Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളുമായുള്ള ബന്ധം ഊഷ്മളമാക്കണോ, പാട്ടുകേട്ടോളൂ

x-default പ്രതീകാത്മക ചിത്രം.

കൗമാരക്കാരായ മക്കളുമായി ആരോഗ്യപരമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരുമുണ്ടാവില്ല. പക്ഷേ ഈ മക്കള്‍ എപ്പോഴും അവരുടെ സ്വകാര്യലോകത്തില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. സകുടുംബം ഒരു യാത്രയ്ക്ക് പോകുമ്പോഴും ഇയര്‍ഫോണ്‍ വഴി പാട്ടുകേട്ടിരിക്കാനായിരിക്കും അവര്‍ക്കിഷ്ടം. 

സ്വന്തമായി ഒരു ലോകവും അവിടെയുള്ള സന്തോഷങ്ങളും നേടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെയും ബാഹ്യലോകത്തെ അകറ്റിനിര്‍ത്തുന്നതിന്റെയും ഭാഗമായിട്ടാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. എന്നാല്‍ ഇനിമുതല്‍ യാത്രപോകുമ്പോള്‍ മക്കളോട് പറയൂ  ആ ഇയര്‍ഫോണ്‍ ഒന്ന് മാറ്റിവെക്കാന്‍. എന്നിട്ട് കാറിലെ മ്യൂസിക് സിസ്റ്റം  ഓണ്‍ ചെയ്യൂ. സകുടുംബം പാട്ടുകേട്ട് ഒരുമിച്ച് യാത്ര ചെയ്യുന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കുമെന്നാണ് അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്. 

ചെറുപ്പം മുതൽ പ്രത്യേകിച്ച് കൗമാരകാലത്ത് മാതാപിതാക്കളുമൊത്ത് മ്യൂസിക്കല്‍ എക്‌സ്പീരിയന്‍സ്  മക്കള്‍ പങ്കിട്ടുവളരുന്നത് പരസ്പരമുള്ള ബന്ധം ദൃഢമാക്കും. വീട്ടില്‍ ചെറിയ കുട്ടികളുണ്ടോ അവര്‍ക്ക് പാട്ടുവച്ചുകൊടുക്കൂ. അവരുമായി പാട്ടുകേള്‍ക്കു. അത് ഇരുകൂട്ടരെയും ഭാവിയില്‍ കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമായി മാറും. 

പഠനം നടത്തിയ ജെയ്ക്ക് ഹാര്‍വുഡ് പറയുന്നു. അതുപോലെ കൗമാരക്കാരായ മക്കളുമൊത്ത് പാട്ടുകേള്‍ക്കാനും പാട്ടിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ജെയ്ക്ക് ഓര്‍മ്മിപ്പിക്കുന്നു. 21 വയസ്സു വരെ പ്രായമുള്ള ഒരു ഗ്രൂപ്പിനെ തിരഞ്ഞെടുത്താണ് പഠനം നടത്തിയത്. ഇതില്‍ പങ്കെടുത്തവര്‍ പറഞ്ഞത് തങ്ങള്‍ 8 വയസ്സിനും 13വയസ്സിനും ഇടയിലും ചിലപ്പോഴൊക്കെ അതിനു ശേഷവുമുള്ള പ്രായത്തില്‍ മാതാപിതാക്കൾക്കൊപ്പം പാട്ടു കേള്‍ക്കുകയും അത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നുവെന്നാണ്.

കുട്ടികളെ താരാട്ടുപാട്ടി ഉറക്കുന്നതിന്റെയും നേഴ്‌സറി ഗാനങ്ങള്‍ പഠിപ്പിക്കുന്നതിന്റെയും അടിസ്ഥാനം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്നതുകൂടിയാണെന്നും പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ഇനിമുതല്‍ നമ്മുടെ വീടുകളില്‍ പാട്ടുകള്‍ മുഴങ്ങട്ടെ. മാതാപിതാക്കളും മക്കളും ഒരുമിച്ച് പാട്ടുകേള്‍ക്കട്ടെ. വീടുകളില്‍ സ്‌നേഹത്തിന്റെ സംഗീതം നിറയട്ടെ. ജേര്‍ണല്‍ ഓഫ് ഫാമിലി കമ്മ്യൂണിക്കേഷനിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.