ഓരോ സ്ത്രീയിലും ഒരു യക്ഷിയുണ്ട്

ഇത്ര മനോഹരമായി ഒരു സ്ത്രീ പുരുഷ ബന്ധത്തെ ആവിഷ്കരിക്കാനാകുമോ? ഒരു വാക്കിൻെറ അകമ്പടി പോലുമില്ലാതെ കേവലം നോട്ടങ്ങൾ കൊണ്ട് മാത്രം പുരുഷൻെറ മനസളക്കുന്ന യക്ഷിയും മോഹിച്ച പെണ്ണിനെ യക്ഷീരൂപത്തിൽ സങ്കൽപിക്കുന്ന ഒരു പുരുഷനും.യക്ഷം എന്ന ഷോർട്ട്ഫിലിമിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.

യക്ഷം

നാലുചുവരുകൾക്കുള്ളിൽ മാന്ത്രികമായ ഏതോ ഈണങ്ങളിലൂടെ സംവദിക്കുന്ന ഒരു പുരുഷൻെറയും സ്ത്രീയുടെയും കഥ എന്നതിലുപരി ബ്രാഹ്മണ്യത്തെയും വിശ്വാസത്തെയും സ്ത്രീ സ്വാതന്ത്രത്തെയും മുടിനാരിഴകീറി പരിശോധിക്കുകയാണ് ഈ ഷോർട്ട്ഫിലിമിലുടനീളം. പുരുഷനെ മോഹിപ്പിക്കാൻ പോന്ന അഴകളവുകളുമായി ശ്രീകോവിലിൻെറ നാലുചുവരുകൾക്കുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ട യക്ഷി ഒരു പ്രതിനിധിയാണ്. ആണിനു മുന്നിൽ സ്വന്തം ആഗ്രഹങ്ങൾ തുറന്നുപറയാൻ കഴിയാതെ അവനൊരുക്കിയ സുരക്ഷിതമായ കൂട്ടിൽ അവനെ സന്തോഷിപ്പിക്കാനായി മാത്രം പിറന്നവളായി നിശ്ശബ്ദം ഒടുങ്ങേണ്ടി വരുന്ന ഒരോ പെൺജന്മത്തിൻറേയും പ്രതിനിധി.

യക്ഷം എന്ന ഷോർട്ട്ഫിലിമിൽ നിന്നുള്ള ദൃശ്യം

ബ്രാഹ്മണ്യത്തിൻെറയും ചാതുർവർണ്യത്തിൻറെയും അന്തസത്തയെ ചോദ്യംചെയ്യാൻ പോന്നതാണ് പൂണൂലിനെപറ്റിയുള്ള ഈ ഷോർട്ട്ഫിലിമിലെ സംഭാഷണങ്ങൾ. അരുതുകളുടെ ആണികളില്‍ അടക്കം ചെയ്യപ്പെട്ട സകല ‘യക്ഷി’കള്‍ക്കുമായി എന്ന ടാഗ് ലൈനില്‍ യൂടൂബിലെത്തിയ യക്ഷം എന്ന ഷോര്‍ട്ട് ഫിലിമിലെ നായിക ചലച്ചിത്ര താരം ഹിമ ശങ്കറാണ്. ജിതിന്‍ രാജഗോപാല്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമില്‍ വന്യസൗന്ദര്യവുമായി പ്രത്യക്ഷപ്പെടുന്ന ഹിമ തന്നെയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം!