പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

പ്രതീകാത്മക ചിത്രം.

അമിതവണ്ണം പല സ്ത്രീകളുടെയും സ്വകാര്യ ദുഖങ്ങളിലൊന്നാണ്. മരുന്നു കഴിച്ചും വ്യായാമം ചെയ്തും വണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം പെരുകിവരുന്നുമുണ്ട്. ഭക്ഷണനിയന്ത്രണവും എക്‌സൈര്‍സൈസുമാണ് അമിതവണ്ണത്തിനുള്ള പരിഹാരമായി പലരും പറയുന്നത്. രണ്ടും നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണെങ്കിലും അനുദിന ജീവിതത്തെ കുറെക്കൂടി ശ്രദ്ധയോടും അടുക്കും ചിട്ടയോടും കൂടി സമീപിച്ചാല്‍ അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ആവശ്യത്തിനുള്ള ഉറക്കം

മതിയായ ഉറക്കം  പൊണ്ണത്തടിയില്‍ നിന്ന്  രക്ഷപ്പെടുത്താന്‍ സഹായിക്കുമത്രെ. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ വിശപ്പ് ഉണ്ടാക്കുന്ന ഹോര്‍മോണ്‍ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടും. ഇതാവട്ടെ സാധാരണയില്‍കൂടുതലായി ഭക്ഷണം കഴിക്കാന്‍ കാരണമാകും. സ്വഭാവികമായി തൂക്കം വര്‍ധിക്കും. അതുകൊണ്ട് ഏഴുമുതല്‍ 9 മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങേണ്ടതാണ്.

പുലർച്ചെ ഉറക്കമുണരുക

നേരം വെളുത്ത് എണീറ്റ് വരുമ്പോഴേ ജാലകത്തിരശ്ശീലകള്‍ നീക്കി സൂര്യകിരണം മുറിയിലേക്ക് കടന്നുവരാന്‍ സാഹചര്യമൊരുക്കുക.പ്രഭാതകിരണങ്ങള്‍ക്ക് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നന്നായി കൊണ്ടുപോകുന്നതിലും  മെറ്റബോളിസത്തിന്റെ കാര്യത്തിലും വലിയൊരു പങ്കുണ്ട്. അതുകൊണ്ട് 20 മുതല്‍ 30 മിനിറ്റ് വരെ പ്രഭാതത്തിലെ സൂര്യകിരണങ്ങള്‍  ശരീരത്തില്‍ പതിയാന്‍ അനുവദിക്കുക. ഇത് കൊഴുപ്പ് നീക്കാനും തൂക്കം കുറയാനും സഹായിക്കും.

സ്വയം തൂക്കം നോക്കുക

ഓരോ ദിവസവും സ്വയം തൂക്കം നോക്കുന്നത് നല്ല മാര്‍ഗ്ഗമാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കോര്‍നെല്ലിലെ ഗവേഷകര്‍ പറയുന്നത്. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നതിന് മുമ്പാണ് ഇത് ചെയ്യേണ്ടത്. ഓരോദിവസവും ഇങ്ങനെ നോക്കുന്നതുവഴി തൂക്കം കുറഞ്ഞോ, കൂടിയോ എന്നെല്ലാം മനസ്സിലാക്കാനും അതനുസരിച്ച് ഭക്ഷണം ക്രമീകരിക്കാനും സാധിക്കും.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണവും അമിതവണ്ണവും തമ്മില്‍ നല്ല ബന്ധമുണ്ട്. അമിതവണ്ണമുള്ള പല സ്ത്രീകളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ്. ജോലിത്തിരക്കോ ഓഫീസിലെത്താനുള്ള തിടുക്കമോ ആയിരിക്കാം കാരണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും കലോറിയുമാണ് ഇതിലൂടെ നഷ്ടമാകുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതുകൊണ്ട് പിന്നീട് അമിതമായി ഭക്ഷണം കഴിക്കും. ഇത് തൂക്കം കൂട്ടുന്നതിന് കാരണമാകും..