15 വർഷം മുമ്പ് ഭാര്യയെ കൊന്നു, ആൾമാറാട്ടം നടത്തി രണ്ടാംവിവാഹം; പ്രതി അറസ്റ്റിൽ

കേവലം മൂന്നുമാസം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിലാണ് അയാൾ ഭാര്യയെ കൊന്നുകളഞ്ഞത്. അന്നൊരു പ്രണയദിനമായിരുന്നു. മോഷണത്തിനിടെ നടന്ന ഒരു കൊലപാതകമായി സംഭവത്തെ വരുത്തിത്തീർത്ത് അയാൾ നാടുവിട്ടു. 2003 ഫെബ്രുവരി 14 നായിരുന്നു  അഹമ്മദാബാദിൽ വച്ച് തരുൺ ജിനരാജ് എന്നയാൾ ഭാര്യ സജിനിയെ കൊലപ്പെടുത്തിയത്.

ബാങ്ക് എക്സിക്യൂട്ടീവായിരുന്നു തരുണിന്റെ ഭാര്യ സജിനി. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന് വരുത്തിത്തീർത്ത് സജിനിയുടെ അക്കൗണ്ടിൽ അവശേഷിച്ചിരുന്ന 11,000 രൂപയും പിൻവലിച്ച ശേഷമാണ് തരുൺ നാടുവിട്ടത്. ബാസ്ക്കറ്റ്ബോൾ പരിശീലനകനായി ജോലിചെയ്തിരുന്ന അയാൾ പേരും മേൽവിലാസവുമൊക്കെ മാറ്റിയ ശേഷമാണ് ബംഗലൂരുവിൽരുവിൽ ജീവിതമാരംഭിച്ചത്. ആറുവർഷമായി ബംഗലൂരുവിൽ താമസിക്കുന്ന തരുൺ തന്റെ യഥാർഥ പേരും വിവരങ്ങളും ഒളിപ്പിച്ചുകൊണ്ടാണ് രണ്ടാമത് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇയാൾക്ക് രണ്ടു കുട്ടികളുണ്ട്.

സജിനിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് പൊലീസിന്റെ അന്വേഷണമാണ് തരുണിന്റെ അറസ്റ്റിൽ കലാശിച്ചത്. 15 വർഷം മുൻപ് നടത്തിയ കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായ ഇയാളെ വ്യാഴാഴ്ചയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് കണ്ടെത്തി അഹമ്മദാബാദിലെത്തിച്ചത്. 14 വർഷമായി പ്രതിക്കായി അന്വേഷണം നടത്തിയ പൊലീസ് തരുണിന്റെ അമ്മ അന്നമ്മയെ ചോദ്യം ചെയ്തിരുന്നു. സ്ഥിരമായി അന്നമ്മ നടത്തുന്ന യാത്രകളും അവരുടെ ഫോണിലേക്ക് വരുന്ന കോളുകളുമാണ് പൊലീസിന് പ്രതിയെപ്പറ്റിയുള്ള സൂചന നൽകിയത്.

അന്നമ്മയുടെ അയൽക്കാരെ ചോദ്യം ചെയ്ത പൊലീസിന് ചില നിർണ്ണായക വിവരങ്ങൾ ലഭിക്കുകയും ചെയ്തു. ബംഗലൂരുവിൽ നിന്ന് അന്നമ്മയുടെ ഫോണിലേക്ക് വരുന്ന രണ്ടു കോളുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. അതിൽ ഒരു നമ്പർ തരുണിന്റെ നിലവിലെ ഭാര്യയുടേതായിരുന്നു. മറ്റൊരു കോൾ ബംഗലൂരുവിലെ ഒരു സ്ഥാപനത്തിന്റെയും. സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോൾ തരുൺ എന്ന പേരിൽ അവിടെയാരും ജോലിചെയ്യുന്നില്ല എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. 

തുടർന്നാണ് തരുണിന്റെ നിലവിലെ ഭാര്യയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടർന്നത്. എന്നാൽ തരുണിന്റെ ഭാര്യയുടെ മേൽവിലാസം തിരഞ്ഞ പൊലീസിന് ലഭിച്ചത് പ്രവീൺ ഭട്ടാലിയ എന്നയാളെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 15 വർഷം മുൻപു നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രവീൺ എന്ന പേരിൽ ബംഗലൂരുവിൽ താമസിച്ചിരുന്നത് തരുണായിരുന്നെന്നും നിലവിലെ ഭാര്യയോടുപോലും തന്റെ യഥാർഥ ഐഡന്റിന്റി വെളിപ്പെടുത്താതെയാണ് അയാൾ ബംഗലൂരുവിൽ ജീവിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

പ്രവീൺ എന്ന കള്ളപ്പേരിൽ കഴിഞ്ഞിരുന്ന തരുണിനെ ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം ഏറ്റുപറഞ്ഞതായും പൊലീസ് പറയുന്നു. തന്റെ മാതാപിതാക്കൾ മരിച്ചുപോയി എന്നു കള്ളംപറഞ്ഞാണ് അയാൾ രണ്ടാം വിവാഹം കഴിച്ചതെന്നും നാട്ടിൽ നിന്നു മാതാപിതാക്കളെത്തുമ്പോൾ ബന്ധുക്കൾ എന്ന മട്ടിലാണ് ഭാര്യയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തിരുന്നതെന്നും പൊലീസ് പറയുന്നു.