സ്ത്രീപക്ഷ ചിന്തകളുണർത്തി അന്നൊരു കാലത്ത്

മലയാളത്തിൽ ആദ്യമായി ഒരു പത്രിക ആരംഭിച്ചത് 1847 ജൂണിൽ ഗുണ്ടർട്ട് സായിപ്പ് ആയിരുന്നു ‘രാജ്യസമാചാര’. ‌‌‌സ്ത്രീപക്ഷ ചിന്തയും സ്ത്രീ സമത്വത്തിനായുള്ള മുറവിളികളും ആരംഭിച്ചതിന്റെ സൂചനകളായിരുന്നു 1847 ഒക്ടോബർ മാസം തിരുവനന്തപുരത്തു നിന്നു പുറത്തിറങ്ങിയ ‘കേരള സുഗുണ ബോധിനി’.

സ്ത്രീകളുടെ വിജ്ഞാനവും വിനോദവുമായിരുന്നു  ‘കേരള സുഗുണ ബോധിനി’ ലക്ഷ്യമിട്ടത്. ഇതേ കാലയളവിൽത്തന്നെയാണ് റാവു ബഹദൂർ കൃഷ്ണമാചാര്യർ മദ്രാസിൽ നിന്ന് ‘മഹാറാണി’ എന്ന പേരിൽ പ്രസിദ്ധീകരണം പുറത്തിറക്കിയത്. മഹാറാണിക്ക് ഏറെ നാളുകൾ ആയുസ്സ് ഉണ്ടായിരുന്നില്ല.

1905ൽ ബി. കല്യാണിയമ്മയുടെ പ്രസാധകത്തില്‍ ഇറങ്ങിയ ‘ശാരദ’ സ്ത്രീ പക്ഷത്തെ ആദ്യകാല ശബ്ദമായി പരിഗണിച്ചു പോന്നു. 1915 ൽ ആർ.വേലുപിള്ളയുടെ പ്രസാധകത്തിൽ പുറത്തിറങ്ങിയ –‘ഭാഷാ ശാരദ’യും സ്ത്രീകളെ ഉദ്ദേശിച്ചുള്ളതായിരുന്നു. 1922 ൽ ചെങ്ങന്നൂരിൽ നിന്നു ബി. ഭഗീരഥിയമ്മ പ്രസാധകയായി പുറത്തിറക്കിയ ‘മഹിള’ സ്ത്രീപക്ഷ പ്രാമുഖ്യമുള്ള തായിരുന്നു. ഏതാണ്ട് 20 വർഷം പുറത്തിറങ്ങിയ മഹിള, സ്ത്രീ ഉന്നമനത്തിനായി നിലകൊള്ളുകയും ശക്തമായി വാദിക്കുകയും ചെയ്തു.1916 കെ.എം. കുഞ്ഞുലക്ഷ്മിക്കുട്ടിയമ്മയുടെ പ്രസാധകത്തില്‍ ഇറങ്ങിയ ‘മഹിളാരത്നം’ രചനകൾക്ക് പുതിയ വാതായനങ്ങൾ തുറന്നിട്ടു. 

1901ൽ കായംകുളത്തു ജന്മം കൊണ്ടതാണ് ‘സുമംഗല’. പന്തളത്തു തമ്പുരാൻ, ഉള്ളൂർ, വള്ളത്തോൾ, അപ്പൻ തമ്പുരാൻ മുതൽ ആ കാലത്തെ തലയെടുപ്പുള്ള പ്രതിഭാധനൻമാരുടെ സൃഷ്ടികളാൽ സമ്പന്നമായിരുന്നു ‘സുമംഗല’. 1925 ജനുവരിയിൽ രംഗപ്രവേശം ചെയ്ത ‘സഹോദരി’ മാസികയുടെ ലക്ഷ്യവും സ്ത്രീ ഉന്നമനമായിരുന്നു.  പി.ആർ. മന്ദാകിനിയായിരുന്നു നേതൃത്വം. വെട്ടിത്തുറന്നുള്ള എഴുത്തായിരുന്നു ‘സഹോദരി’ യുടെ മേൻമ.

1927ൽ കോട്ടയത്തുനിന്നു വി.സി. ജോണിന്റെ പ്രസാധകത്തില്‍ ഇറങ്ങിയ ‘വനിതാ കുസുമം’ സ്ത്രീകളെ സംബന്ധിച്ച വിജ്ഞാന കോശം തന്നെയായിരുന്നു. ഗാന്ധിജി മുതൽ സരോജിനി നായിഡു വരെയുള്ളവരുടെ ലേഖനങ്ങൾ ഇതിൽ ഇടം പിടിച്ചിരുന്നു. 1932 ൽ പാർവ്വതി അയ്യപ്പന്റെ നേതൃത്വത്തിൽ എറണാകുളത്തു നിന്ന് ഇറങ്ങിയ ‘സ്ത്രീ’ എന്ന മാസികയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

1921 ജനുവരിയിലാണ് ഒരു സചിത്ര മാസിക കേരളത്തിൽ ഉദയം ചെയ്തത്. മഹാറാണി സേതുപാർവ്വതിഭായി തമ്പുരാട്ടി രക്ഷാധികാരിയും ബി. ഭാഗീരഥിയമ്മ പത്രാധിപരായും ഇറങ്ങിയ ‘മഹിള’ സ്ത്രീപ്രബുദ്ധതയും സാഹിത്യാഭിരുചിയുടെ വളർച്ചയുമാണ് ലക്ഷ്യമിട്ടത്.

1926 ജനുവരിയിൽ കൊച്ചിയിൽ നിന്നു എസ്താർ ഏലിയാറാബിയയുടെ രക്ഷാധികാരിയായി അച്ചടിച്ചിറങ്ങിയ ‘മുസ്ലിം മഹിള’ മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമിട്ടു.

1905 ൽ വെള്ളയ്ക്കൻ നാരായണ മേനോന്റെ പത്രാധിപത്യത്തിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി റാണി ലക്ഷ്മീ ഭായി തമ്പുരാട്ടിയുടെ സ്മരണയ്ക്കായി തൃശൂരിൽ നിന്ന് ഇറങ്ങിയ ‘ലക്ഷ്മീ ഭായി’ ഏറെ ശ്രദ്ധേയമായ മാസികയായിരുന്നു.