''അതുകേട്ടു വിഷമിച്ചിരിക്കുമ്പോഴായിരിക്കും അര്‍ധരാത്രിയിൽ സംവിധായകന്റെ ഫോണ്‍വിളി''

തുറന്നുപറച്ചിലുകളുടെ കൊടുങ്കാറ്റില്‍ ഹോളിവുഡ് ആടിയുലയുകയും പ്രമുഖര്‍ മാപ്പുപറഞ്ഞു തടി തപ്പുകയും ചെയ്യുമ്പോള്‍ ഒരു സംശയം തോന്നാം. ഇതു ബോളിവുഡിനും ബാധകമല്ലേ. ആ സംശയം തോന്നുന്നവര്‍ക്ക് മറുപടിയുമായി വന്നിരിക്കുന്നു ബോളിവുഡ് നടി കല്‍കി കേക്‌ല‍. വെളിപ്പെടുത്തുന്നയാള്‍ പ്രമുഖയല്ലെങ്കില്‍ ആരും ശ്രദ്ധിക്കാനുണ്ടാകില്ല. സെലിബ്രിറ്റിയാണെങ്കിലോ എല്ലാ കണ്ണുകളും തേടിവരും- ബിബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കല്‍കി പറയുന്നു. 

ലൈംഗിക പീഡനങ്ങളെക്കുറിച്ചു തുറന്നുപറയുക അത്ര എളുപ്പമല്ല. വളരെ പ്രയാസകരമാണത്. വലിയ സമ്മര്‍ദമുള്ളതും. കാരണം തുറന്നുപറയുന്നതോടെ നഷ്ടപ്പെടുന്നതു കരിയര്‍ ആയിരിക്കും. ഉടയുന്നതു വിഗ്രഹങ്ങള്‍ ആയിരിക്കും. മാനസിക തകര്‍ച്ചയും വളരെ വലുതാണ്. ആ നിമിഷങ്ങളിലെ വൈകാരിക സമ്മര്‍ദം അസഹനീയം. 

ജീവിതത്തില്‍ തനിക്കു നേരിട്ട അപമാനങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും നേരത്തെതന്നെ തുറന്നുപറഞ്ഞിട്ടുള്ള കല്‍കി അറിയപ്പെടുന്ന ഫെമിനിസ്റ്റ് കൂടിയാണ്. പീഡനങ്ങള്‍ സര്‍വസാധാരണമാണെന്നു പറയുന്നു കല്‍കി. അതുകൊണ്ടുന്നെ പെണ്‍കുട്ടികളും സ്ത്രീകളും അതുമായി പൊരുത്തപ്പെട്ടുതുടങ്ങി. പുരുഷന്‍മാരാകട്ടെ മാനഭംഗത്തിന്റെ ഗൗരവത്തെക്കുറിച്ച് ഇപ്പോഴും ബോധവാന്‍മാരായിട്ടുമില്ല- കല്‍കി പറയുന്നു. 

പീഡനം നിശ്ശബ്ദം സഹിക്കുന്ന എത്രയോപേരെ ബോളിവുഡില്‍ എനിക്കറിയാം. പ്രത്യേകിച്ചും തുടക്കക്കാര്‍. ആദ്യമാദ്യം  ചില കമന്റുകള്‍. തടി കൂടുതലാണെന്നും മറ്റും. വിഷമിച്ചിരിക്കുന്ന തുടക്കക്കാരിയെത്തേടി അര്‍ധരാത്രി രണ്ടുമണിക്ക് സംവിധായകന്റെ ഫോണ്‍വിളി. ഇതൊന്നും ആരും  വാര്‍ത്തയാക്കുന്നില്ല. ആരും ഗവേഷണവും നടത്തുന്നില്ല ഈ വിഷയത്തെക്കുറിച്ച്. കാരണം പരാതിക്കാരി ആരും അറിയുന്നവരല്ല. അജ്ഞാത. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാ സ്ത്രീകളും അപമാനിക്കപ്പെടുന്നുണ്ട്. ആരും തുറന്നുപറയുന്നില്ലെന്നു മാത്രം. 

ബസില്‍വച്ചോ ട്രെയിനില്‍വച്ചോ ഉണ്ടാകുന്ന ഒരു സ്പര്‍ശം, ആരെങ്കിലും അത് ഓര്‍ത്തുവയ്ക്കാറുണ്ടോ. അതുപോലെയായിരിക്കുന്നു പീ‍ഡനവും. കുട്ടിയായിരുന്നപ്പോള്‍ എനിക്കും നേരിടേണ്ടിവന്നു പീഡനം. പീന്നീട് ഞാനതു തുറന്നുപറഞ്ഞപ്പോള്‍ അതു വലിയ വാര്‍ത്തയായി. കാരണം ഞാന്‍ അറിയപ്പെടുന്ന നടിയാണ്. പിന്നീടതു വേണ്ടെന്നു ഞാന്‍ തീരുമാനിച്ചു. കാരണം അന്നത്തെ വൈകാരിക വിക്ഷോഭം തന്നെ. മാനസികാഘാതം. അതു ഭീകരമായിരുന്നു. ഓരോ ദിവസവും ഞാന്‍ അനുഭവിക്കുന്നുണ്ട് പീഡനങ്ങള്‍. ഈ വേഷം തന്നെ നോക്കൂ. ഞനെന്തിന് ഇത് അണിയണം. ഇത് കഥയ്ക്കു യോജിക്കുന്നതാണോ. കഥാപാത്രം ആവശ്യപ്പെടുന്നതാണോ. 

എന്റെ അഭിപ്രായത്തില്‍ എന്നും എപ്പോഴും എല്ലാവരെയും പിന്തുണയ്ക്കാന്‍ ഒരു ഗ്രൂപ്പ് വേണം. സുഹൃത്തുക്കളാകാം. ബന്ധുക്കളാകാം. സഹപ്രവര്‍ത്തരാകാം. സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ ആരോഗ്യകരമായ സംവാദം വേണം. ചര്‍ച്ച വേണം. പരസ്പരം എതിര്‍ത്തുകൊണ്ടല്ല. തുറന്നുപറഞ്ഞുകൊണ്ട്. അതു വളരെ പ്രധാനമാണ്- കല്‍കി പറയുന്നു.