ജീവിതം വെട്ടിപ്പിടിച്ച മാളുവിനെ വെട്ടിലാക്കി സർട്ടിഫിക്കറ്റുകൾ

മാളു ഷെയ്ക്ക.

കഠിനപാതകൾ ഒറ്റയ്ക്കു താണ്ടി വിജയം വരിച്ച മാളു ഷെയ്ക്ക യെന്ന പെൺകുട്ടി സ്വന്തം സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമായി വലയുന്നു. അവയിലെ ഗുരുതരമായ പിശകുകൾ അവളുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു. പേരും ജനനത്തീയതിയും മാതാപിതാക്കളുടെ പേരുമെല്ലാം വ്യത്യസ്തമാ യി രേഖപ്പെടുത്തിയ സർട്ടിഫിക്ക റ്റുകളാണു മാളുവിനുള്ളത്. സിവിൽ സർവീസ് സ്വപ്നവുമായി കഴിയുന്ന മാളുവിനു ധാരാളം പേർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



എന്നാൽ ഇതൊന്നും സ്വീകരിക്കാനാകാത്ത അവസ്ഥയിലാണ് ഈ യുവതി. മാതാപിതാക്കൾ പിരിഞ്ഞതോടെയാണു മാളു അനാഥയായത്. ജനന സർട്ടിഫിക്കറ്റിലെ പേരും തീയതിയുമല്ല മാളുവിനെ ബെംഗളൂരുവിൽ സ്കൂളിൽ ചേർത്തപ്പോൾ രേഖപ്പെടുത്തിയത്. അമ്മ മതം മാറിയതുകൊണ്ട് അവിടെ മാളുവിന്റെ പേരും മാറ്റി. അമ്മ വീണ്ടും വിവാഹിതയായതിനാൽ പിതാവിന്റെ പേരിലും മാറ്റം വരുത്തി. പിൽക്കാലത്തു പാസ്പോർട്ടിനും ഡ്രൈവിങ് ലൈസൻസിനുമൊക്കെ വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ വച്ച് അപേക്ഷിച്ചതോടെ ഈ രേഖകളിലും പല വിവരങ്ങളായി.  


മലയാള മനോരമ ഞായറാഴ്ചയിൽ മാളുവിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചതോടെ നടൻ മമ്മൂട്ടിയടക്കം ഒട്ടേറെപ്പേർ സഹായിക്കാനായി മുന്നോട്ടുവന്നു. ‘വി ഫോർ മാളു’ എന്ന ഫെയ്സ് ബുക് കൂട്ടായ്മയും ഒപ്പമുണ്ട്.



തന്നെ കാണാനെത്തിയ അഡിഷനൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിർദേശപ്രകാരം മാളു എറണാകുളം കലക്ടറേറ്റിൽ രേഖകൾ ശരിയാക്കാനായി െചന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നു ബെംഗളൂരുവിലെ ഐഎഎസ് ഉദ്യോഗസ്ഥനും ദേശീയ ആരോഗ്യമിഷൻ എംഡിയുമായ രത്തൻ ഖേൽക്കർ വഴി അവിടത്തെ സ്കൂളിലും ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

സർക്കാർ വിചാരിച്ചാൽ മാളുവിന്റെ സർട്ടിഫിക്കറ്റുകൾ എളുപ്പം ശരിയാക്കാനാകുമെന്നു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.