മമതയുടെ പരാതി, കുമാരസ്വാമിയുടെ നടപടി, നീലമണിയുടെ സ്ഥലംമാറ്റം; സത്യമിതാണ്

മമത ബാനർജി,എച്ച്.ഡി.കുമാരസ്വാമി,നീലമണി രാജു

ഒരാഴ്ചയിലധികം രാജ്യം മുഴുവന്‍ കണ്ണുനട്ടു കാത്തിരുന്ന ദിവസങ്ങളിലൂടെ കടന്നുപോകുകയായിരുന്നു കര്‍ണാടക. നിയസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും ത്രിശങ്കു സഭയും സത്യപ്രതിജ്ഞയും സഭയിലെ ബലപരീക്ഷണവുമെല്ലാമായി രാഷ്ട്രീയച്ചൂട് ഉയരത്തിലെത്തിച്ച ദിവസങ്ങള്‍. കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവില്‍ എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായി; ബിജെപിക്ക് എതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തയാറായ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കന്‍മാരെയും ഒന്നിലധികം മുഖ്യമന്ത്രിമാരെയും സാക്ഷികളാക്കി. 

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെ ഒന്നിലധികം വിെഎപികള്‍ എത്തിയതോടെ പൊലീസിനു പിടിപ്പതു പണിയായി. ഗതാഗത ഒരുക്കങ്ങളും താറുമാറായി. ഇതിനിടെയുണ്ടായ ആശയക്കുഴപ്പത്തില്‍ വാഹനത്തില്‍നിന്നുമിറങ്ങി കുറച്ചുദൂരം നടക്കേണ്ടിവന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അസംതൃപ്തിയും പരാതിയും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായി.

മമതയുടെ അസംതൃപ്തിയുടെ ഫലം അനുഭവിക്കേണ്ടിവന്നതാകട്ടെ കര്‍ണാടകയിലെ ഏറ്റവും കഴിവുറ്റ, സത്യസന്ധയായ,  വനിതാ ഉദ്യോഗസ്ഥരിലൊരാള്‍ എന്നു പേരു കേട്ട സംസ്ഥാന പൊലീസ് മേധാവി നീലമണി രാജുവിനും. ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാതിയെത്തുടര്‍ന്ന് നീലമണി രാജുവിനെ കുമാരസ്വാമി സ്ഥലംമാറ്റി എന്ന വാര്‍ത്ത എത്തിയതോടെ പ്രതിഷേധം പടര്‍ന്നുപിടിക്കുകയാണ് സമൂഹമാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും. 

പുതിയ മുഖ്യമന്ത്രിയുടെ വരവോടെ പുത്തന്‍ പ്രതീക്ഷകളിലാണ് കര്‍ണാടകത്തിലെ ജനങ്ങളും രാജ്യമാകെത്തന്നെയും. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട് ജനത്തിന്. നീലമണി രാജുവിന് എതിരെയുണ്ടായെന്നു പറയപ്പെടുന്ന നടപടിനീക്കം ഇങ്ങനെയുള്ള പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് താന്‍ ആര്‍ക്കും സ്ഥലംമറ്റ ഉത്തരവു നല്‍കിയിട്ടില്ലെന്നു വിശദീകരിക്കേണ്ടിവന്നിരിക്കു കയാണ് മുഖ്യമന്ത്രിക്ക്. എന്താണു സംഭവിച്ചതെന്നു തിരക്കിയെന്നും നീലമണി രാജു നേരില്‍ വിശദീകരണം തന്നുവെന്നുമാണ് കുമാരസ്വാമി ഇപ്പോള്‍ വിശദീകരിക്കുന്നത്. 

കര്‍ണാകയില്‍ പൊലീസിന്റെ ഉന്നതസ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയാണ് നീലമണി രാജു. ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തയാളെന്നു പേരെടുന്ന ഉദ്യോഗസ്ഥ. വാഹനം ഉപേക്ഷിച്ചു മമതാ ബാനര്‍ജിക്കു കുറച്ചുദൂരം നടക്കേണ്ടിവന്നു എന്ന വസ്തുത നീലമണി രാജുവും അംഗീകരിക്കുന്നുണ്ട്. സോണിയാ ഗാന്ധിയുടെ വാഹനവും മമതയുടെ വാഹനവും ഒരേസമയം മുന്നോട്ട് എടുത്തതുകൊണ്ടാണ് ആശയക്കുഴപ്പമുണ്ടായതെന്നും നീലമണി വിശദീകരിക്കുന്നു.

മമതാ ബാനര്‍ജിയാകട്ടെ പെട്ടെന്നു തന്നെ അസ്വസ്ഥയായി. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയെങ്കിലും തുടക്കത്തില്‍ അവര്‍ കസേരയില്‍ ഇരിക്കാന്‍ തയ്യാറായില്ല. മുന്‍ പ്രധാനമന്ത്രി ദേവെ ഗൗഡയും കുമാരസ്വാമിയും ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് അവര്‍ ശാന്തയായതും ഇരുന്നതും. പക്ഷേ തന്റെ പരാതി അവര്‍ മറ്റു നേതാക്കളുമായി പങ്കുവച്ചു. പരസ്യമായി നീലമണി രാജുവിനോട് അനിഷ്ടം പ്രകടിപ്പിച്ചതിനുപിന്നാലെ കുമാരസ്വാമിയോടു പരാതിയും പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ഇതേക്കുറിച്ചു നീലമണി രാജുവിനോടു സംസാരിക്കുകയും അവര്‍ വിശദീകരണം കൊടുക്കുകയുംചെയ്തുവെന്നുമാണ് വിശ്വസനീയമായ റിപോര്‍ട്ടുകള്‍. 

രാഷ്ട്രീയ നേതാക്കളോ മുഖ്യന്ത്രിമാരോ ഒന്നും ഇടപെട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളുടെ ഇടപെടലാണ് പ്രശ്നം വെളിച്ചത്തുകൊണ്ടുവന്നതും സത്യസന്ധയായ ഒരു ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റ നീക്കം തടഞ്ഞതും.