ഗർഭിണിയായിരിക്കെ കിരീടം നേടിയ എത്രതാരങ്ങളുണ്ട്? ; സെറീനയെ അപമാനിച്ച മക്കെൻറോ മറുപടി പറയട്ടെ

സെറീന വില്യംസ്, ജോൺ മക്കെൻറോ

മറക്കാനാവാത്ത ചില താരങ്ങളുണ്ട്. കളിക്കളത്തിലെ പ്രകടനങ്ങളാലും പുറത്തു വാക്കുകളാലും ആരാധകപ്രീതി നേടിയവർ. ടെന്നീസ് ടൂർണമെന്റുകളിൽ ഒരുകാലത്തെ ആവേശമായിരുന്നു ജോൺ മക്കെൻറോ; മൈതാനങ്ങളിലും പുറത്തും ‘പവർ ഗെയിമിന്റെ’ വക്താവ്. മക്കെൻറോയുടെ കളിചാതുര്യം മറന്നിട്ടില്ലാത്തവർ ഇന്നുമുണ്ടെങ്കിലും അവരെയും വെറുപ്പിച്ചിരിക്കുന്നു കഴിഞ്ഞദിവസം നടത്തിയ അഭിപ്രായപ്രകടനങ്ങളിലൂടെ അമേരിക്കൻതാരം.

തന്റെ ഓർമക്കുറിപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോൾ അദ്ദേഹം നടത്തിയ ചില അഭിപ്രായങ്ങൾ വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നു. പുരുഷാധിപത്യം പ്രകടമാക്കി, അങ്ങേയറ്റം സ്ത്രീവിരുദ്ധമായി മക്കെൻറോ സംസാരിച്ചിരിക്കുന്നു. അതും അസാധാരണ പ്രകടനത്തിലൂടെ ലോക ഒന്നാം നമ്പറിലെത്തിയ സെറീന വില്യംസിനെതിരെ. അന്തസ്സോടെ മറുപടി കൊടുത്തു സെറീന. ഒപ്പം ആയിരക്കണക്കിനുപേർ സമൂഹമാധ്യമങ്ങളിലൂടെ അമേരിക്കൻ താരത്തെ പരിഹാസപാത്രമാക്കി. 

ആധുനിക ടെന്നീസിലെ കരുത്തുറ്റ മുഖമാണ് സെറീന. ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിൽ തുടർച്ചയായി കിരീടം നേടി കഴിവുതെളിയിച്ച പ്രതിഭ. അടുത്തകാലത്തു ഗർഭിണിയായിരിക്കെപോലും എതിരാളികളെ തകർത്തെറിഞ്ഞു സെറീന ലോകത്തെ ഞെട്ടിച്ചു. പക്ഷേ ആ പ്രകടനങ്ങളൊന്നും മക്കെൻറോയെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നുവേണം കരുതാൻ. ഇന്നുള്ള വനിതാ താരങ്ങളിൽ ഒന്നാം സ്ഥാനത്തിനു സെറീനയ്ക്ക് അർഹതയുണ്ടെങ്കിലും പുരുഷ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്ര വലിയ മികവൊന്നും അവർക്കില്ല എന്നായിരുന്നു മക്കെൻറോയുടെ അനവസരത്തിലെ അഭിപ്രായപ്രകടനം.

കൂടിവന്നാൽ 700–ാം  റാങ്ക് സെറീനയ്ക്കു കൊടുക്കാമെന്നുംകൂടി അദ്ദേഹം പറഞ്ഞു!. ടെന്നിസ് ആരാധകർക്കു വെറുതെയിരിക്കാനാവുമോ ?. കരുത്തുറ്റ ടെന്നീസിലൂടെ എതിരാളികളെ വെള്ളംകുടിപ്പിച്ച സെറീനയ്ക്ക് 700–ാം റാങ്കോ. വിമർശനങ്ങൾ കൂന്നുകൂടി. സെറീനയും വെറുതെയിരുന്നില്ല.തുടർച്ചയായ ട്വീറ്റുകളിലൂടെ അവർ മക്കെൻറോയെ എതിരിട്ടു. യാഥാർഥ്യത്തിനു നിരക്കാത്ത പ്രസ്താവനകളിൽനിന്നു മാറിനിൽക്കാൻ മക്കെൻറോയോട് അപേക്ഷിച്ചു. പ്രിയ ജോൺ, ഞാൻ താങ്കളെ ബഹുമാനിക്കുന്നു.അരാധിക്കുന്നു. പക്ഷേ താങ്കളുടെ സത്യവിരുദ്ധമായ പ്രസ്താവനകളിൽനിന്നു ദയവുചെയ്ത് എന്നെ ഒഴിവാക്കാമോ. സെറീനയുടെ ട്വീറ്റ് ലൈക് ചെയ്തു, ആയിരക്കണക്കിനു കായിക പ്രേമികൾ.

താങ്കൾ ഉദ്ദേശിക്കുന്ന ഉയർന്ന റാങ്കിലുള്ളവരുമായി ഞാൻ കളിച്ചിട്ടില്ല. എനിക്കതിനു സമയവുമില്ല. ഒരു കുട്ടിക്കുവേണ്ടി കാത്തിരിക്കുന്ന എന്റെ സ്വകാര്യതയെ മാനിച്ച് താങ്കളുടെ പ്രസ്താവനകളിൽനിന്ന് എന്നെ ഒഴിവാക്കൂ..സെറീന കുറിച്ചു. സെറീനയുടെ മറുപടി ഇഷ്ടപ്പെട്ട ആയിരങ്ങൾ ആവരെ പിന്തുണച്ചുകൊണ്ടു രംഗത്തെത്തി. ആ മറുപടി ഉഗ്രൻ രാജകുമാരീ... എന്നു കമന്റ് ചെയ്തു ഒരാൾ. കറുത്ത നിറക്കാരോടുള്ള വെളുത്തവരുടെ അസൂയയാണു മക്കെൻറോയുടെ അഭിപ്രായത്തിനു പിന്നിലെന്നു പറഞ്ഞവരുണ്ട്. റോജർ ഫെഡററെക്കാളും മുകളിലുള്ള കളിക്കാരിയാണു സെറീന.അവരെ പരിസഹിച്ചതു കടുപ്പമായിപ്പോയെന്നും പലരും അഭിപ്രായപ്പെട്ടു.

സെറീനയ്ക്ക് 700–ാം റാങ്ക് കൊടുത്ത മക്കെൻറോയോടു ഒരാൾ ചോദിച്ചു: താങ്കൾ ഉദ്ദേശിക്കുന്ന എഴുന്നൂറു പേരിൽ എത്രപേർ ഗർഭിണിയായിരിക്കുമ്പോൾ കിരീടം നേടിയിട്ടുണ്ട് ? കരിയറിൽ ഏഴു ഗ്രാൻഡ്സ്ലാം മാത്രം നേടിയ ഒരാൾ 20 ഗ്രാൻഡ്സ്ലാം നേടിയ താരത്തെ പരിഹസിക്കുന്നതിലുള്ള വിരോധാഭാസം ചൂണ്ടിക്കാട്ടിയവരുമുണ്ട്. സെറീന മികച്ച കളിക്കാരിയെന്ന് മക്കെൻറോയും സമ്മതിക്കുന്നുണ്ട്. തന്റേതായ ദിവസത്തിൽ ഏതുതാരത്തെയും തോൽപിക്കാനും അവർക്കു കഴിവുണ്ട്. പക്ഷേ പുരുഷ ടെന്നിസിലേക്കു വരുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്: അദ്ദേഹം വിശദീകരിച്ചു. മക്കെൻറോയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വ്യാപകമായി വിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ .