Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തംകൊണ്ടെഴുതിയ ഗിന്നസ് റെക്കോർഡ്; ഇത് ലതയുടെ കഥ

lata-amashi

നേട്ടങ്ങളുടെ രേഖയായ ഗിന്നസ് പുസ്തകത്തിൽ വേറിട്ടുനിൽക്കുന്നുണ്ട് ഒരു റെക്കോർഡ്; രക്തത്താൽ എഴുതിയത്. രണ്ടുവർഷം മുമ്പ് ഓഗസ്റ്റ് 16. കർണാടകയിലെ 13 കേന്ദ്രങ്ങളിൽനിന്ന് എട്ടു മണിക്കൂറിനുള്ളിൽ 3034 ലിറ്റർ രക്തം ശേഖരിച്ച് വ്യത്യസ്തവും അപൂർവവുമായ നേട്ടം സ്വന്തമാക്കി റോട്ടറി ബാംഗ്ലൂർ ഡിസ്ട്രിക്റ്റ് 3190. ഇന്നും ഉളക്കമില്ലാതെ നിൽക്കുന്ന റെക്കോർഡ്. 

രക്തശേഖരണത്തിൽ റെക്കോർഡ് നേടിയ സംഘത്തിന്റെ നേതൃത്വം ഒരു അറുപത്തിനാലുകാരിക്ക്– ലത അമാഷി. സാധാരണക്കാർക്കുവേണ്ടി 17 വർഷമായി പ്രവർത്തിക്കുന്ന നിസ്വാർഥസേവനത്തിനുടമ. വേറിട്ട പ്രവർത്തനങ്ങളിലൂടെ സാമൂഹിക സേവനത്തിൽ തിളങ്ങുന്ന ഏട് എഴുതിച്ചേർക്കുകയായിരുന്നു ലത. രക്തദാനത്തിൽ ഇത്രയും വലിയ നേട്ടങ്ങൾ സൃഷ്ടിച്ച വേറൊരു വനിതയില്ല രാജ്യത്തുതന്നെ. കർണാടകയിൽ നിന്നുള്ള ദമ്പതികളുട മകളായി ഡൽഹിയിലാണു ലത ജനിച്ചതും വളർന്നതും. കുടുംബത്തിൽനിന്ന് ആർജിക്കുകയായിരുന്നു ലത സാമൂഹിക സേവനത്തിനുള്ള മനസ്സ്.

മാതാപിതാക്കൾ സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർ. ഐക്യരാഷ്ട്ര സംഘടനയിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു പിതാവ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം ലത സിൻഡിക്കറ്റ് ബാങ്കിൽ ഉദ്യോഗസ്ഥയായി. സീനിയർ മാനേജരായി  ജോലി ചെയ്യുന്നതിനിടെ, സമയം കിട്ടുമ്പോഴൊക്കെ ലത സാധാരണ കച്ചവടക്കാരുടെ അടുത്തു പോകുകയും തനിക്കുകഴിയാവുന്ന സഹായങ്ങൾ അവർക്കുവേണ്ടി ചെയ്യുകയും ചെയ്യും. 

കുടുംബബാധ്യതകളെത്തുടർന്ന് ലത പിന്നീട് ബാങ്കിലെ ജോലി മതിയാക്കി. ബാംഗ്ലൂർ സർവകലാശാലയിൽ അധ്യാപികയായി. റോട്ടറി പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനുമ്പു മറ്റൊരു ക്ലബിൽ പ്രവർത്തിച്ചിരുന്നു ലത. ഒഴിവാക്കാനാവാത്ത അന്ധത ബാധിച്ച ആളുകളെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. എട്ടു വർഷത്തിനിടെ കർണാടകയിലെ അന്ധരായ പാവങ്ങൾക്ക് 30,000 തിമിര ശസ്ത്രക്രിയകൾ നടത്തിക്കൊടുക്കാൻ കഴിഞ്ഞു. 

കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ആഗ്രഹത്തെത്തുടർന്നാണു റോട്ടറി ക്ലബുമായി അടുക്കുന്നത്. അങ്ങനെ രക്തദാനം എന്ന മഹാദാനത്തിലേക്കും ലത എത്തിച്ചേർന്നു. രക്തദാന ക്യാംപുകൾ നഗരത്തിൽ ഒരുക്കിക്കൊണ്ടായിരുന്നു തുടക്കം. വ്യത്യസ്ത വിഭാഗങ്ങൾക്കുവേണ്ടി ആയിരക്കണക്കിനു ക്യാംപുകൾ. ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ. തയ്യൽക്കടക്കാരുടെ സംഘടനകൾ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകൾ. ഏതു വിഭാഗക്കാരും പ്രായക്കാരുമാകട്ടെ. രക്തം എല്ലാവരെയും ഒരുമിപ്പിക്കുന്നു – ലത പറയുന്നു.  

കഠിനമായിരുന്നു സേവനവഴിയിൽ ലതയുടെ യാത്ര; ഒപ്പം സംതൃപ്തിയുടെ നിമിഷങ്ങളും ഏറെയുണ്ടായി നെഞ്ചിലേറ്റാൻ. ഒരിക്കൽ ഡെങ്കു ബാധിച്ച പത്തുവയസ്സുകാരനായ ഒരു കുട്ടിക്കു രക്തം ഏർപ്പെടുത്തിക്കൊടുത്തു ലത. നിറഞ്ഞ നന്ദിയിൽ ‘ഫെയർ ആന്റി’  എന്നാണ് അന്ന് ആ കുട്ടി ലതയെ വിളിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരിക്കെ, ലത തയ്യാറാക്കിയ ഒരു കേക്ക് കഴിച്ച് ജൻമദിനം ആഘോഷിക്കണമെന്ന് ആ കുട്ടി ആഗ്രഹിച്ചു.

ഡോക്ടർമാരുടെ ആനുവാദത്തോടെ  ആ ആഗ്രഹവും നിറവേറ്റി. പക്ഷേ, പിറ്റേന്നു ലതയെ കാത്തിരുന്നത് ദുഃഖവാർത്ത. ജൻമദിനം ആഘോഷിച്ചതിന്റെ പിറ്റേന്നു കുട്ടി മരിച്ചു. കുട്ടിയുടെ അമ്മ ലതയെ വിളിച്ചു;  സംസ്കാരച്ചടങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട്. ലതയെ അവർ കരുതിയത് കുടുംബത്തിലെ ഒരംഗമായി. ജീവിതത്തിൽ ഏറ്റവും ദുഃഖിപ്പിച്ച സംഭവമായിരുന്നു ഇതെന്നു പറയുന്നു ലത. നൂറുകണക്കിനു ജീവിതങ്ങള്‍ രക്ഷപ്പെടുത്തിയിട്ടുണ്ട് ; രക്തദാനത്തിലൂടെ. മുതിർന്ന ആളുകളുടെയും കുട്ടികളുടെയുമെല്ലാം വിലപ്പെട്ട ജീവിതങ്ങൾ. പത്തുവർഷം മുമ്പത്തെ സ്ഥിതിയല്ല ഇപ്പോഴെന്നു പറയുന്നു ലത. ജനങ്ങൾ പതുക്കെ അവബോധമുള്ളവരായി മാറിയിരിക്കുന്നു. പക്ഷേ, ഇന്നും രക്തം ദാനം ചെയ്യാൻ മടി കാണിക്കുന്നവരുമുണ്ട്. 

blood-donation

റോട്ടറിയുടെ രക്തദാന പ്രവർത്തനങ്ങളുടെ ചെയർപഴ്സനാണു ലത. ക്യാംപുകൾ സംഘടിപ്പിക്കുന്നതു മുതൽ കുറഞ്ഞ സമയത്തിനുള്ളിൽ രക്തം സംഘടിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്യുന്നു. പ്രമേഹ ബോധവൽക്കരണത്തിനായി നടത്തിയ ഏറ്റവും വലിയ പ്രചാരണ പരിപാടിയുടെ റെക്കോർഡും ലതയ്ക്കും ഇന്ദിരാ നഗറിൽ പ്രവർത്തിക്കുന്ന റോട്ടറി ക്ലബിനും സ്വന്തം.

പലപ്പോഴും സ്വന്തം സമ്പാദ്യംകൂടി ചെലവഴിച്ചാണു ലത രക്തദാന പ്രവർത്തനങ്ങൾ നടത്തുന്നത്. ബോധവൽക്കരണത്തിനുവേണ്ടി ലതയുടെ നേതൃത്വത്തിൽ വിഡിയോ ചിത്രീകരിച്ചു പ്രചാരണം നടത്തിയിരുന്നു. 25 ലക്ഷം രൂപയായിരുന്നു ചെലവ്. 15 ലക്ഷം രൂപ ലത സ്വന്തം കൈയിൽനിന്നെടുത്തു. ഒടുവിൽ ബാങ്ക് ബാലൻസ് പൂജ്യം. ബ്ലീഡ് ഹോപ് എന്നപേരിൽ പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. 

കർണാടകയ്ക്കു പുറത്തേക്കും രക്തദാന പ്രവർത്തനങ്ങൾ വ്യാപിക്കുകയാണു ലതയുടെ ഭാവി ലക്ഷ്യം. ഇതിനൊപ്പം ചികിൽസാരംഗത്തെ പുതിയ മാറ്റങ്ങൾക്കനുസൃതമായി തന്റെ പ്രവർത്തനമേഖല വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഒരു കാര്യവും പറ്റില്ല എന്നു പറയാൻ എനിക്കാവില്ല. അതാണ് എന്റെ ഏറ്റവും വലിയ ദൗർബല്യം. ആരോഗ്യം അനുവദിക്കുന്നതുവരെ സേവനപ്രവർത്തനങ്ങൾ തുടരും. മറ്റൊരാളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുക– അതിലും വലിയ ഒരു പ്രവൃത്തിയും ജീവിതത്തിലില്ല: അഭിമാനത്തോടെ ലത പറയുന്നു.