Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പെൺകുട്ടി ഞാൻ തന്നെയാണ് : കാർത്തിക മുരളീധരൻ

with-mammootty

"കോമ്രേഡ് ഇൻ അമേരിക്ക-സി ഐ എ" എന്ന ചിത്രത്തിലെ തേപ്പുകാരിയായ പെൺകുട്ടിയെ ഓർമ്മയില്ലേ? കാർത്തിക മുരളീധരൻ. ദുൽഖറിനെ ചതിച്ചതിനു സമൂഹമാധ്യമങ്ങൾ ആവശ്യത്തിന് ചീത്ത വിളിച്ച പെൺകുട്ടി, അതേ കാർത്തിക വീണ്ടും നായികയാവുകയാണ്. ഇത്തവണ അങ്കിൾ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒപ്പമാണ് കാർത്തികയുടെ വരവ്. സിനിമാനടി എന്നതിനപ്പുറം കാർത്തിക മുരളീധരൻ ഒരു കലാ വിദ്യാർഥി കൂടിയാണ്. സാഹിത്യവും കലയും ഒന്നിച്ചു സമ്മേളിക്കുന്ന കലയുടെ പുതിയ സങ്കേതങ്ങളെ കുറിച്ച് പഠിക്കുന്ന കാർത്തികയ്ക്ക് അതുകൊണ്ടു തന്നെ സിനിമയും ജീവിതവും എല്ലാം ഒരേ രേഖയിലെ ബിന്ദുക്കളാണ്. സിനിമയെയും ജീവിതത്തെയും കുറിച്ച് കാർത്തിക.

കാർത്തിക മുരളീധരൻ എന്ന പെൺകുട്ടി

മലയാളം സിനിമ ഇൻഡസ്ട്രിയിൽ കാർത്തിക മുരളീധരൻ എന്നാൽ ഇരുപത്തിയൊന്ന് വയസ്സുള്ള ഒരു പെൺകുട്ടിയാണ്. നല്ല കഥാപാത്രങ്ങളുള്ള സിനിമകൾ വീണ്ടും വീണ്ടും ചെയ്യണമെന്നാഗ്രഹമുള്ള ഒരു പെൺകുട്ടി. സിനിമാ ലോകം വ്യത്യസ്തമാണ്, ഒരാളുടെ ജീവിതമല്ല, ഇവിടെ പല ജീവിതങ്ങളുണ്ട്, നമ്മൾ ആ പല ജീവിതങ്ങളുടെ ഭാഗമാവുകയാണ് ഇവിടെ. ആ കണ്ടെത്തൽ ഭയങ്കര രസമാണ്, അതിഷ്ടമായതുകൊണ്ടു തന്നെയാണ് സിനിമയുടെ ഭാഗമായതും.

സിനിമയിലെ ഞാൻ

സി ഐ എ സിനിമയ്ക്ക് വേണ്ടിയാണ് ഒരു ഫോട്ടോഷൂട്ട് ചെയ്യുന്നത്. ആ ഫോട്ടോകൾ കുറേ സ്ഥലങ്ങളിൽ വന്നു. അങ്ങനെ അച്ഛനെ വിളിച്ചു എന്നെക്കുറിച്ച് അന്വേഷിച്ചു. ബംഗലൂരുവിൽ ഓഡിഷന് പോയതും അതിനു ശേഷമാണ്. അപ്പോഴേക്കും എന്റെ വെക്കേഷനായി, നാട്ടിൽ വന്നപ്പോൾ ഒഡിഷനും പോയി അന്ന് സി ഐ എയ്‌ക്ക്‌ വേണ്ടി ഓഡിഷന് നിരവധി പെൺകുട്ടികൾ വേറെയുമുണ്ടായിരുന്നു. മൂന്നു ദിവസം കഴിഞ്ഞു അവർ വിളിച്ചു. സി ഐ എയിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ട്. അങ്ങനെയാണ് സിനിമാലോകത്തിൽ വന്നത്. എന്നെക്കുറിച്ച് അച്ഛനോട് തിരക്കിയ അതേ പത്രപ്രവർത്തകൻ അഞ്ചു വർഷം മുൻപ് അച്ഛനെ അഭിമുഖം ചെയ്യാൻ വന്നപ്പോൾ ഞാൻ അഭിനയിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ എനിക്ക് അഭിനയിക്കാനൊന്നും താൽപ്പര്യമില്ല, പക്ഷേ ദുൽഖറിന്റെ കൂടെയൊക്കെ പറ്റിയാൽ അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു, അതുകൊണ്ടാണ് പിന്നെ അവസരം വന്നപ്പോൾ അദ്ദേഹം ഓർമ്മിച്ചതും. ആ സമയത്തൊക്കെ  പൂർണമായും സാഹിത്യത്തിലും കലയിലും പഠനത്തിലുമൊക്കെ തന്നെയായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ.

karthika-0022

സിനിമയിൽ വന്നതുകൊണ്ട് ഇപ്പോൾ സാറ മേരി കുര്യൻ എന്ന എന്ന എൻ ആർ ഐ പെൺകുട്ടിയാകാൻ പറ്റി. ശ്രുതി എന്ന എൻജിനീയറിങ് വിദ്യാർഥിയാകാൻ പറ്റി, ഞാൻ ഇതൊന്നുമല്ല. പക്ഷേ ഇപ്പോൾ ഇതൊക്കെയാണ്. ഞാനൊരു മലയാളിയായതു കൊണ്ടു തന്നെയാണ് സിനിമയിലേക്കു വന്നതും. കുട്ടിക്കാലം മുതൽ മലയാള സിനിമ നിരന്തരം കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിഷ്ടമായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും എന്നെ കൂട്ടി എല്ലാ ആഴ്ചയിലും സിനിമ കാണാൻ പോകുമായിരുന്നു. അന്നു മുതൽ കാണുന്നുണ്ട്, മമ്മൂക്കയേയും ലാലേട്ടനേയുമൊക്കെ സ്‌ക്രീനിൽ. കുട്ടിക്കാലത്തു ഒരുപാടു കഥകൾ പറഞ്ഞു തന്ന, കാണിച്ചു തന്ന ഈ ലോകത്തേക്ക് വന്നെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യണമെന്നാഗ്രഹമുണ്ട്.

മമ്മൂക്കയും ദുൽഖറും

രണ്ടു പേരും വളരെ വ്യത്യസ്തരാണ്. രണ്ടു പേരുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ സന്തോഷം. ദുൽഖർ പ്രായം കൊണ്ട് കുറേക്കൂടി അടുപ്പമുണ്ട് . ഒരുമിച്ചു പാട്ടുകൾ പാടുമായിരുന്നു. സിനിമയെക്കുറിച്ച് സംസാരിക്കുമായിരുന്നു. അതേസമയം മമ്മൂക്ക കുറച്ചു കൂടി മുതിർന്ന വ്യക്തിയായി തന്നെയായാണ് എന്നോടും ഇടപെട്ടിരുന്നത്. പഴയ സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും നമ്മുടെ അവകാശങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കും. അങ്കിൾ സിനിമയിൽ  മുപ്പതു ദിവസമാണ് ഒരുമിച്ചുണ്ടായത്.

with-dulquer

അതും ഒരു വണ്ടിയിലാണ്. അപ്പോൾ സംസാരിക്കാൻ നിരവധി വിഷയങ്ങളുമുണ്ട്. അവസാനമായപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി അദ്ദേഹത്തിനിഷ്ടപ്പെട്ട പാട്ടുകൾ എന്നെ കേൾപ്പിക്കും എനിക്കിഷ്ടമുള്ള പാട്ടുകൾ മമ്മൂക്കയെ കേൾപ്പിക്കും. സിനിമയെക്കുറിച്ചും ഞങ്ങളെക്കുറിച്ചുമൊക്കെ പുറത്തു വരുന്ന വാർത്തകൾ പരസ്പരം ചർച്ച ചെയ്യും. മമ്മൂക്കയും ദുൽഖറിനുമുള്ള ഒരേപോലുള്ള ഗുണം എന്താണെന്ന് വച്ചാൽ സിനിമയോടുള്ള ഇഷ്ടവും ആത്മാർത്ഥതയും കഴിവുമാണ്. അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ, ദിവസവും രാവിലെ നമ്മൾ വർക്കിന്‌ വരുമ്പോൾ മമ്മൂക്കയെ പോലെ ഒരാളെ കാണുക, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക, അതൊരു നല്ല പ്രചോദനം തന്നെയാണ്.

എന്റെ ലൊക്കേഷൻ 

ലൊക്കേഷനിലെത്തി അവിടെയൊരിടത്ത് നിൽക്കുമ്പോഴാണ് മമ്മൂക്കയുടെ കാർ വന്നു നിന്നത്. നമ്മൾ പണ്ട് സിനിമകളിലൊക്കെ കണ്ട ഒരു വലിയ താരം കാറിൽ നിന്നിറങ്ങുന്നു, കൂളിങ് ഗ്ലാസ് ഒക്കെ വച്ചിട്ടുണ്ട്, ഞാൻ ഒരു ബാഗൊക്കെ പിടിച്ച് അവിടെ നിൽപ്പുണ്ട്. എനിക്ക് സത്യം പറഞ്ഞാൽ അവിടെ നിന്ന് അനങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഏതോ അവതാരം നമ്മുടെ മുന്നിൽ വന്നു നിൽക്കും പോലെയാണ് അപ്പോൾ തോന്നിയത്. സിനിമയിലൊക്കെ കണ്ട ആളെ നേരിട്ട് കാണുകയാണ്. ഒരിക്കലും ജീവിതത്തിൽ കരുതിയിട്ടേയില്ല ഇങ്ങനെയൊരു നിമിഷം ജീവിതത്തിൽ ഉണ്ടാകുമെന്ന്. നല്ല പേടിയുണ്ടായിരുന്നു ആദ്യം സംസാരിക്കാൻ. പിന്നെ ജോയ് സാറാണ് എന്നെ മമ്മൂക്കയുടെ അടുത്തുകൊണ്ടു പോയി പരിചയപ്പെടുത്തിയത്. പിന്നെ മുപ്പതു ദിവസം ഒന്നിച്ചായിരുന്നു, സംസാരിക്കാതെ പറ്റില്ലല്ലോ. പക്ഷേ പേടിയൊക്കെ മാറിയപ്പോഴേക്കും അദ്ദേഹം നല്ല സുഹൃത്തായിരുന്നു.

with-joymathew

ജോയേട്ടനും അങ്ങനെ തന്നെയായിരുന്നു. എന്റെ അച്ഛന്റെ സുഹൃത്താണ് അദ്ദേഹം. സെറ്റിൽ അദ്ദേഹത്തിന്റെ ഭാര്യ സരിത ചേച്ചിയുണ്ട്, മകൻ മാത്യു ഉണ്ട്, എല്ലാവരും നല്ല കമ്പനി. ഒടുവിൽ എല്ലാവരും കരുതിയത് ഞാനും ജോയേട്ടന്റെ മകളാണെന്നായിരുന്നു. വലിയ ആൾക്കാരെ പോലെയാണ് അവിടെ ചർച്ചകളൊക്കെ, എന്റെ പ്രായത്തിലുള്ള ഒരു ചർച്ചയൊന്നുമല്ല. രാഷ്ട്രീയം, സാഹിത്യം, കല ഒക്കെ തന്നെ. അതൊക്കെ എനിക്ക് വലിയ കാര്യമായി തോന്നി. എന്റെ പ്രായത്തിലുള്ള ഒരാൾക്ക് കിട്ടാത്ത കാര്യമാണല്ലോ അത്തരം ചർച്ചകൾ. ഗിരീഷ് ദാമോദറാണ് അങ്കിൾ സംവിധാനം ചെയ്യുന്നത്. അദ്ദേഹം സ്വതന്ത്രമായി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 

ശ്രുതി, ഇന്നത്തെ കാലത്തെ പെൺകുട്ടി 

സി ഐ എ കഴിഞ്ഞപ്പോഴാണ് അങ്കിളിന്റെ കഥ കേട്ടത്. എനിക്കിഷ്ടപ്പെട്ടു.നമ്മുടെയൊക്കെ തന്നെ പ്രായമുള്ള പെൺകുട്ടികൾ. അവർ അഭിമുഖീകരിക്കേണ്ടി വരുന്ന ചില സന്ദർഭങ്ങൾ ശ്രുതി എന്ന കഥാപാത്രം ഏറെക്കുറെ ഞാൻ തന്നെയാണ്. എന്റെ അച്ഛനും അമ്മയും മുംബയിൽ താമസിക്കുമ്പോൾ ഞാൻ പഠനത്തിനായി ബാംഗ്ലൂർ താമസിക്കുന്ന ആളാണ്. ഒറ്റയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നു. അപ്പോൾ അമ്മയുടെയും അച്ഛന്റെയും ടെൻഷനും എനിക്ക് നന്നായി അറിയാം.

വീട്ടിൽ നിന്ന് വിളിക്കുമ്പോൾ അവർ ചിലപ്പോൾ ചെറിയ കാര്യങ്ങൾക്കു വരെ ആധി പിടിക്കും. അപ്പോൾ നമ്മളാണ് അവരെ സമാധാനിപ്പിക്കുന്നത്, അതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ദൂരെയിരുന്നുകൊണ്ട് അവർക്കൊന്നും ചെയ്യാനാകില്ല. ഞാൻ സെയ്ഫ് ആണ് എനിക്ക് കുഴപ്പമൊന്നുമില്ല എന്ന ഉറപ്പ് അവർക്ക് കൊടുക്കാൻ കഴിയുക അതും പറച്ചിൽ മാത്രമാണ്. അവർ ടെൻഷനടിച്ചു കൊണ്ടേയിരിക്കും, അതേ പോലെയൊക്കെയുള്ള അനുഭവങ്ങളായിരുന്നു സിനിമയിലും. ജോയ് സാറും മുത്തുമണിയുമായിരുന്നു സിനിമയിൽ അച്ഛനും അമ്മയും. ഒരർഥത്തിൽ ജീവിതം തന്നെ സിനിമയായി വരുന്നത് പോലെ. അതുകൊണ്ടു തന്നെ ഈ ചിത്രം വന്നപ്പോൾ സ്വീകരിച്ചു. ഇത്തരം കഥകളും കഥാപാത്രങ്ങളും സത്യമാണെന്നു ലോകത്തിനു കാണിച്ചു കൊടുക്കുകയും വേണമായിരുന്നു. 

ഒരുപക്ഷേ സ്ത്രീകളെ മനുഷ്യരായി പോലുമല്ല പലരും ഇപ്പോൾ കാണുന്നത്. കേട്ടിട്ടില്ലേ ചിലർ സ്ത്രീകളെ കിളി, പൂച്ച എന്നൊക്കെയൊക്കെ വിളിക്കാറുണ്ട്. ഒട്ടും സുരക്ഷിതമല്ല അവൾക്ക് ഒരു ദിവസം പോലും. ആരെ വിശ്വസിക്കണം, ആരുടെ കൂടെയാണ് കൂട്ടുകൂടേണ്ടത്, സംസാരിക്കേണ്ടത് എന്നതിനെക്കുറിച്ചു പോലും നമുക്ക് ടെൻഷനാണ്, സംശയമാണ്. പുരുഷന്മാരും സ്ത്രീകളും ഒക്കെ ശത്രുക്കളാണ് ഇപ്പോൾ പെൺകുട്ടികൾക്ക്.

karthika 3

പലപ്പോഴും സ്ത്രീകൾ തന്നെ പാരകളായി വരുന്നത് നമുക്കറിയാമല്ലോ. അങ്ങനെയൊരു സന്ദർഭത്തിലാണ് ശ്രുതി എന്ന പെൺകുട്ടി അവളുടെ അച്ഛന്റെ സുഹൃത്തായ കെ.കെ എന്ന ആളിനോടൊപ്പം ഒരു ദിവസം മുഴുവൻ നീണ്ട യാത്ര ചെയ്യുന്നത്. അതൊട്ടും സെയിഫ് അല്ല എന്തും നടക്കാനുള്ള സാധ്യതകളുണ്ട്. അവൾക്ക് അങ്ങേയറ്റം ടെൻഷനുണ്ട്. അതേ പോലെ വീട്ടിൽ നിന്ന് ആധി പിടിച്ചുള്ള അച്ഛന്റെയും അമ്മയുടെയും വിളികൾ അവരെ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കണം. വല്ലാത്തൊരു അവസ്ഥ തന്നെയാണ് ഒരു പെൺകുട്ടിയ്ക്ക് അത്തരമൊരു യാത്ര. 

കാർത്തികയുടെ സ്റ്റൈൽ

ആദ്യത്തെ ചിത്രത്തിൽ അത്ര മോഡേൺ വേഷങ്ങൾ കുറവായിരുന്നു, ചുരിദാറൊക്കെയായിരുന്നു കൂടുതലും അങ്കിളിൽ പഠിക്കുന്ന കുട്ടിയാണ്. മോഡേൺ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ജീൻസും ഷർട്ടും സ്കാർഫുമാണ് ഇതിലെ പ്രധാന വേഷം. പൊതുവെ എന്റെ യാത്രകളിലും എന്റെ വേഷം ഇത് തന്നെയാണ്. ഒരു ജീൻസ് എടുക്കും പിന്നെ ഷർട്ടുകൾ ഉപയോഗിക്കും ചെറിയ സ്കാർഫുകളോ ഷോളുകളോ കൈയിൽ കരുതാറുമുണ്ട്. ഒരു ചെറിയ ബാഗുമുണ്ട് ചെറിയ പേഴ്സിൽ മൊബൈൽ, പണം മുതലായവ സൂക്ഷിക്കാം. പിന്നെ സ്ഥിരം ഉപയോഗിക്കുന്നത് ഷൂസാണ്. നീണ്ട യാത്രകളൊക്കെ ചെയ്യുമ്പോൾ അതൊക്കെ നല്ല കംഫർട്ടാണ് നൽ‍കാറുള്ളതും. ശ്രുതി എന്ന കഥാപാത്രം എന്റെയീ സ്വഭാവങ്ങളോട് ഏറെ ചേർന്നിരിക്കുന്നുണ്ട്.

വയനാടോ, പേടിയോ?

വയനാട് മിക്കപ്പോഴും സിനിമകൾക്ക് ലൊക്കേഷൻ ആക്കാറില്ല എന്നൊക്കെ നേരത്തെ കേട്ടിട്ടുണ്ട്. എന്റെ രണ്ടാമത്തെ ചിത്രമാണിത്. പക്ഷെ ഇത്തരം വിശ്വാസങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. വയനാട്ടിലെ ഷൂട്ടിങ് നല്ല രസവുമായിരുന്നു. അവസാന ദിവസം വരെ മഴ പെയ്യാതെ ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ പ്രകൃതി പോലും കൂടെ നിന്നു. ഒടുവിൽ പാക്കപ്പ് പറഞ്ഞു കഴിഞ്ഞപ്പോൾ നല്ല മഴയും പെയ്തു. ആനശല്യമൊക്കെയുണ്ടായിരുന്നു പക്ഷേ നമുക്ക് ഒരുതരത്തിലും ബുദ്ധിമുട്ടായില്ല. പക്ഷേ വ്യക്തിപരമായി കുറച്ചു ബുദ്ധിമുട്ടുണ്ടായി.

കാലുളുക്കി, എന്തോ പ്രാണി ഒക്കെ കടിച്ചു.ഷൂട്ടിന്റെ അവസാന ദിവസം ചിക്കൻ പോക്സ് പിടിച്ചു. പക്ഷേ പൊതുവെ സിനിമയെ ഇതൊന്നും ബാധിച്ചിട്ടില്ല. ഒരിക്കലും വിചാരിച്ചിട്ടില്ല ജോയ് മാത്യു സർ തിരക്കഥയെഴുതി മമ്മൂക്ക അഭിനയിക്കുന്ന ഒരു ചിത്രത്തിൽ ഒപ്പം ഉണ്ടാകുമെന്ന്. പക്ഷേ എനിക്കേറ്റവും സന്തോഷം തോന്നിയത് അമ്മയെ കിട്ടിയപ്പോഴാണ്. സിനിമയിൽ എന്റെ അമ്മയായി അഭിനയിച്ചത് മുത്തുമണി ചേച്ചിയാണ്, അവസാനത്തെ കുറച്ചു ദിവസങ്ങളായിരുന്നു അത്. അതൊരിക്കലും മറക്കാൻ പറ്റില്ല. എത്രയോ സമയം ഞങ്ങൾ ഒന്നിച്ചിരുന്നു നാടകം, സിനിമ, സാഹിത്യം ഒക്കെ മണിക്കൂറുകളോളം ചർച്ച ചെയ്തിട്ടുണ്ട്. അവരെല്ലാം ശരിക്കും എന്റെ കുടുംബമായി മാറി. ഒരു മൂഡ് മാറിയാൽ പോലും അവർക്കൊക്കെ തിരിച്ചറിയാൻ പോലും കഴിയുമായിരുന്നു. 

ഞാനും എന്റെ ദിവസങ്ങളും

ഞാൻ സൃഷ്ടി സ്‌കൂൾ ഓഫ് ആർട് ഡിസൈൻ ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥിയാണ്. സമകാലീനമായ കലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്, പ്രധാനമായും സാഹിത്യപരമായ സൃഷ്ടികളുടെ ഇൻസ്റ്റലേഷനുകൾ സ്റ്റേജ് ഡിസൈൻ, എന്നിവയൊക്കെ ചെയ്യുന്നുണ്ട്. ആർട്ട് വിദ്യാർത്ഥിയാകുമ്പോൾ പൊതുവെ ഉറക്കം പോലും കുറവാണ്. ഒരു മുറിയിലിരുന്ന് പണിയെടുക്കണമെങ്കിൽ അങ്ങനെ ചെയ്യാം. പക്ഷേ ഞാൻ യാത്രകൾ പോകാറുണ്ട്. ആഴചയിലൊരിക്കൽ നൃത്തം ചെയ്യാ‌റുണ്ട്. വീട്ടിൽ ഞാൻ കണ്ണാടിയൊക്കെ വച്ച് ചെറിയൊരു സ്റ്റുഡിയോ ഒക്കെ ഉണ്ടാക്കി. ചിലപ്പോൾ വൈകുന്നേരങ്ങളിൽ എന്നെ സന്തോഷിപ്പിക്കാൻ ഞാൻ തന്നെ നൃത്തം ചെയ്യും. അങ്ങനെയൊക്കെയാണ് ദിവസങ്ങൾ.

ഞാൻ ഇങ്ങനെയൊക്കെയാണ്

ഞാൻ എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നയാളാണ്. എല്ലായ്പ്പോഴും പോസിറ്റീവ് ആയിരിക്കണം എന്നാഗ്രഹിക്കുന്ന ആൾ. ഇപ്പോൾ നോക്കൂ, എല്ലായിടത്തുമുണ്ട് നെഗറ്റിവിറ്റിയും വഴക്കും ബഹളവുമൊക്കെ. നെഗറ്റീവ് ആയിരിക്കാനും എളുപ്പമാണ്. പക്ഷേ ഞാൻ സന്തോഷത്തിലും പോസിറ്റീവ് ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സമൂഹവുമായി ഇടപെടുന്ന മാധ്യമത്തിൽ പ്രവർത്തിക്കുന്നതു കൊണ്ട് ഈ ബഹളങ്ങളെല്ലാം ബാധിക്കാറുണ്ട്.

പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലൊക്കെ. പലരും ചീത്തവിളിക്കാറുണ്ട്., ചിലരിൽ നിന്ന് സ്നേഹവും കിട്ടാറുണ്ട്. സ്നേഹിക്കുന്നവരോട് എല്ലായ്പ്പോഴും ഞാൻ കടപ്പാടറിയിക്കുന്നുണ്ട്. പക്ഷേ ചിലർക്ക് എന്നോടുള്ള ദേഷ്യം എന്താണെന്നു എനിക്കറിയില്ല. സി ഐ എയിൽ ദുൽഖറിനെ ചതിച്ച പെൺകുട്ടി എന്ന നിലയിൽ പലരിൽ നിന്നും തെറി വിളിയൊക്കെ കേട്ടിരുന്നു. അതിനെയൊക്കെ ആ തരത്തിലെ എടുക്കുന്നുള്ളൂ. എല്ലാവർക്കുമുണ്ട്, അവരവരുടേതായ ഇടങ്ങളും സ്വാതന്ത്ര്യവും അത് അനുവദിച്ചാൽ എല്ലാവരും സന്തോഷമാകും. എല്ലാവരും ഒന്നാണ്, എല്ലാവർക്കും ബഹുമാനവും നൽകണം. ഞാൻ എന്റെ ജീവിതത്തിൽ അങ്ങനെ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്.

ഏറെയിഷ്ടം

കഥകളിഷ്ടമാണ്. സിനിമയിലായാലും പുസ്തകങ്ങളിലായാലും നാടകങ്ങളിലായാലും എനിക്ക് കഥകൾ വലിയ ഇഷ്ടമാണ്. പിന്നെ നാടകങ്ങൾ, നൃത്തം. എല്ലാം കലാ സങ്കേതങ്ങളാണ്. എല്ലാം മനുഷ്യന്റെ കഥകളും അവസ്ഥകളുമാണല്ലോ സംസാരിക്കുന്നത്. ഇപ്പോൾ കഥകൾ, നാടകം സിനിമ എന്നിവയിലൊക്കെ നോക്കൂ, നമ്മുടെ വൈകാരികതകളെ വച്ച് നമുക്ക് എന്തും ചെയ്യാം, നമ്മളെ നമുക്ക് ഉപദ്രവിക്കാം, സന്തോഷിപ്പിക്കാം, അങ്ങനെ എന്തും ചെയ്യാം. ആ ഒരു കണ്ടെത്തൽ എനിക്ക് അമ്പരപ്പാണ്. കാരണം എല്ലാ കലകളും പറയുന്നത് മനുഷ്യനെ കുറിച്ചാണ്. 

എന്റെ സൗന്ദര്യ സങ്കൽപ്പം

അങ്ങനെ പ്രത്യേകിച്ച് ബ്യൂട്ടി ടിപ്‌സുകൾ ഒന്നും എനിക്കില്ല. നല്ല ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. പറ്റാവുന്നിടത്തോളം വെള്ളം എല്ലാ ദിവസവും കുടിക്കാൻ ശ്രദ്ധിക്കും. മനസ്സും ത്വക്കും ശരീരവും ഒക്കെ നന്നായിരിക്കാൻ വെള്ളം സഹായിക്കും, ഒരുപക്ഷേ ഭക്ഷണത്തേക്കാളും ശ്രദ്ധിക്കേണ്ടത് വെള്ളം തന്നെയാണ്. ഇപ്പോൾ ഷൂട്ട് ഉള്ള ദിവസങ്ങളൊക്കെയാണെങ്കിൽ കൂടുതലും മുടി വല്ലാതെ ഡ്രൈ ആയി പോകാറുണ്ട്, ഷൂട്ടിന് ശേഷം വന്നിട്ട് മുട്ടയും അലോവേരയുമൊക്കെ ഇട്ടു സ്‌പെഷ്യൽ ട്രീറ്റ്‌മെന്റ് മുടിയ്ക്ക് കൊടുക്കാറുണ്ട്. പിന്നെ നന്നായി വെള്ളം കുടിക്കുന്നത് മുടിയ്ക്കും നല്ലതാണ്. മുടിയിൽ എണ്ണയും തേയ്ക്കാറുണ്ട്. പിന്നെ രക്ത ചംക്രമണം ഉണ്ടാക്കാനായി എന്തെങ്കിലും ആക്ടിവിറ്റിയും സ്ഥിരമായി ചെയ്യും. 

കുടുംബം

അച്ഛൻ സി കെ മുരളീധരൻ അമ്മ മീന നായർ. ഷൂട്ടിങ്ങിനു ഞാൻ ഒറ്റയ്ക്കാണ് പോയതും വന്നതും. അവർ വീട്ടിലായിരുന്നു. എന്നാലും എല്ലാ ദിവസവും വിളിച്ചു വിശേഷങ്ങൾ പങ്കു വയ്ക്കും. ഷൂട്ടിങ് വയനാട്ടിലൊക്കെ ആയിരുന്നപ്പോൾ പലപ്പോഴും നെറ്റ്‌വർക്ക് കിട്ടില്ല, എന്നാലും പറ്റുമ്പോഴൊക്കെ വിളിക്കും. ജോയേട്ടന്റെ സുഹൃത്താണ് അച്ഛൻ അതുകൊണ്ട് എല്ലാ വിവരങ്ങളും അദ്ദേഹം അങ്ങനെയും അറിയും. അച്ഛനൊക്കെ എപ്പോഴും പേടിയായിരുന്നു, ഷൂട്ടിന്റെ ഇടയിൽ ഓരോ പ്രശ്നങ്ങൾ,എല്ലാം ഞാൻ അതിജീവിച്ചതും എന്റെ ഡെഡിക്കേഷനും ഒക്കെ കണ്ടപ്പോൾ അച്ഛനും അമ്മയും സന്തോഷമായി.