കൂട്ടുകാരിയെ മാനഭംഗപ്പെടുത്തി; സ്വന്തം അച്ഛനെതിരെ പരാതിയുമായി മകൾ

നിയമ വിദ്യാർഥിനിയും സഹപാഠിയും ഉറ്റസുഹൃത്തുമായ പെൺകുട്ടിയെ സ്വന്തം അച്ഛൻ മാനഭംഗപ്പെടുത്തി എന്ന സത്യം തിരിച്ചറിഞ്ഞതു മുതൽ അവൾ നിന്നത് അച്ഛനൊപ്പമല്ല ഇരയ്ക്കൊപ്പമാണ്. ഒരു മകളായിരിക്കുമ്പോഴും തെറ്റു ചെയ്ത അച്ഛനെ ശിക്ഷിക്കണമെന്നു തന്നെയാണ് നിയമവിദ്യാർഥിനി കൂടിയായി മകളുടെ പക്ഷം. അതുകൊണ്ടു തന്നെയാണ് പീഡനത്തെക്കുറിച്ച് പരാതി നൽകാൻ ഇരയ്ക്കും അവളുടെ അമ്മയ്ക്കുമൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഡൽഹിയിലാണ് സംഭവം നടന്നത്. മൂന്നാം ക്ലാസ് മുതൽ ഉറ്റസുഹൃത്തുക്കളാണ് പെൺകുട്ടികൾ. ഒരു ദിവസം കൂട്ടുകാരിയുടെ ഒപ്പം താമസിക്കാൻ എത്തിയതാണ് ഇരയായ പെൺകുട്ടി. അതേദിവസം അത്താഴം പുറത്തു നിന്നായതിനാൽ പെൺകുട്ടികളും കുറ്റാരോപിതനും അത്യാവശ്യം നന്നായി മദ്യപിച്ചിരുന്നു. പിന്നീട് പെൺകുട്ടികളിരുവരും ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. 

ഉറക്കത്തിനിടയിൽ വെളുപ്പിനെ 4 മണിക്ക്  കൂട്ടുകാരിയുടെ അച്ഛൻ വിളിക്കുന്നതുകേട്ടാണ് ഇരയായ പെൺകുട്ടി ഉണർന്നത്. തനിച്ചു സംസാരിക്കണമെന്നു പറഞ്ഞുകൊണ്ട് അയാൾ പെൺകുട്ടിയെ മുറിക്കു പുറത്തെത്തിക്കുകയും ശേഷം അയാളുടെ മുറിയലേക്ക് വലിച്ചിടുകയും മാനഭംഗം ചെയ്യുകയും ചെയ്തു. സംഭവദിവസം അയാളുടെ ഭാര്യയും സ്ഥലത്തില്ലായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിറ്റേന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയ പെൺകുട്ടി ഉണ്ടായ സംഭവങ്ങളെക്കുറിച്ച് കൂട്ടുകാരിയോട് തുറന്നു പറഞ്ഞു.ഉടൻ തന്നെ അവൾ സ്ഥലത്തെത്തുകയും കൂട്ടുകാരിയെയും അമ്മയെയും തന്റെ മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയും ഇരുവരോടുമൊപ്പം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആദ്യം ഉരുണ്ടു കളിച്ചെങ്കിലും പിന്നീട് അയാൾ കുറ്റസമ്മതം നടത്തി. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ മുറിയിലെത്തിയതെന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്. പ്രതിക്കെതിരെ മൂന്നുവകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.