23–ാം വയസ്സിൽ വിധവ, പിന്നെ സൈന്യത്തിൽ ചേർന്നു; ക്യാപ്റ്റൻ ശാലിനിയുടെ അസാധ്യ കഥ

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

വിവാഹം പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്കു വിലങ്ങിടുന്നതിന്റെ അനുഭവങ്ങൾ ഏറെയെണ്ടെങ്കിലും 19–ാം വയസ്സിലെ വിവാഹം ശാലിനിയെ നയിച്ചത് ഉയർച്ചയിലേക്ക്. ശാലിനി വിവാഹം കഴിച്ചതു മേജർ അവിനാശ് സിങ്ങിനെ. സ്വപ്നങ്ങളുടെ വഴിയിൽ താങ്ങും തണലുമായിരുന്നു ശാലിനിക്ക് അവിനാശ്. സ്നേഹത്താലും പിന്തുണയാലും അനുഗ്രഹിക്കപ്പെട്ട വിവാഹജീവിതം. 

ശാലിനി വിദ്യാഭ്യാസം തുടർന്നു; കുടുംബജീവിതത്തിനൊപ്പം. രണ്ടുവർഷത്തിനുശേഷം ദമ്പതികൾക്ക് ഒരു ആൺകുഞ്ഞും പിറന്നു. അക്കാലത്ത് അവിനാശിനു കശ്മീരിലേക്കു മാറ്റമായി. പരസ്പരം പിരിഞ്ഞിരിക്കാനാകാത്ത ദമ്പതികൾക്കിടയിൽ വേർപാടിന്റെയും വിരഹത്തിന്റെയും നീണ്ട ഇടവേളകൾ. പക്ഷേ, സ്നേഹം എല്ലാ തടസ്സങ്ങളെയും അതിജീവിക്കുമെന്ന് അവർ ജീവിതത്തിലൂടെ തെളിയിച്ചു. 

മൊബൈൽ ഫോൺ പ്രചാരത്തിലായിട്ടില്ലാത്ത കാലം. ഫോണിലൂടെ പരസ്പരം സംസാരിക്കണമെങ്കിൽ അനേകം ആർമി എക്സ്ചേഞ്ചുകളിലൂടെ ലൈൻ ശരിയായിക്കിട്ടണം. മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്. ഫോൺ കൃത്യമായി കണക്റ്റ് ചെയ്തു കിട്ടിയാൽ ഒരു യുദ്ധം ജയിച്ച പ്രതീതി. മകന്റെ കൊഞ്ചലും കളിചിരിയുമെല്ലാം എത്രതവണ ഫോണിലൂടെ കേട്ടാലും മതിയാകില്ലായിരുന്നു അവിനാശിന്. ഓരോ ഫോൺവിളിക്കും വേണ്ടി കാത്തിരുന്ന ആ ദിവസങ്ങളിൽ ജീവിതം ഒരു അദ്ഭുതമാണെന്നുതന്നെ തോന്നിപ്പോയി. സ്നേഹത്തിന്റെ ഉത്സവം. ആഴമേറിയ ബന്ധത്തിന്റെ ആഘോഷക്കാലം. 

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

അമ്മ, ഭാര്യ, വിദ്യാർഥി അനേകം റോളുകൾ വിജയകരമായി ഒരുമിച്ചുകൊണ്ടുപോകുകയായിരുന്നു അന്നു ശാലിനി. ഒടുവിൽ കശ്മീരിൽനിന്നെത്തിയ ഒരു ഫോൺകോൾ ജീവിതം മാറ്റിമറിക്കുന്നതുവരെ. 2001 സെപ്റ്റംബർ 28. അന്നാണ് ആ വിളി ശാലിനിയെ തേടിയെത്തിയത്. അവിനാശ് സിങ് ജോലി ചെയ്യുന്ന യൂണിറ്റിൽനിന്ന്. വെടിവെയ്പിൽ പരുക്കേറ്റ അവിനാശ് ജീവിതത്തിനുവേണ്ടി മല്ലിടുന്നു. അവിനാശ് സിങ് അംഗമായ 8 രാഷ്ട്രീയ റൈഫിൾസ് നാലു ഭീകരൻമാരെയാണ് കൊന്നത്. പക്ഷേ, പ്രത്യാക്രമണത്തിൽ മാരകമായി പരുക്കേറ്റു. ജീവിതത്തിനുവേണ്ടി നടത്തിയ പോരാട്ടത്തിനൊടുവിൽ 29–ാം വയസ്സിൽ രക്തസാക്ഷിത്വം. 

ശാലിനിക്ക് അന്ന് 23 വയസ്സ്. രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മ. ഭാര്യയ്ക്കു നഷ്ടപ്പെട്ടതു ഭർത്താവിനെ. മകനു നഷ്ടപ്പെട്ടതു പ്രിയപ്പെട്ട അച്ഛനെയും. 

ശരീരം നിശ്ചലമായതിനൊപ്പം മനസ്സും മരവിച്ചു. ജീവിതം മുഴുവൻ ഇരുട്ടു നിറയുന്നതുപോലെ. അനുശോചനസന്ദേശങ്ങളുമായി വരുന്നവരോട് എന്തു പറയണമെന്നുപോലും എനിക്കറിയില്ലായിരുന്നു.എനിക്കു ചുറ്റുമുള്ള ആളുകളെ ഞാന്‍ കാണുന്നുണ്ട്. അവരുടെ ചലനം അറിയുന്നുണ്ട്. പക്ഷേ, എല്ലാം ഒരു മൂടൽമഞ്ഞിലെന്നപോലെ. ഒന്നും യഥാർഥമല്ലെന്നു തോന്നിപ്പോയി. ജീവൻ നഷ്ടപ്പെട്ട ദിവസങ്ങൾ– അക്കാലത്തിന്റെ ഓർമയിൽ ശാലിനി പറയുന്നു. 

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ആ ഘട്ടത്തിൽ ഒരേയൊരു പ്രതീക്ഷയായിരുന്നു ശാലിനിക്കു മകൻ‌. ഒന്നും മനസ്സിലാകാതെ മടിയിൽ കിടന്നു കളിക്കുന്ന, ചിരിക്കുന്ന,  കൊഞ്ചുന്ന മകൻ. ജീവിതം മുന്നോട്ടുപോകണം. എങ്ങനെയെന്ന് ഒരു പിടിയുമില്ല. ശാലിനിയുടെ ഇരുട്ടുനിറഞ്ഞജീവിതത്തിൽ പ്രതീക്ഷയുടെ തിരി തെളിയിച്ചതു മകൻ ധ്രുവ്. ഭർത്താവിന്റെ ജീവൻ കവർന്ന സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു ശാലിനി. പക്ഷേ നടപടി ക്രമങ്ങൾ എങ്ങനയെന്ന് അറിയില്ല. ആരെ സമീപിക്കണമെന്നും.

'വീട്ടില്‍ ലാളിച്ചു വളര്‍ത്തപ്പെട്ട കുട്ടിയാണു ഞാൻ. ശാരീരികമായി ദുർബലയും. എങ്കിലും വീട്ടിൽവന്ന സൈനിക മേധാവികളോട് ഞാൻ സൈന്യത്തിൽ ചേരണമെന്ന ആഗ്രഹം അറിയിച്ചു– ശാലിനി പറയുന്നു. കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും പിന്തുണ കിട്ടിയെങ്കിലും പിന്തിരിപ്പിക്കാൻ ശ്രമിച്ചവരുമുണ്ടായിരുന്നു. ജോലി ലഭിക്കുന്നതുതന്നെ കഠിനം. പരിശീലനം അതിലും ബുദ്ധിമുട്ട്. വിദൂര സ്ഥലങ്ങളിൽ നിയമനം ഉണ്ടാകാം. കൂടാതെ ധ്രുവ് ചെറിയ കുട്ടിയും. പ്രതിസന്ധികളുണ്ടെങ്കിലും തീരുമാനം മാറ്റാൻ തയാറായില്ല ശാലിനി. മകൻ എന്നെപ്പോലോയാകാതെ ശക്തനായി വളരണമെന്നും ഞാനാഗ്രഹിച്ചു. എന്നെ തോൽപിക്കാൻ ശ്രമിക്കുന്ന ജീവിതത്തോട് പോരടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു'– ഉരുക്കുപോലെ ദൃഢമായ തീരുമാനത്തെക്കുറിച്ചു പറയുമ്പോൾ  ശാലിനിയുടെ വാക്കുകളിൽ കരുത്ത്. 

ബിരുദാനന്തര ബിരുദപഠനം  ഇടയ്ക്കുവച്ചു നിർത്തി ശാലിനി സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖത്തിനുവേണ്ടി പരിശീലനം തുടങ്ങി. 2001–ൽ അലഹാബാദിൽ ഒരാഴ്ച നീളുന്ന അഭിമുഖം. അവിനാശിനെ നഷ്ടപ്പെട്ടിട്ടു മൂന്നുമാസമേ ആയിരുന്നുള്ളൂ. മാതാപിതാക്കളും മകനുമായി ശാലിനി അഭിമുഖത്തിൽ പങ്കെടുത്തു. മകനെ അഭിമുഖം നടത്തുന്ന ക്യാംപസിലേക്കു പ്രവേശിപ്പിച്ചില്ല. ഇടയ്ക്കു കിട്ടുന്ന ഒഴിവുവേളകളിൽ പുറത്തെ പാർക്കിൽ കാത്തിരിക്കുന്ന മകന്റെ അരികിലേക്ക് ഓടിവരും ശാലിനി. വീണ്ടും ക്യാംപസിൽ അഭിമുഖത്തിന്റെ തിരക്കുകളിലേക്ക്. 

കഠിനപരിശ്രമങ്ങൾ പാഴായില്ല. അഭിമുഖത്തിൽ ശാലിനിക്കു വിജയം. വീണ്ടും കണ്ണുനീർ– ഇത്തവണ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും. ഒരാഴ്ച നീളുന്ന മെഡിക്കൽ ടെസ്റ്റാണു നിയമനത്തിലെ അടുത്തഘട്ടം. ഇത്തവണ മകനെ കൂടെ കൊണ്ടുപോകേണ്ടതില്ലെന്നു ശാലിനി തീരുമാനിച്ചു. ധ്രുവിനാകട്ടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിൽക്കാൻ സന്തോഷം. 

ആറുമാസത്തെ പരിശീലനം. ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ. പതിവു വേഷങ്ങളിൽനിന്നു മാറ്റം. സൈനിക യൂണിഫോം, ആർമി ബൂട്ട് കഠിനമായിരുന്നു പരിശീലനം. വന്യമായ സ്വപ്നങ്ങളിൽപ്പോലും സങ്കൽപിച്ചിട്ടില്ലാത്ത ശാരീരിക വിഷമതകളുടെ നാളുകൾ. പകലത്തെ പരിശീലനം പൂർത്തിയാക്കി രാത്രി മുറിയിലെത്തുമ്പോൾ കരയുന്ന നാളുകൾ. 2002 സെപ്റ്റംബർ 7. മേജർ അവിനാശിന്റെ ഒന്നാം ചരമവാർഷികത്തിനു മൂന്നു മാസം മാത്രം അകലെ. ശാലിനി ഇന്ത്യൻ ആർമിയിൽ കമ്മിഷൻഡ് ഓഫിസർ ആയി നിയമിതയായി. 

മരണാനന്തരം അവിനാശിനു കീർത്തിചക്ര ബഹുമതി ലഭിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൽനിന്ന് യൂണിഫോമിൽ ബഹുമതി ഏറ്റുവാങ്ങിയതു ശാലിനി. ആറുവർഷം സൈന്യത്തിൽത്തന്നെ തുടർന്നു ശാലിനി. മകൻ കൗമാരത്തിലെത്തിയപ്പോൾ സൈന്യത്തിൽനിന്നു പിരിഞ്ഞു ഡൽഹിയിൽ സ്ഥിരതാമസം. പക്ഷേ അപ്പോഴും ജീവിതത്തിൽ മുന്നിലെത്താനുള്ള ഓട്ടം മതിയാക്കിയിരുന്നില്ല അവർ. ക്ലാസിക് മിസ്സിസ് ഇന്ത്യ– ക്യൂൻ ഓഫ് സബ്സ്റ്റൻസ് കിരീടവും ശാലിനി സ്വന്തമാക്കി. 2017–ൽ . 

മകനു മികച്ച ഭാവിയാണ് എപ്പോഴത്തെയും എന്റെ ഏറ്റവും വലിയ ആഗ്രഹം. അവന്റെ അച്ഛൻ ആഗ്രഹിച്ചതുപോലെ ധ്രുവ് ഉയരങ്ങളിലെത്തണം.അങ്ങനെയായാൽ മാത്രമേ എന്റെ ത്യാഗങ്ങൾക്കു വിലയുള്ളൂ– ക്യാപ്റ്റൻ‌ ശാലിനി ഭാവിയെക്കുറിച്ചു പറയുന്നു.