മകളുടെ മൃതദേഹം പോലും അടക്കാനനുവാദമില്ലാത്ത ഇടം വിട്ട് അവർ പോയി

കഠ്‌വയിലെ രസാന  ഗ്രാമത്തിൽ നിന്ന് ഏറെ മാറി വനമധ്യത്തിൽ കുടികൊള്ളുന്ന വീടിന് പറയാൻ ഒരുപാടു കഥകളുണ്ട്. വീട്ടുമുറ്റത്തു കൂടി ഓടിക്കളിച്ച പെൺകുഞ്ഞിനെ ഒരുകൂട്ടം നരാധമന്മാർ പിച്ചിച്ചീന്തിയതിനു പിന്നിലുള്ള ഹൃദയം നോവിക്കുന്ന കഥ. ഇപ്പോൾ ഈ വീട്ടിൽ ആരുമില്ല. നിഷ്കളങ്കയായ ഒരു പെൺകുഞ്ഞ് കൊടുംപീഡനത്തിനിരയായി കൊല്ലപ്പെടാനുണ്ടായ കാരണം വസ്തുത്തർക്കമാണെന്ന് വെളിപ്പെടുത്തൽ.

ഈ വീടിരിക്കുന്ന സ്ഥലത്തിന്റെ പേരിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നതായി പെൺകുട്ടിയുടെ ബന്ധു വെളിപ്പെടുത്തുന്നു. വിലയ്ക്കുവാങ്ങിയ വസ്തുവിലാണ് പെൺകുട്ടിയുടെ കുടുംബം വീടുവെച്ചത്. എന്നാൽ തങ്ങളുടെ സ്ഥലം തിരികെ വേണമെന്ന് അത് വിറ്റവർ വല്ലാതെ വാശിപിടിച്ചു. ഭീഷണികളും തർക്കങ്ങളും വർധിച്ചു. ഇതിന്റെയൊക്കെ തിക്തഫലമായിട്ടാണ് പെൺകുട്ടിക്ക് ദുർവിധിയുണ്ടായത്.

എന്നാൽ തങ്ങളെ ഏറെ വിഷമിപ്പിച്ചത് കുട്ടിയുടെ മൃതദേഹം അവിടെ സംസ്കരിക്കാൻ പറ്റില്ലെന്ന് ഒരുകൂട്ടം ആളുകൾ നിർബന്ധം പിടിച്ചതാണെന്നും ഇതിൽ മനംനൊന്താണ് അവളുടെ കുടുംബം വീടുപേക്ഷിച്ചു പോയതെന്നും അവർ എങ്ങോട്ടാണ് പോയതെന്ന് ആർക്കുമറിയില്ലെന്നും അദ്ദേഹം പറയുന്നു. ഗ്രാമത്തിലെ ന്യൂനപക്ഷസമുദായമായ  ബഖേർവാല നാടോടി സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാനാണു പ്രദേശത്തെ പ്രമാണിയുടെ നേതൃത്വത്തിൽ കൊലപാതകം ആസൂത്രണം ചെയ്തതെന്നു മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നാലു പൊലീസുകാർക്കും കേസിൽ പങ്കുണ്ടെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി.

 കഴിഞ്ഞ ജനുവരി പത്തിനാണ് എട്ടുവയസ്സുകാരിയെ കാണാതായത്. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നൽകിയാണ് പ്രതികളൊരാൾ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയത്.

ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. 

ജനുവരി 17നാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ അഭിഭാഷകർ സംഘം ചേർന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.