എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത്, ലിനിയെ മഹത്വവത്കരിക്കുന്നതിൽ തെറ്റില്ല: ദീപ നിശാന്ത്

നിപ വൈറസ് ബാധയേറ്റു മരണമടഞ്ഞ ലിനി എന്ന നഴ്സിനെക്കുറിച്ചും നഴ്സിങ് ജോലിയെ മഹത്വവത്കരിക്കുന്നതിനെക്കുറിച്ചും പോസിറ്റീവായും നെഗറ്റീവായും സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുന്നതിനിടെയാണ് അധ്യാപികയും  എഴുത്തുകാരിയുമായ ദീപാ നിശാന്ത് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. മരണശേഷം മാത്രം നഴ്സിങ് എന്ന ജോലിയെ വാഴ്ത്താനും നഴ്സുമാരെ മാലാഖമാരെന്നു വിളിക്കാനും മിടുക്കു കാട്ടുന്നവർ എന്തുകൊണ്ട് അവർക്ക് അവർ ജീവിച്ചിരിക്കുന്ന സമയത്ത് അർഹിക്കുന്ന അംഗീകാരവും ബഹുമാനവും നൽകുന്നില്ലെന്നു ചോദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രതിഷേധങ്ങൾക്കുള്ള മറുപടിയാണ് ദീപാ നിശാന്തിന്റെ കുറിപ്പ്.

ലിനിയെ മഹത്വവത്കരിക്കുന്നതിൽ തെറ്റില്ലെന്നും കേവലം ഒരു തൊഴിലായി മാത്രം കണ്ട് അവരുടെ സേവനങ്ങളെ അധിക്ഷേപിക്കരുതെന്നും പറഞ്ഞുകൊണ്ട് ദീപാ നിശാന്ത് എഴുതിയ കുറിപ്പിങ്ങനെ :- 

''മരിച്ചു കിടക്കുമ്പോൾ പോലും, "എനിക്കാരുണ്ട്?'', ''ഞങ്ങൾക്കാരുണ്ട്?'', എന്ന നിലവിളികൾ മാത്രമേ മരണവീട്ടിൽ നിന്നും കേട്ടിട്ടുള്ളൂ.. ഒറ്റക്കൊരാൾ ഈ ഭൂമിയിൽ നിന്നും കടന്നു പോകുമ്പോൾ, അയാൾക്കാരുണ്ട് ? എന്ന ആകുലതയൊന്നും നിലവിളികളിൽ കാണാറില്ല... ലിനി വ്യത്യസ്തയാകുന്നതും അവിടെയാണ്. തന്റെ അസാന്നിധ്യത്തെ പ്രിയപ്പെട്ടവർ എങ്ങനെ മറികടക്കുമെന്ന വേവലാതി... അവർ തനിച്ചാകരുതെന്ന കരുതൽ... എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത്.. മരണമടുത്തെത്തുമ്പോഴും, അത് തിരിച്ചറിയുമ്പോഴും ഇത്ര സമചിത്തതയോടെ അതിനെ നേരിടാൻ എല്ലാവർക്കും കഴിയണമെന്നില്ല..

വേണ്ടത്ര മുൻകരുതലില്ലാത്തതു കൊണ്ടാണ് ലിനി മരണപ്പെട്ടത്, അതിനെ മഹത്വവത്കരിക്കേണ്ടതില്ല എന്നൊക്കെയുള്ള മഹദ്വചനങ്ങൾ കണ്ടു.. നഴ്സിങ്ങ് വേതനമുള്ള തൊഴിൽ മാത്രമാണ്, സേവനമല്ല എന്ന വാക്കുകളും കേട്ടു. ലിനിയുടെ മരണം മഹത്വവത്കരിക്കേണ്ട ഒന്നു തന്നെയാണ്. ലിനിയെപ്പോലുള്ളവരുടെ സേവനത്തെ ' വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി 'അധിക്ഷേപിക്കരുത്. നഴ്സിങ്ങിനെ ഒരു മോശം തൊഴിലായി കാണുന്ന നിരവധി പേർ നമ്മുടെ നാട്ടിലിപ്പോഴുമുണ്ട്. നഴ്സുമാരുടെ "കൊടുംക്രൂരതകളെപ്പറ്റി " വിഡിയോ ഇറക്കിക്കളിക്കുന്നവരുണ്ട്. ഉറക്കം പോലുമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാരെയും ഡോക്ടർമാരേയും ചേർത്ത് ഗോസിപ്പ് കഥകളിറക്കി ആനന്ദമൂർച്ഛയടയുന്ന വികൃതജന്മങ്ങളുണ്ട്... അവരെപ്പോലുള്ളവരൊക്കെ തിരിച്ചറിയണം.. ഈ തൊഴിലിൻ്റെ മഹത്വം.. അതിന് അവരെ അൽപ്പം മഹത്വവൽക്കരിച്ചാലും തെറ്റില്ല!

സന്ദർഭവശാൽ അനിൽ പള്ളൂരിന്റെ വരികൾ കൂടി കൂട്ടിച്ചേർക്കുന്നു!

"കെട്ടിപ്പിച്ചു അസുഖം മാറ്റുന്ന അമ്മമാരോടും 

ഓതിയ വെള്ളം അണ്ണാക്കിൽ ഒഴിച്ച് അസുഖം മാറ്റുന്ന സിദ്ധന്മാരോടും 

കെട്ടിപിടിച്ചു സ്തോത്രം പറഞ്ഞു രോഗശമനം നൽകുന്ന പാസ്റ്റർമാരോടും 

നിപ വൈറസ് ബാധയേറ്റ രോഗികളുടെ അടുത്തു പോയി അസുഖം ഭേദമാക്കാൻ അവരുടെ അനുയായികൾ ഒന്ന് അഭ്യർത്ഥിക്കണം ...പ്ലീസ്"