായിരുന്നു. റോബർട്ട് ഹെറിക് എന്ന ഇംഗ്ലിഷ് കവിയുടെ ‘ദ് ഫോർച്യുൺ’ എന്ന കവിതയിലായിരുന്നു ‘സ്മൈലി’ ചിഹ്നത്തിനു സമാനമായ ഇമോജി ഉണ്ടായിരുന്നത്. എന്നാൽ അത് ടൈപ്പിങ്ങിലെ ഒരു മിസ്റ്റേക്കാണെന്ന തർക്കവും പിന്നീടുണ്ടായി. എന്തൊക്കെയാണെങ്കിലും ‘ദ് ഫോർച്യുണി’ലുണ്ടായിരുന്നതിനെക്കാൾ 13 വർഷത്തെ അധികം പഴക്കമുണ്ട് പുതിയ സ്ലൊവാക്യൻ ഇമോജിക്ക്.

1999ലാണ് ആദ്യമായി ജാപ്പനീസ് എൻജിനീയർമാർ ഒരു കൂട്ടം ഡിജിറ്റൽ ഇമോജികൾ തയാറാക്കുന്നത്. 2013ൽ ഇമോജി എന്ന വാക്ക് ഓക്സ്ഫഡ് ഡ്ക്‌ഷനറിയിലും കയറിപ്പറ്റി. ഇവയുടെ ജനപ്രീതി കാരണം, സന്തോഷക്കണ്ണീരു പൊഴിക്കുന്ന ഇമോജിയുടെ ചിത്രത്തെ ‘വേഡ് ഓഫ് ദി ഇയർ’ ആയും ഓക്സ്ഫഡ് ഡിക്‌ഷനറി തിരഞ്ഞെടുത്തിരുന്നു. ഇമോജികള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ആദ്യചിത്രം ഈ വർഷം പുറത്തിറങ്ങാനിരിക്കുകയുമാണ്.