ലൈംഗിക അതിക്രമം: സ്ത്രീകൾക്കു ട്രെയിനിൽ തന്നെ പരാതി നൽകാം

പ്രതീകാത്മക ചിത്രം.

ചെന്നൈ ∙ ട്രെയിനുകളിൽ ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന സ്ത്രീകൾക്ക് ഇനി ട്രെയിനിൽ തന്നെ പരാതി നൽകാം. തമിഴ്നാട്ടിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ സംസ്ഥാന റെയിൽവേ പൊലീസാണു പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ ട്രെയിനിൽ അക്രമത്തിനിരയാകുന്ന സ്ത്രീ പരാതി നൽകുന്നതിനായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പോകേണ്ട സ്ഥിതിയായിരുന്നു. ഈ അവസ്ഥയ്ക്കാണു മാറ്റം വരുന്നത്.

സ്ത്രീകൾക്കെതിരായ പീഡനക്കേസുകളിൽ കൂടുതൽ ഫലപ്രദമായ നടപടിയുണ്ടാകാൻ ഇതു സഹായിക്കുമെന്നു റെയിൽവേ പൊലീസ് എഡിജിപി സി.ശൈലേന്ദ്ര ബാബു പറഞ്ഞു. പുതിയ പദ്ധതി പ്രകാരം ട്രെയിനിൽ ഡ്യൂട്ടിയിലുള്ള ടിടിആർ, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ കൈവശം പരാതി എഴുതി നൽകാം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതായി വനിതാ പൊലീസ് പിന്നീട് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും ഈ സൗകര്യം ലഭ്യമാക്കും. 

ഇതുവഴി കൂടുതൽ സ്ത്രീകളെ പരാതി നൽകാൻ പ്രേരിപ്പിക്കുകയാണു ലക്ഷ്യം. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയാണു കേസ് രജിസ്റ്റർ ചെയ്യുക. എന്നാൽ, ഇര ഒരിക്കൽപോലും പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. പരാതിക്കാരി മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തേണ്ട ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു. 

ഉത്തരേന്ത്യയിൽ നിന്നു തമിഴ്നാട്ടിലേക്കുള്ള ട്രെയിനുകളിൽ യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾക്കു തമിഴ്നാട്ടിൽ എവിടെയും കേസ് റജിസ്റ്റർ ചെയ്യാം. എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം ഇതു ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് അന്വേഷണത്തിനായി കൈമാറും. തമിഴ്നാടിന്റെ മാതൃക പിന്തുടർന്നു ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ്.