അവൾക്കുമുണ്ട് ആത്മാഭിമാനം

മാനഭംഗക്കേസുകൾ ഒത്തുതീർപ്പാക്കാൻ കോടതികൾ നിർദേശിക്കുന്നതു ശരിയല്ലെന്ന പരമോന്നത നീതിപീഠത്തിന്റെ വിധി സ്ത്രീത്വത്തെ അങ്ങേയറ്റം മാനിച്ചുകൊണ്ടുള്ള ഒന്നാണ്. പീഡനത്തിനിരയായി ഗർഭിണിയാവുന്ന സ്ത്രീകൾ ചുരുക്കം ചില കേസുകളിൽ അവരുടെ ഗതികേടുകൊണ്ടു പ്രതിയെ വിവാഹം ചെയ്യാൻ സമ്മതിച്ചെന്നുവന്നേക്കാം. കാമുകനാൽ ‘പീഡനം’ നേരിടേണ്ടിവരുന്ന സ്ത്രീകൾക്കാണു പലപ്പോഴും അതു വേണ്ടിവരിക.

എന്നാൽ, അതു ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സംഭവിക്കുന്നതാണ്. അതൊരിക്കലും നിയമതത്വമെന്ന നിലയ്ക്കു പിൻതുടരാവുന്നതോ അംഗീകരിക്കാവുന്നതോ അല്ല.

മാനഭംഗത്തിന് ഇരയായ സ്ത്രീ പ്രതിയുമായി ഒത്തുതീർപ്പുണ്ടാക്കണമെന്നു പറയുന്നത് അവരുടെ അന്തസ്സിനെ ചോദ്യംചെയ്യുന്ന നടപടിയാണെന്നാണു മധ്യപ്രദേശിലെ കേസിൽ സുപ്രീം കോടതി പറഞ്ഞത്. കഴിഞ്ഞയാഴ്ച മദ്രാസ് ഹൈക്കോടതിയും പീഡനക്കേസിൽ മധ്യസ്ഥതാസാധ്യത തേടിയതു വാർത്താപ്രാധാന്യം നേടിയിരുന്നു. തന്നെ മാനസികമായും ശാരീരികമായും തകർത്തെറിഞ്ഞ പീഡകനൊപ്പം ജീവിതകാലം മുഴുവൻ കഴിയേണ്ടിവരുന്നതിലും വലിയൊരു ശിക്ഷ സ്ത്രീക്കു കിട്ടാനില്ല. അതും അയാൾ സ്ത്രീപീഡനം തൊഴിലാക്കി നടക്കുന്ന ഒരാളാണെങ്കിലോ?

മാനഭംഗക്കേസുകൾ ഒത്തുതീർക്കാമെന്നുവന്നാൽ കാലക്രമേണ അതൊരു കുറ്റമല്ലാതെവന്നേക്കാം. ‘മാനഭംഗം സ്ത്രീയുടെ ദേഹത്തു പറ്റിയ അഴുക്കാണ്, അതു കഴുകിക്കളയാ’മെന്നെല്ലാം ഉപദേശിക്കാമെങ്കിലും ഇരയെ സംബന്ധിച്ചിടത്തോളം മനസ്സിനെയും ശരീരത്തെയും കൊല്ലുന്നതാണത്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്തു വെട്ടിപ്പരുക്കേൽപ്പിച്ചാൽ പരുക്ക് ഉണങ്ങുമ്പോൾ ആ സംഭവം മറക്കാനും പൊറുക്കാനും കഴിഞ്ഞെന്നിരിക്കും. മാനഭംഗം അതുപോലെയല്ല. പ്രതിയെ മുഖാമുഖം കാണുന്നതുതന്നെ ഇരയെ സംബന്ധിച്ചിടത്തോളം കടുത്ത ശിക്ഷയാണ്. ആ അവസ്ഥയിൽ അയാളുമായി സന്ധിസംഭാഷണത്തിനു പോകണമെന്ന അവസ്ഥ ആത്മഹത്യാപരമല്ലേ? അങ്ങനെ നിഷ്കർഷിക്കുന്നത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്ത്രീയുടെ മൗലികാവകാശത്തിന്റെ കടുത്ത ലംഘനമല്ലേ?

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ നേരിടേണ്ടിവരുന്ന ഏറ്റവും കൊടിയ പീഡനമാണു മാനഭംഗം. അതു മധ്യസ്ഥതയിലൂടെ തീർക്കാമെന്നുവന്നാൽ സ്ത്രീകൾക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങളുടെ അവസ്ഥ എന്താവും? ഏതു കൊടുംക്രൂരനും മാനഭംഗത്തിനുശേഷം കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പു നേടാമെന്നായാൽ സ്ത്രീകളുടെ ഗതിയെന്താവും?

ഇരകളെ മറന്നുകൊണ്ടും പ്രതികളുടെ മനുഷ്യാവകാശത്തിന് ഉൗന്നൽ നൽകിക്കൊണ്ടും ‘ഗോവിന്ദച്ചാമി’മാരെ തടിച്ചുകൊഴുക്കാൻ വിടുന്ന സാഹചര്യം ഒരു സമൂഹത്തിനും നന്നല്ല. മധ്യസ്ഥത നല്ല സംവിധാനമാണെങ്കിലും ചുരുക്കം ചില കേസുകളിലെങ്കിലും, പ്രത്യേകിച്ചു സ്ത്രീകളെ സംബന്ധിക്കുന്നവയിൽ അവരെ അധിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ അനുവദിച്ചുകൂടാ. പതിനഞ്ചുകാരിയെ മാനഭംഗം ചെയ്ത കേസിൽ മധ്യസ്ഥത, വിവാഹം എന്നെല്ലാമുള്ള സാധ്യതകൾ ആരായുമ്പോൾ, എഴുപതുകാരിയെ മാനഭംഗം ചെയ്യുന്ന പതിനഞ്ചുകാരന്റെ കാര്യത്തിൽ എന്തു നിലപാടെടുക്കും? പ്രതിക്കു വേറെ ഭാര്യയും മക്കളുമുണ്ടെങ്കിൽ അവിടെ മാധ്യസ്ഥ്യത്തിന് എന്തു പ്രസക്തി? രണ്ടുവയസ്സുകാരിപോലും ബലാൽസംഗം ചെയ്യപ്പെടുന്ന നാടാണിതെന്നു നാം മറന്നുകൂടാ.

(കേരള ഹൈക്കോടതിയിൽ അഭിഭാഷകയാണു ലേഖിക)