Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം കൊണ്ട് വിശുദ്ധരായവർ; കൈകൂപ്പി ലോകം

remamber റസാൻ അൽ നജ്ജാറഇന, ലിനി, സലോം കർവ

ആർദ്രമായ ഒരു ഹൃദയമുള്ളതുകൊണ്ടു മാത്രമാണ് ഈ പെൺകൊടികളെ നോക്കി ലോകം കൈകൂപ്പുന്നത് കൈക്കരുത്തുണ്ടെന്ന് ഗർവ് കാട്ടുന്ന പുരുഷന്മാർ പോലും ഇവർക്കു മുന്നിൽ തലകുമ്പിട്ടുപോകുന്നുണ്ട്. കായികബലം മാത്രമല്ല സഹജീവിയുടെ കണ്ണീരു കാണാനുള്ള മനസ്സാണ് ഏ‌തു കൊടിയ ആയുധത്തേക്കാളും മൂർച്ചയേറിയത് എന്നു കാണിച്ചു തന്നുകൊണ്ടാണ് അവർ ഈ ലോകത്തോടു വിടപറഞ്ഞത്. ലോകാരോഗ്യ സംഘടന ആദരിച്ച മൂന്നു വനിതകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

നിപ്പ ബാധിച്ചയാളെ പരിചരിച്ചു വൈറസ് ബാധയേറ്റു മരിച്ച മലയാളി നഴ്സ് ലിനി, ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാൻ അൽ നജ്ജാറഇന, ലൈബീരിയയിൽ എബോളയ്ക്കെതിരായ പോരാടുകയും പിന്നീട് പ്രസവത്തോടെ മരിക്കുകയും ചെയ്ത സലോം കർവ. എന്നിവരാണ് ലോകം അഭിമാനത്തോടെ ഓർക്കുന്ന ആ സ്ത്രീ ശക്തികൾ.

ലിനി

നിപ്പ ബാധിച്ചയാളെ പരിചരിച്ച് വൈറസ് ബാധയേറ്റായിരുന്നു ലിനിയുടെ മരണം. മരണമടുത്ത സമയത്ത് മറ്റാർക്കും വൈറസ് ബാധയേൽക്കാതിരിക്കാൻ ലിനി കാട്ടിയ ചങ്കൂറ്റമാണ് ലിനിയെ മാലാഖമാരുടെ കൂട്ടത്തിൽ വേറിട്ടു നിർത്തിയത്. നിപ്പ ബാധയാണെന്നും ആയുസ്സ് അധികമില്ലെന്നും മനസ്സിലാക്കിയയുടൻ ലിനി തന്നെ ഐസൊലേഷൻ വാർഡിലേക്കു മാറ്റണമെന്ന് ആശുപത്രി അധികൃതരെ നിർബന്ധിച്ചു. രോഗമറിഞ്ഞ് തന്നെ കാണാനെത്തിയ പ്രിയപ്പെട്ടവരെ കാണാൻ കൂട്ടാക്കാതെ ഐസൊലേഷൻ വാർഡിൽ മരണത്തോടു മല്ലടിച്ചു. 

lini ലിനി

തന്റെ പ്രിയപ്പെട്ടവർക്കൊരിക്കലും ഈ രോഗം പകരാതിരിക്കാനാണ് മരണസമയത്തു പോലും ലിനി അങ്ങനെയൊരു മുൻകരുതലെടുത്തത്. ലിനിയുടെ മരണവിവരമറിഞ്ഞ് വിദേശത്തു നിന്നെത്തിയ ഭർത്താവിനു പോലും അവരെ ഒരു നോക്കു കാണാൻ കഴിഞ്ഞില്ല. തന്റെ മരണത്തെക്കുറിച്ചായിരുന്നില്ല മറിച്ച് തന്റെ പ്രിയപ്പെട്ടവരുടെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു അപ്പോഴും ലിനിയുടെ ചിന്ത. മരണത്തിനു മുമ്പ് ഭർത്താവിനെ അഭിസംബോധന ചെയ്ത് അവർ ഒരു കത്തെഴുതി. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞുങ്ങളെയും ഭർത്താവിന്റെ അച്ഛനെയും എങ്ങനെ പരിചരിക്കണം എന്നുള്ളതായിരുന്നു ആ കത്തിലെ ഉള്ളടക്കം. ഭാര്യയെഴുതിയ അവസാനത്തെ കത്തും കൈയിൽപ്പിടിച്ച് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് തളർന്നിരിക്കുന്ന ലിനിയുടെ ഭർത്താവിന്റെ ചിത്രം നിറകണ്ണുകളോടെയാണ് കേരളം കണ്ടിരുന്നത്. 

അവസാനമായി അമ്മയെ ഒന്നു കാണാൻ പോലും ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങളെയോർത്ത് ആളുകൾ വിതുമ്പി. മരണശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ കോഴിക്കോടു തന്നെ സംസ്കരിച്ചപ്പോൾ അലറിക്കരഞ്ഞത് ഒരു കുടുംബം മാത്രമായിരുന്നില്ല. ഒരു നാടുമുഴുവനായിരുന്നു. നഴ്സിങ് ജോലിയുടെ മഹത്വം ഉയർത്തിക്കാട്ടിയാണ് ലിനി മറഞ്ഞത്. സ്വന്തം പ്രാണൻ നഷ്ടപ്പെടുമെന്നറിയാമായിരുന്നിട്ടും ചികിത്സ തേടിയെത്തിയ രോഗിക്ക് ചികിത്സ നിഷേധിക്കാതെ അവരെ സംരക്ഷിക്കാനായി സ്വന്തം ജീവിതം വരെ ബലികൊടുത്ത ലിനിയെ ലോകം ആദരിക്കുകയാണിപ്പോൾ.

റസാൻ അൽ നജ്ജാറഇന

ഓമനത്തം തുളുമ്പുന്ന മുഖത്തോടെ, നിറകൺ ചിരിയോടെ ആ ഇരുപതുകാരി ഗാസയിലെ സമരക്കാർക്കിടയിലൂടെ ഓടിനടന്ന് രോഗികളെ ശുശ്രൂഷിക്കുകയായിരുന്നു. പുരുഷന്മാർ പോലും പോകാൻ മടിച്ചു നിന്ന സംഘർഷ ഭൂമിയിലേക്ക് സധൈര്യത്തോടെ ചെന്ന അവളെ കാത്ത് അവിടെ പതിയിരുന്നത് മരണമായിരുന്നു.ഗാസ പട്ടണമായ ഖാൻ യൂനുസിലാണ് നജ്ജാർ വെടിയേറ്റ് വീണത്. സമരക്കാരായ പലസ്തീനികളുടെ മുറിവിൽ പുരട്ടാനുള്ള മരുന്നുമായി പോകുമ്പോഴായിരുന്നു ആ കൊച്ചു പെൺകുട്ടിക്ക് വെടിയേറ്റത്. രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള പരക്കം പാച്ചിലിനിടെ തന്റെ നേരെ തോക്കിൻ മുനകൾ ഉയരുന്നതു കണ്ട ആ പെൺകുട്ടി താനണിഞ്ഞ നഴ്സിന്റെ വെള്ളക്കുപ്പായം അവർക്കു കാട്ടിക്കൊടുത്തു. നഴ്സ് ആണെന്നറിയിക്കാനായി കൈയുയർത്തിക്കാട്ടി അവസാനം ഒന്നിനു പിറകെ ഒന്നായി മൂന്നു വെടിയേറ്റ് അവൾ സമരക്കാർക്കിടയിൽ മരിച്ചു വീണു.

razan റസാൻ അൽ നജ്ജാറഇന

ആയുധമില്ലാതെ നമുക്കെന്തും ചെയ്യാൻ കഴിയുമെന്ന് അച്ഛനോട് ഉറപ്പു പറഞ്ഞു പോയ മകളെ അച്ഛന് തിരികെക്കിട്ടിയത് രക്തത്തിൽ കുതിർന്ന ജീവനില്ലാത്ത ഒരു ശരീരമായിട്ടായിരുന്നു. അവളുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും സമരക്കാരെ ശുശ്രൂഷിക്കാനായി അവൾ കരുതിയ ബാൻഡേയ്ഡുകളും ഉയർത്തി ആ അമ്മ പറഞ്ഞതിതാണ്. ഇതാണ് എന്റെ മകളുടെ ആയുധവും യുദ്ധോപകരണങ്ങളും ആ അമ്മയുടെ കണ്ണുകളിൽ ലോകം കണ്ടത് നൊമ്പരമല്ല മറിച്ച് ധീരതയാണ്. ഭീരുവിനെപ്പോലെ ഒളിച്ചിരിക്കാതെ അർഹതപ്പെട്ടവർക്ക് സേവനം ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ട ഒരു ചെറിയ പെൺകുട്ടിയുടെ നെഞ്ചുറപ്പിന്റെ കഥയാണ് അവള്‍ തന്റെ മരണത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞത്.

സലോം കർവ

ലൈബീരിയൻ നഴ്സായ സലോം കർവ എബോളയ്ക്കെതിരായ പോരാട്ടത്തിലൂടെയാണ് മാധ്യമങ്ങളിൽ നിറഞ്ഞത്. എബോള ബാധയിൽ നിന്ന് രക്ഷപ്പെട്ട ശേഷമാണ് സലോം കർവ ജോലിയിൽ തിരികെ പ്രവേശിച്ച് രോഗികളെ ശുശ്രൂഷിച്ചത്. ആയിരക്കണക്കിന് രോഗികളെയാണ് സലോം കോർവ സംരക്ഷിച്ചത്. ഡോക്ടറായിരുന്നു സലോം കർവയുടെ അച്ഛൻ. ആദ്യം രോഗം ബാധിക്കുന്നതും ഇദ്ദേഹത്തിനാണ്. എബോളയെത്തുടർന്ന് അച്ഛനെയും അമ്മയെയുമുൾപ്പെടെ ഏഴു ബന്ധുക്കളെയാണ് സലോം കർവയ്ക്ക് നഷ്ടപ്പെട്ടത്. ഗർഭിണിയായ സഹോദരിയെ ശുശ്രൂഷിക്കുന്നതിനിടെയാണ് സലോം കർവയ്ക്ക് രോഗം പിടിപെടുന്നത്. പിന്നീട് ഇരുവരും അദ്ഭുതകരമായി രക്ഷപെട്ടു. 

സലോം കർവയും കാമുകനായ ഹാരിസിനും ഈ രോഗം പിടിപെട്ടെങ്കിലും പിന്നീട് അദ്ദേഹവും രോഗവിമുക്തനായി. രോഗവിമുക്തരായ ഇരുവും ചേർന്നാണ് പിന്നീട് എബോള ബാധിതരെ ചികിത്സിക്കാനായി മുൻപിൽ നിന്നത്. മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുന്ന സമയത്താണ് സലോമിന്റെയും ഹാരിസിന്റെയും വിവാഹനിശ്ചയം അതിനു ശേഷം സലോ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു തുടർച്ചയായ ഗർഭധാരണവും പ്രസവവും ആരോഗ്യത്തെ ബാധിക്കുമെന്നായപ്പോൾ നാലാമത്തെ കുഞ്ഞിനെ ഗർഭത്തിലേ ഇല്ലാതാക്കാൻ അവർ ആദ്യം ചിന്തിച്ചുവെങ്കിലും പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്മാറി. ആ ഗർഭകാലം ദുർഘടം പിടിച്ചതായിരുന്നു. ഗർഭകാലത്തിലുടനീളം രക്തസമ്മർദ്ദം വളരെക്കൂടുതലായതിനാൽ സിസേറിയനിലൂടെയാണ് സലോം കുഞ്ഞിന് ജന്മം നൽകിയത്.

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടും സലോമിന്റെ ആരോഗ്യനില മെച്ചപ്പെട്ടില്ല. ആശുപത്രി അധികൃതർ അവരുടെ അവശതയെ അവഗണിച്ചു. ഒരിക്കൽ എബോള രോഗബാധിതരായവർ രോഗാണു വാഹകരാണെന്ന അന്ധവിശ്വാസത്തിലാണ് അവർ സലോമിന് ചികിത്സ നിഷേധിച്ചത്. രോഗം മൂർച്ഛിച്ച സലോമിനെ ഹാരിസ് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതു വിഫലമായി. 

കാറിൽ നിന്ന് സലോമിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാൻഡോക്ടർമാർ തയാറായില്ല. എബോള വാഹകയാണെന്ന കാര്യം പറഞ്ഞ് അവർ സലോമിനെ അവഗണിച്ചു. വേണ്ടസമയത്ത് ചികിത്സ കിട്ടാതെ അവൾ മരിച്ചു. ശരിക്കും സമൂഹത്തിന്റെ നന്ദികേടിന്റെ ഇര കൂടിയാണ് സലോം. അസുഖത്തിൽ നിന്ന് മുക്തയായ ശേഷം എബോളരോഗികളെ ശുശ്രൂഷിച്ച സലോമിന് പ്രസവത്തെത്തുടർന്നുണ്ടായ കോംപ്ലിക്കേഷനിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. അസുഖം മാറിയാലും അവരുടെ ശരീരത്തിൽ രോഗാണുക്കളുണ്ടാകുമെന്ന ഭയത്താൽ ഡോക്ടർമാർ പോലും അവരെ തൊടാനറച്ച് മാറി നിന്നു. അങ്ങനെ നിസ്സഹായതയോടെ ഭർത്താവിനെയും പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെയും ബാക്കിയാക്കി 2017 ൽ അവർ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി. ഈ മൂന്നു മാലാഖമാരെയും അനുസ്മരിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ട്വീറ്റ് ചെയ്തത്.