സംസ്കാരത്തിനു യോജിച്ച വേഷമല്ലെന്ന് പറഞ്ഞവരോട് പെൺകുട്ടിയുടെ മറുപടി

പ്രതീകാത്മക ചിത്രം.

ഹൈസ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ വാര്‍ഷിക ഒത്തുചേരലില്‍ നന്നായി വേഷം ധരിച്ചുവരണമെന്നേ കെസിയ ഡോം എന്ന പെണ്‍കുട്ടി ആഗ്രഹിച്ചുള്ളൂ. അമേരിക്കയില്‍ സാള്‍ട്ട് ലേക് സിറ്റിയില്‍ ഹൈസ്കൂള്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് കെസിയ.

അതിനുവേണ്ടി തിരഞ്ഞെടുത്തതാകട്ടെ അമേരിക്കയില്‍ അത്ര പ്രചാരത്തിലില്ലാത്ത ഒരു ചൈനീസ് വേഷം. പക്ഷേ വലിയ വിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് കെസിയയ്ക്കു നേരിടേണ്ടിവന്നത്. വേഷം സംസ്കാരത്തിനു യോജിച്ചതല്ല എന്ന മട്ടിലായിരുന്നു ഭൂരിപക്ഷം കമന്റുകളും. ഇതു വലിയൊരു ചര്‍ച്ചയ്ക്കും വഴി തെളിയിച്ചു. എന്താണു സംസ്കാരം. സംസ്കാരത്തിനു യോജിച്ച വേഷം എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നത് ? മറ്റൊരു രാജ്യത്തെ വേഷം ധരിക്കുന്നതു കുറ്റമാണോ. ആകര്‍ഷകമായി കാണപ്പെടുന്നതില്‍ തെറ്റുണ്ടോ. 

ആദ്യം വിമര്‍ശനങ്ങളാണ് എത്തിയതെങ്കിലും വൈകാതെ തന്നെ കെസിയയ്ക്കു പിന്തുണയുമായി അനേകം പേര്‍ എത്തി. ഇഷ്ടപ്പെട്ട വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്. സംസ്കാരത്തിനു യോജിച്ച വേഷം എന്നൊക്കെ പറയുന്നതു വില കുറഞ്ഞ വ്യാജ ആശയങ്ങളാണെന്നു സമര്‍ഥിച്ചുകൊണ്ട്. അവിടം കൊണ്ടും തീര്‍ന്നില്ല. 

‘വാര്‍ഷിക ഒത്തുചേരലില്‍ നിങ്ങള്‍ ധരിച്ച വേഷമല്ല ഞങ്ങളുടെ സംസ്കാരം' എന്ന വാചകത്തെ പരിഹസിച്ചുകൊണ്ട് ഈ വാചകം അടിക്കുറിപ്പായി ചേര്‍ത്ത് ട്വിറ്റര്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തതു നൂറുകണക്കിനു രസകരമായ ചിത്രങ്ങള്‍. വിചിത്രവും പൊട്ടിച്ചിരിപ്പിക്കുന്നതുമായ വേഷവിധാനങ്ങളാണ് ഓരോ ചിത്രത്തിലും. സാംസ്കാരിക വേഷം എന്ന ആശയത്തെ കണക്കിനു കളിയാക്കുന്ന ചിത്രങ്ങള്‍.വിചിത്രമായ ഓരോ വേഷവിധാനവും  കാണിച്ചിട്ടു ചോദ്യം ഉയരുകയാണ് -ഇതാണോ സംസ്കാരം ?