ആക്രമിച്ചവർ കൊച്ചുമക്കളെപ്പോലെ; 81–ാം വയസ്സിലും നന്മ കൈവിടാതെ മുത്തശ്ശി

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

2016  ഡിസംബറില്‍ ആയിരുന്നു ആ സംഭവം. റോഷെൽ റിക്കി സ്‌പെക്ടര്‍( Rochelle Rikki Spector) എന്ന എണ്‍പത്തിയൊന്നുവയസ്സുകാരി തന്റെ പാര്‍ക്കിങ് ഗാരേജില്‍ വച്ച്  ആക്രമണത്തിന് ഇരയായി. പതിനാറും പതിനാലും വയസുള്ള രണ്ടു ആണ്‍കുട്ടികളാണ് സ്‌പെക്ടറുടെ കാര്‍ മോഷ്ടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തില്‍ ആ വൃദ്ധയെ മര്‍ദ്ദിച്ച് അവശയാക്കിയത്. 

ബാല്‍ട്ടിമോറെ നഗരത്തിലെ കൗണ്‍സില്‍വിമന്‍ കൂടിയാണ് സ്‌പെക്ടര്‍. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരെയും വളരെയധികം ചിന്തിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത സംഭവമായിരുന്നു അത്. ഒരു വൃദ്ധയെ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികള്‍ മര്‍ദ്ദിച്ച് അവശയാക്കുക.. നമ്മുടെ ലോകത്തിന് എന്താണ് സംഭവിച്ചത്.. നമ്മുടെ കുട്ടികളെന്തേ ഇങ്ങനെ? 

സ്വഭാവികമായും ആളുകള്‍ നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും പോലീസ് കേസെടുക്കുകയും ചെയ്തു. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ്  സ്‌പെകടറില്‍ നിന്നുണ്ടായത് ആ കുട്ടികളെ ലോക്കപ്പിലടയ്ക്കുന്നതിന് പകരം അവര്‍ക്കു വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും..? കാരണം അവര്‍ നമ്മുടെ കുട്ടികളാണ്. നാം ജീവിക്കുന്ന ഈ ലോകത്ത് തന്നെയാണ് അവരും ജീവിക്കുന്നത്. നമ്മുടെ സ്‌പെയ്‌സ് നാം അവര്‍ക്കുവേണ്ടികൂടി പങ്കുവയ്ക്കണം. അതായിരുന്നു സ്‌പെക്ടറുടെ നിലപാട്. 

മറ്റുള്ളവരെ ആദരിക്കാനും അവരെ ഉപദ്രവിക്കാതിരിക്കാനുമാണ് നാം  കുട്ടികളെ പഠിപ്പിക്കേണ്ടത്. ഉദ്യോസ്ഥരോടായി അവര്‍ പറഞ്ഞു. എണ്‍പത്തിയൊന്നുകാരിയായ ആ സ്ത്രീ തന്നെ ആക്രമിച്ച കുട്ടികളോട് ക്ഷമിച്ചുവെന്ന് മാത്രമല്ല അവരെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുകയും ചെയതതാണ് നാം പിന്നീട് കാണുന്നത്. 

മറ്റുള്ളവരോട് കരുണ കാണിക്കുക. ദ്രോഹിക്കുന്നവരോടും ക്ഷമിക്കുക. യഹൂദ വിശ്വാസിയായ സ്‌പെക്ടര്‍ പറയുന്നു. ഒരു മുത്തശ്ശിയുടെ സ്‌നേഹവാത്സല്യങ്ങളാണ് സ്‌പെക്ടര്‍ ആ കുട്ടികള്‍ക്ക് നൽകിയത്. അവരോട് മുത്തശ്ശി ക്ഷമിച്ചുവെങ്കിലും പോലീസിനും കോടതിക്കും അതിന്റേതായ വഴികളുണ്ടായിരുന്നു. ആക്രമണത്തിന്റെ വിചാരണ 2017 ജനുവരിയില്‍ ആരംഭിച്ചു. തനിക്ക് ഈ കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. പക്ഷേ ജൂവനൈല്‍ ഹോമിലേക്ക് രണ്ടു മാസത്തെ പുനരധിവാസത്തിനായാണ് കോടതി അവരെ പറഞ്ഞയച്ചത്.

ഇരുവരും സ്‌പെക്ടറെ കെട്ടിപ്പിടിച്ച് കരഞ്ഞ് യാത്രയായി. മക്കളെ യാത്ര അയ്ക്കുന്ന അതേ വാത്സല്യത്തോടും സ്നേഹത്തോടും സ്പെക്ടര്‍ അവര്‍ക്ക് നേരെ കരം വീശി. പോയിവരിക. നന്നായി വരിക. ഇതാ ഇവിടെ ഞാന്‍ നിങ്ങളെ കാത്തുനില്ക്കുന്നുണ്ട്.

പതുക്കെ പതുക്കെ കുട്ടികളുടെ മനോഭാവത്തില്‍ പ്രകടമായ മാറ്റം വന്നുതുടങ്ങി. കൗമാരക്കാരായ ആണ്‍കുട്ടികള്‍ വഴിതെറ്റാനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള സ്‌പെക്ടറുടെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന പല കാര്യങ്ങളും വ്യക്തമായി. പല കുട്ടികളും മയക്കുമരുന്നിന്റെ കച്ചവടക്കാര്‍ മുതല്‍ ലൈംഗികതൊഴിലാളികളായി വരെ ജീവിക്കാനായി വേഷം കെട്ടുന്നുണ്ടായിരുന്നു. ജീവിതസാഹചര്യങ്ങളാണ് കുട്ടികളുടെ ജീവിതങ്ങളെ ഇങ്ങനെ അധമവഴികളിലേക്ക് ചിതറിച്ചുകളഞ്ഞതെന്ന് അവര്‍ക്ക് മനസ്സിലായി. ഈ കുട്ടികളെയെല്ലാം രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ ചില സന്നദ്ധസംഘടനകളുടെ പിന്‍ബലത്തോടെ സ്‌പെക്ടര്‍ തുടങ്ങി. 

അനേകരിലേക്ക് സ്‌പെക്ടറുടെ സേവനപ്രവര്‍ത്തങ്ങള്‍ വെളിച്ചമായും കാരുണ്യമായും ഒഴുകിയിറങ്ങുകയായിരുന്നു. സ്‌പെക്ടറെ ആക്രമിച്ചതിന്റെ ഒന്നാം വാര്‍ഷികം ചടങ്ങുകളോടെയാണ് ആഘോഷിച്ചത്. അത് ആക്രമണത്തിന്‍റെ വെറും ആഘോഷമായിരുന്നില്ല മറിച്ച് നന്മയിലേക്ക് ശത്രുവിനെ കൈപിടിച്ച് നടത്തിച്ചതിന്‍റെയും ആ ജീവിതത്തില്‍ വിളക്ക് കൊളുത്തിയതിന്‍റെയും ആഘോഷമായിരുന്നു. അതുകൊണ്ട്  ബാള്‍ട്ടിമോറയിലെ സിനഗോഗില്‍ നടന്ന ആ ചടങ്ങില്‍  അവര്‍ക്കൊപ്പം പങ്കെടുക്കാന്‍ അക്രമിയായിരുന്ന പഴയ പതിനാലുകാരനുമുണ്ടായിരുന്നു.

സെപക്ടറുടെ കാരുണ്യത്തിന്റെയും ക്ഷമയുടെയും അനുഭവസാക്ഷ്യം ഇന്ന് പലരെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏതവസ്ഥയിലും ഏതു പ്രായത്തിലും നമുക്ക് മറ്റുള്ളവരുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കാന്‍ കഴിയും എന്ന അനുബന്ധം കൂടിയുണ്ട് സ്‌പെക്ടറുടെ ക്ഷമയുടെയും കാരുണ്യത്തിന്റെയും ഈ ജീവിതസാക്ഷ്യത്തിന്.