"വിവാഹം കഴിഞ്ഞില്ലേ, ഇനിയവൾക്ക് അഡ്ജസ്റ്റ് ചെയ്തൂടെ" ; പെണ്ണിനോട് ഇതു പറയുന്ന സമൂഹം അറിയാൻ

നിരവധി കാരണങ്ങൾ കൊണ്ട് പെൺകുട്ടികൾ ഇഷ്ടമില്ലാത്ത വിവാഹത്തിന്റെ ഇരകളായി മാറുന്നുണ്ട്.

അന്നവരുടെ വിവാഹമായിരുന്നു. ആഘോഷമായി അഞ്ഞൂറിലേറെ പേര് പങ്കെടുത്ത ചടങ്ങ്. അതിനൊടുവിൽ കയ്യിലൊരുഗ്ലാസ് പാലുമായി മണിയറയിലേക്ക് കടന്നു ചെന്ന വധു ആദ്യം ഒന്നു പരിഭ്രമിച്ചു നിന്നു. പിന്നെ മെല്ലെ ഒച്ച താഴ്ത്തി ഭർത്താവിന്റെ മുഖത്ത് നോക്കി പറഞ്ഞു.." എനിക്ക് ഇഷ്ടമല്ല..."

ആരെയാണ്, എന്താണ് ഇഷ്ടമല്ലാത്തതെന്ന് ഭർത്താവ് അമ്പരന്ന് ചോദിച്ചപ്പോൾ, "എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഭർത്താവായി കാണാൻ പറ്റില്ല" എന്ന് മറുപടി. പിന്നെ എന്തിനായിരുന്നു ഈ നാടകമെന്ന ഭർത്താവിന്റെ ചോദ്യത്തിന് "അമ്മയും അച്ഛനും ഒരുപാട് നിർബന്ധിച്ചു, ഇഷ്ടമല്ലെന്നും പറഞ്ഞിട്ടും അവർ കേട്ടില്ല." എന്നുത്തരം.

അപ്പോഴേക്കും ഭർത്താവിന്റെ പിടി വിട്ടു തുടങ്ങിയിരുന്നു. വിവാഹത്തിന് മൂന്നുമാസം മുൻപ് നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ചാറ്റിങ്, വാട്സാപ്പ് വഴിയും മെസെഞ്ചർ വഴിയുമൊക്കെ അന്നും അത്ര പഞ്ചസാര നിറഞ്ഞ പ്രണയ ഡയലോഗുകളൊന്നും അവളിൽ നിന്നും അവനു ലഭിച്ചിരുന്നില്ല. അപ്പോഴേ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നെങ്കിലും ആരോടും അധികം സംസാരിക്കാത്ത പെൺകുട്ടിയുടെ സ്വഭാവമായിരിക്കാം അതെന്ന് അവനു തോന്നി. അല്ലെങ്കിലും പെൺകുട്ടികൾ അധികം സംസാരിക്കാതെയിരിക്കുന്നതാണ് ദാമ്പത്യം ശോഭിക്കാൻ നല്ലതെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ അവൻ സന്തോഷം കൊണ്ട് മതിമറക്കുകയും ചെയ്തു. പക്ഷെ ഇതുവരെ പറയാത്ത ആ രഹസ്യം അവൾ പൊട്ടിച്ചത് ആദ്യ രാത്രിയിൽ. 

വിവാഹം കഴിഞ്ഞു പ്രവാസിയായ ഭർത്താവിനോട് ആദ്യ രാത്രിയിൽത്തന്നെ കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് യുവതി.

ഇപ്പോഴും ഇതുപോലെയുള്ള പെൺകുട്ടികളോ എന്ന് ആശ്ചര്യപ്പെടേണ്ട. അത്തരക്കാർ നിരവധിയുണ്ട്. വളർന്നു വലുതാകുന്ന സാഹചര്യങ്ങൾ അധികം ഒച്ചയുയർത്തി സംസാരിക്കാൻ ഭയപ്പെടുത്തുന്ന അന്തരീക്ഷം. ആത്മഹത്യാ ഭീഷണി മുഴക്കുന്ന മാതാപിതാക്കൾ മറ്റു പ്രണയം എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടും പെൺകുട്ടികൾ ഇഷ്ടമില്ലാത്ത വിവാഹത്തിന്റെ ഇരകളായി മാറുന്നുണ്ട്.

"വിവാഹം കഴിഞ്ഞില്ലേ, ഇനിയവൾക്ക് അഡ്ജസ്റ്റ് ചെയ്തൂടെ" എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം വിവാഹം എന്ന സ്വാതന്ത്ര്യത്തിലേയ്ക്ക് മാറുന്നതോടെ അതുവരെ തന്നെ ഭരിച്ചിരുന്ന മാതാപിതാക്കൾ എന്ന കെട്ടുപാടുകൾ അവൾ ഊരിയെറിയുന്നു. മറ്റൊരാളുടെ വീട്ടിൽ മറ്റൊരാളുടെ ജീവിതത്തിൽ ചാരി നിൽക്കുമ്പോൾ, ഇയാൾ തനിക്കാരുമല്ല എന്ന തിരിച്ചറിവ് തന്നെയാകാം അവളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസവുമുണ്ട് പത്രത്തിൽ അത്തരമൊരു വാർത്ത വിവാഹം കഴിഞ്ഞു പ്രവാസിയായ ഭർത്താവിനോട് ആദ്യ രാത്രിയിൽത്തന്നെ കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ യുവതിയെ ഒടുവിൽ കാമുകനൊപ്പം വിടുന്നതാണ് നല്ലതെന്ന് ഭർത്താവും മാതാപിതാക്കളും തിരിച്ചറിഞ്ഞു. ഒരുപക്ഷെ വിവാഹത്തിന് മുൻപ് ഇത്തരമൊരു തിരിച്ചറിവ് മാതാപിതാക്കൾക്കുണ്ടായിരുന്നെങ്കിൽ ആ യുവാവിന്റെ ജീവിതമെങ്കിലും രക്ഷപെട്ടേനെ.

കഴിഞ്ഞ മാസമാണ് സമാനമായ മറ്റൊരു സംഭവം വിവാദമായ വാർത്തയാകുന്നത്. വിവാഹച്ചടങ്ങിനുശേഷം പെൺകുട്ടി ഒരു യുവാവിനെ ചൂണ്ടിക്കാട്ടി കാമുകനെന്ന് ഭർത്താവിനെ പരിചയപ്പെടുത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ആ പരിചയപ്പെടുത്തൽ ഇഷ്ടപ്പെടാത്ത യുവാവ് പെൺകുട്ടിയെ കയ്യൊഴിയുകയും ചെയ്തു.

കാലം എത്രമാത്രം മാറിയിട്ടും പെൺകുട്ടികളുടെ ഇഷ്ടങ്ങൾക്ക് പല കാരണവന്മാർക്കും പുല്ലു വിലയാണ് കൽപ്പിക്കുന്നത്.

ഈ വിഷയത്തിൽ പലതരത്തിലും വർത്തകളുണ്ടായി. യുവതിയെ അപഹസിച്ചവരാണ് കൂടുതലെങ്കിലും സത്യങ്ങൾ പുറത്തറിഞ്ഞപ്പോൾ അപ്പോഴെങ്കിലും എല്ലാം തുറന്നു പറയാൻ ധൈര്യം കാട്ടിയ യുവതിയെ എല്ലാവരും അഭിന്ദിക്കുകയും ചെയ്തു. വിവാഹ വേദിയിൽ വച്ച് കുനിഞ്ഞ മുഖത്തോടെ ഇറങ്ങിപ്പോയ പെൺകുട്ടിയുടെയും അവൾ പോയ സന്തോഷത്തിൽ കേക്ക് മുറിച്ചാഘോഷിച്ച യുവാവിന്റെയും അവസ്ഥയിൽ എല്ലാവരും സഹതപിക്കുകയും ചെയ്തു. 

കാലം എത്രമാത്രം മാറിയിട്ടും പെൺകുട്ടികളുടെ ഇഷ്ടങ്ങൾക്ക് പല കാരണവന്മാർക്കും പുല്ലു വിലയാണ് കൽപ്പിക്കുന്നത്. ഇപ്പോഴും സ്വന്തം ഇഷ്ടങ്ങളും പ്രണയവും തുറന്നു പറയാൻ അവൾ മടിക്കുമ്പോൾ, മക്കളുടെ മനസ്സു കാണാൻ മടിക്കുന്ന, അവരെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള മാതാപിതാക്കൾ ഇന്നത്തെ കാലത്തും ഉണ്ടല്ലോ എന്നതു തന്നെയാണ്.

ഇത്തരം മാതാപിതാക്കളുടെ മുന്നിലാണ് ബ്ലൂ വെയിൽ പോലെയുള്ള ഗെയിമുകളിൽക്കൂടി സ്വന്തം കുഞ്ഞുങ്ങൾ ആത്മഹത്യയിലേക്കു വഴുതി വീഴുന്നത്. പണ്ടൊക്കെ ജനറേഷൻ ഗാപ് എന്നാൽ ഒരു വലിയ സംഭവം തന്നെയായിരുന്നു. കാരണം ഒരു നൂറ്റാണ്ടു മുൻപുള്ള ചിന്താഗതികളാണ് മാതാപിതാക്കൾ മനസ്സിൽ വച്ചു പുലർത്തിയിരുന്നത്. കുടുംബത്തിൽ പ്രായം കൂടുതലുള്ള മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടെങ്കിൽ അവരാകും മിക്കപ്പോഴും ഡോമിനേറ്റ് ചെയ്തു നിൽക്കുന്നത്. 

പഴയ കാലത്തിലെ കഷ്ടപ്പാടുകൾ പറഞ്ഞു മക്കളെ വരുതിക്കു നിർത്താനാണ് പലരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പ്രണയം, ഇഷ്ടപ്പെട്ട ആളുമായുള്ള വിവാഹം, ഇഷ്ടപ്പെട്ട ജോലി, കരിയർ കഴിഞ്ഞുള്ള വിവാഹം എന്നതൊക്കെ പെൺകുട്ടികൾക്ക് ചിന്തിക്കാൻ ആകുന്നതിലും അപ്പുറമായിരുന്നു. പക്ഷെ സ്വന്തം കാലിൽ നിൽക്കാൻ ഇപ്പോൾ പെൺകുട്ടികൾ ധൈര്യം കാട്ടുന്നുണ്ട്. ഇഷ്ടമുള്ള ആളെ മാതാപിതാക്കളുടെ മുന്നിൽ കൊണ്ടു നിർത്താൻ ധൈര്യം കാണിക്കുന്നുണ്ട്. വിവാഹം കഴിച്ചു കഴിഞ്ഞാൽ ഇഷ്ടമില്ലാത്ത ഒരാൾക്കൊപ്പം ജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ അഡ്ജസ്റ്റ് ചെയ്യാൻ അവർക്ക് ഇന്ന് താൽപ്പര്യമില്ല.

ഇവിടെ കുറ്റവാളി വരനോ പെൺകുട്ടിയോ ഒന്നുമല്ല, പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ്.

പക്ഷെ കുടുംബത്തിലെ കാരണവന്മാരുടെ വാക്കിനു മുന്നിൽ മറുവാക്കില്ലാത്ത മാതാപിതാക്കൾ ഇന്നും നൂറ്റാണ്ടു മുൻപുള്ള അതേ മാനസിക അവസ്ഥയിൽ ജീവിക്കുമ്പോൾ മിക്കപ്പോഴും പെൺകുട്ടികൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. പ്രണയമാണെങ്കിലും സ്വപ്നമാണെങ്കിലും അത്തരം കാരണങ്ങളൊന്നും ഇവർക്ക് മുന്നിൽ വില പോകില്ല. പിന്നെ പെൺകുട്ടികളുടെ മുന്നിലുള്ള ഒരേയൊരു വഴി ഒന്നുകിൽ ഇഷ്ടമല്ലാത്ത വിവാഹമുൾക്കൊണ്ട് സഹിച്ചു ജീവിക്കുകയോ വിവാഹ ശേഷമെങ്കിലും തുറന്ന് പറഞ്ഞു സഹനത്തിൽ നിന്നു ഇരുവരെയും ഒഴിവാക്കുകയോ ആണ്.

പക്ഷെ വിവാഹച്ചടങ്ങുകളിൽ അപമാനിതരാകുന്ന പുരുഷന്റെ കൂട്ടർ നാണക്കേടിന്റെ ഫലമെന്നോണം മാനനഷ്ടത്തിന് ബദലായി പണവും ആവശ്യപ്പെടാറുണ്ട്. വിവാഹ ശേഷം ഇഷ്ടമില്ലാത്ത ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിൽ നിന്നു അവൾ തന്നെ രക്ഷപെടുത്തുമ്പോൾ നന്ദി തന്നെയല്ലേ അവൾക്ക് കൊടുക്കാവുന്ന ബഹുമാനം. പക്ഷെ ആൾക്കാരെ വിളിച്ചുകൂട്ടി ഒരുക്കുന്ന ആ ദിവസത്തിനും ചിലവഴിക്കുന്ന പണത്തിനുമുള്ള കണക്കു പറയാനും പെൺകുട്ടിയുടെ കുടുംബത്തിന് ബാധ്യത ഉണ്ടാകുന്നതും സ്വാഭാവികമാണ്. 

മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും സമൂഹത്തിനും വേണ്ടി ജീവിതം സഹനവും അഡ്ജസ്റ്റുമെന്റും ആക്കിയ പെൺ തലമുറ അവസാനിച്ചു.

ഇവിടെ കുറ്റവാളി വരനോ പെൺകുട്ടിയോ ഒന്നുമല്ല, പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് എന്നു പറയേണ്ടി വരും. ജീവിതകാലം മുഴുവൻ ഒരാളുടെ കൂടെ ജീവിക്കുമ്പോൾ അവരാണ് തീരുമാനിക്കേണ്ടത് അത് തനിക്കു മനസ്സു കൊണ്ട് അടുപ്പം തോന്നുന്ന ഒരാളായിരിക്കണമെന്ന്. താൽപ്പര്യം തോന്നാത്ത ഒരാൾ ബസിലെ തിരക്കിനിടയിൽ ശരീരത്തിൽ തൊടുമ്പോൾപ്പോലും ബുദ്ധിമുട്ടു തോന്നുന്നവരാണ് പെൺകുട്ടികൾ.

അപ്പോൾ ഒട്ടും സ്വീകരിക്കാനാകാത്ത ഒരാളുടെയൊപ്പം ശരീരവും മനസ്സും പങ്കിട്ട് കഴിയുക എന്നത് എളുപ്പമല്ല. മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും സമൂഹത്തിനും വേണ്ടി ജീവിതം സഹനവും അഡ്ജസ്റ്റുമെന്റും ആക്കിയ പെൺ തലമുറ അവസാനിച്ചു. തന്നെ ബുദ്ധിമുട്ടിക്കുന്ന, പറഞ്ഞാൽ മനസ്സിലാകാത്ത മാതാപിതാക്കളെ മാനം കെടുത്തിയിട്ടായാലും അവൾ സഹിക്കാൻ കഴിയാത്തത് തുറന്നു പറയും. ഇനിയെങ്കിലും മാതാപിതാക്കൾ പെൺ മക്കളെയും അവരുടെ മാറി വരുന്ന മനസ്സിനെയും തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ..!!!